Uncategorized

ക്യാമ്പസിലെ പ്ലാവില്‍ നിന്ന് ചക്ക ഇടുന്നതിനിടെ കാല്‍ വഴുതി വീണു; എംഎസ്‌സി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ക്യാമ്പസിലെ പ്ലാവില്‍ നിന്ന് ചക്ക ഇടുന്നതിനിടെ കാല്‍ വഴുതി വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ബെംഗളൂരുവിലെ കാര്‍ഷിക ശാസ്ത്ര സര്‍വകലാശാലയ്ക്ക് കീഴിലുള്ള ഗാന്ധി കൃഷി വിജ്ഞാന കേന്ദ്രത്തിലെ ക്യാമ്പസിലാണ് സംഭവം. അവസാന വര്‍ഷ എംഎസ്‌സി അഗ്രിക്കള്‍ച്ചര്‍ വിദ്യാര്‍ത്ഥിയായ ആകാശ് കെ ആണ് മരിച്ചത്. 24 വയസായിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ 1.30ഓടെയാണ് സംഭവം നടന്നത്. ആകാശും സുഹൃത്തുക്കളായ ഹസന്‍ ബാഷ, പ്രശാന്ത് എന്നിവരും ചേര്‍ന്ന് ക്യാമ്പസിലെ ഞാവല്‍ മരത്തില്‍ നിന്ന് ഞാവല്‍ പറിക്കുന്നതിന് ഇറങ്ങിയതായിരുന്നു. ഞായല്‍പഴം ശേഖരിച്ച് തിരിച്ചുവരുന്നതിനിടെ പ്ലാവ് കാണുകയും ചക്ക ഇടാന്‍ തീരുമാനിക്കുകയുമായിരുന്നു. ആകാശായിരുന്നു പ്ലാവില്‍ കയറിയത്. ഇതിനിടെ കാല്‍ വഴുതി ആകാശ് നിലത്ത് വീഴുകയായിരുന്നു.വീഴ്ചയില്‍ ആകാശിന്റെ തലയ്ക്കും തോളെല്ലിനും സാരമായ പരിക്കേറ്റു. ഉടന്‍ തന്നെ ഒപ്പമുണ്ടായിരുന്നവര്‍ സഹപാഠികളെ വിവരം അറിയിക്കുകയും ആകാശിനെ യെലഹങ്ക സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. നില ഗുരുതരമായതോടെ ആകാശിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ പിന്നീട് മരണം സംഭവിക്കുകയായിരുന്നു. ആകാശിന്റെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ യെലഹങ്ക പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button