Uncategorized

ബാങ്ക് അക്കൗണ്ടുകള്‍ വാടകയ്ക്ക് നല്‍കി തട്ടിപ്പ്: 18കാരന്‍ പിടിയില്‍, കുടുങ്ങിയത് നിരവധി വിദ്യാര്‍ത്ഥികള്‍

മലപ്പുറം: ബാങ്ക് അക്കൗണ്ടുകള്‍ വാടകയ്ക്ക് നല്‍കി ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ച 18കാരനെ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ചങ്ങരംകുളത്തും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ സൈബര്‍ തട്ടിപ്പ് കേസുകളില്‍ കുടുങ്ങിയതായാണ് വിവരം. പത്തിലധികം കേസുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികളുടെ സുഹൃത്തും ചിലരുടെ ബന്ധുവുമായ യുവാവാണ് അക്കൗണ്ടുകള്‍ സംഘടിപ്പിച്ച് തട്ടിപ്പിന് സഹായിച്ചതെന്നാണ് കണ്ടെത്തല്‍.

അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും വിശ്വസിപ്പിച്ച് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 10 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ എത്തിക്കുകയായിരുന്നു രീതി. തുടര്‍ന്ന് അക്കൗണ്ട് ഉടമകള്‍ക്ക് 5,000 മുതല്‍ 10,000 രൂപ വരെ കമ്മീഷന്‍ നല്‍കി പണം പിന്‍വലിച്ച് വാങ്ങും. തട്ടിപ്പ് പണമാണെന്ന കാര്യം അറിയാതെയാണ് പലരും അക്കൗണ്ടുകള്‍ കൈമാറിയതും പണം പിന്‍വലിച്ചു നല്‍കിയതും. എന്നാല്‍, പിന്നീട് ഈ പണമിടപാടുകള്‍ സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടതാണെന്ന് വ്യക്തമായതോടെ അക്കൗണ്ട് ഉടമകളും കേസുകളില്‍ പ്രതികളായി. ഇതോടെ നിരവധി വിദ്യാര്‍ത്ഥികളുടെ പഠനവും ഭാവിയും പ്രതിസന്ധിയിലായിരിക്കുകയാണ്. വിദേശയാത്രകള്‍ക്കും സര്‍ക്കാര്‍ ജോലികള്‍ക്കായുള്ള പരീക്ഷകള്‍ക്കും ഇത്തരം കേസുകള്‍ തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്.

തട്ടിപ്പ് പണത്തിന്റെ ഉറവിടം രാജസ്ഥാനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അവിടുത്തെ പൊലീസ് സംഘം ചങ്ങരംകുളത്തെത്തി അന്വേഷണം നടത്തിയത്. സംശയമുള്ളവരെ ചോദ്യം ചെയ്തതിനു പിന്നാലെ ചങ്ങരംകുളം പൊലീസും കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ആവശ്യപ്രകാരമാണെങ്കിലും സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ മറ്റുള്ളവരുടെ പണമിടപാടുകള്‍ക്കായി വിട്ടുനല്‍കുന്നത് ഗുരുതരമായ നിയമപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.ചെറിയൊരു കമ്മീഷന്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ അക്കൗണ്ട് കൈമാറുന്നത് വലിയ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുന്നതിന് ഇടയാക്കാം. ബാങ്ക് അക്കൗണ്ടിലൂടെ നടക്കുന്ന എല്ലാ ഇടപാടുകള്‍ക്കും അക്കൗണ്ട് ഉടമയും നിയമപരമായി ഉത്തരവാദിയാകേണ്ടിവരും. വിദ്യാര്‍ഥികള്‍ ഇത്തരം വാഗ്ദാനങ്ങളില്‍ വീഴരുതെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button