മധ്യഗസയില്‍ ഇസ്രയേലിന്റെ വന്‍ സൈനിക നടപടി; 2025 ഒക്ടോബറിലെ വെടിനിര്‍ത്തലിന് ശേഷം ഇതാദ്യം

മധ്യഗസയില്‍ ഇസ്രയേലിന്റെ വന്‍ സൈനിക നടപടി. 2025 ഒക്ടോബറിലെ വെടിനിര്‍ത്തലിനുശേഷം ഇസ്രയേല്‍ മധ്യഗസയില്‍ കനത്ത ആക്രമണം അഴിച്ചുവിടുന്നത് ഇതാദ്യമായാണ്. ഹമാസിന്റെ ടണലുകളെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. മധ്യഗസയിലെ പല അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്നും പലസ്തീനികള്‍ പലായനം ചെയ്യുകയാണ്. ഇസ്രയേലില്‍ ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരണത്തിന് പ്രസിഡന്റ് ഐസക് ഹെര്‍സോഗ് സമയം നല്‍കിയിരിക്കെയാണ് ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാരിന്റെ പുതിയ നടപടി. ആക്രമണത്തിന് മുമ്പ് സാധാരണ ജനങ്ങളോട് ഒഴിഞ്ഞുപോകാനുള്ള യാതൊരു മുന്നറിയിപ്പുകളും നല്‍കിയിരുന്നില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. മഗാസി, ബുറെയ്ജ് എന്നിവയുടെ കിഴക്കന്‍ ഭാഗങ്ങളിലുള്ളവരും സലാഹ് അല്‍-ദിന്നിനോട് അടുത്ത പ്രദേശങ്ങളിലുള്ളവരും ഇപ്പോള്‍ ക്യാമ്പുകള്‍ വിട്ട് ഒഴിഞ്ഞുപോകുകയാണെന്നും പ്രദേശത്ത് സ്‌ഫോടന ശബ്ദങ്ങള്‍ കേള്‍ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
നുസൈറാത്ത് അഭയാര്‍ഥി ക്യാമ്പും ബുറെയ്ജിന് ക്യാമ്പും സലാഹ് അല്‍-ദിന്‍ തെരുവും സമീപ പ്രദേശങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മൂന്ന് മരണങ്ങള്‍ സംഭവിച്ചതായി ആശുപത്രി അധികൃതരെ ഉദ്ധരിച്ചുകൊണ്ട് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.




