അടിച്ചു മോനേ… സ്വർണവിലയിൽ വമ്പൻ ഇടിവ്, മാസങ്ങൾക്ക് ശേഷം ഗ്രാമിന്റെ വില വീണ്ടും 11,000 രൂപയിലേക്ക്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കനത്ത ഇടിവ്. പവൻ വിലയിൽ ഒറ്റയടിക്ക് 1,880 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ വില 95,840 രൂപയും ഒരു ഗ്രാം സ്വർണത്തിന് 235 രൂപയുടെ കുറവോടെ 11,980 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നവംബർ 17 നായിരുന്നു സ്വർണ വില നാളുകൾക്ക് ശേഷം ഒരു ലക്ഷം രൂപയിൽ താഴെയെത്തിയത്.
മാസങ്ങളായി തുടർച്ചയായി ഉയർന്നുകൊണ്ടിരുന്ന സ്വർണവില പെട്ടെന്ന് താഴേക്ക് പതിച്ചതോടെ ഉപഭോക്താക്കൾക്കും സ്വർണാഭരണ വിപണിക്കും വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്. അതേസമയം സ്വർണത്തിൽ നിക്ഷേപം നടത്തിയവരെ സംബന്ധിച്ചിടത്തോളം വിലയിലെ ഇടിവ് ആശങ്കയ്ക്കും ഇടനൽകുകയാണ്. ഈ വർഷം ജനുവരിയിൽ രേഖപ്പെടുത്തിയ 1.31 ലക്ഷ്യമായിരുന്നു റെക്കോർഡ് വില. നിലവിൽ 95,840 രൂപയിലാണ് വ്യാപാരം നടത്തുന്നത്. അതായത് ഏകദേശം 35,160 രൂപയോളം ഇടിവാണ് ഒരു പവൻ വിലയിൽ ഉണ്ടായിരിക്കുന്നത്.
ആഗോള വിപണിയിൽ സ്വർണവിലയിലുണ്ടായ വൻ തിരുത്തലാണ് കേരളത്തിലും വില കുറയാനുള്ള പ്രധാന കാരണം. ഈ വർഷം ജനുവരിയിൽ ഔൺസിന് 5,595 ഡോളറിന് അടുത്തെത്തി റെക്കോർഡ് ഉയരത്തിലെത്തിയ സ്വർണം പിന്നീട് വലിയ ഇടിവിലേക്കാണ് നീങ്ങിയത്. ഇത്രയും വലിയ വിലവർധനവിന് പിന്നാലെ നിരവധി നിക്ഷേപകർ ലാഭമെടുത്ത് സ്വർണം വിറ്റഴിക്കാൻ തുടങ്ങിയതാണ് വിലയിടിവിന് പ്രധാന കാരണങ്ങളിലൊന്ന്. നിക്ഷേപകർ കൂട്ടത്തോടെ വിൽപ്പന നടത്തുമ്പോൾ വിപണിയിൽ സ്വർണത്തിന്റെ മേലുള്ള സമ്മർദം വർധിക്കുകയും വില താഴുകയും ചെയ്യും.
അമേരിക്കൻ ഡോളറിന്റെ ശക്തിപ്പെടലാണ് സ്വർണവിലയെ ബാധിക്കുന്ന മറ്റൊരു പ്രധാന ഘടകം. അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന്റെ വ്യാപാരംനടക്കുന്നത് ഡോളറിലാണ്. ഡോളർ ശക്തിപ്പെടുമ്പോൾ മറ്റ് കറൻസികൾ ഉപയോഗിച്ച് സ്വർണം വാങ്ങുന്നവർക്ക് ചെലവ് കൂടും. ഇതോടെ ആഗോളതലത്തിൽ സ്വർണത്തിന്റെ ആവശ്യകത കുറയുകയും വില താഴേക്ക് നീങ്ങുകയും ചെയ്യാം.
അമേരിക്കയിലെ പലിശനിരക്കുമായി ബന്ധപ്പെട്ട പ്രതീക്ഷകളിലും മാറ്റമുണ്ടായിട്ടുണ്ട്. പണപ്പെരുപ്പം പ്രതീക്ഷിച്ചതുപോലെ കുറയാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുന്നതിന് പകരം ഉയർന്ന നിലയിൽ നിലനിർത്തുകയോ വർധിപ്പിക്കുകയോ ചെയ്യുമെന്ന ആശങ്ക നിക്ഷേപകർക്കിടയിലുണ്ട്. പലിശ ലഭിക്കാത്ത നിക്ഷേപമായ സ്വർണത്തെ അപേക്ഷിച്ച് പലിശ ലഭിക്കുന്ന ബോണ്ടുകളും മറ്റ് നിക്ഷേപങ്ങളും കൂടുതൽ ആകർഷകമാകുമ്പോൾ സ്വർണത്തിൽനിന്ന് നിക്ഷേപകർ പണം പിൻവലിക്കാൻ സാധ്യതയുണ്ട്. ഇതും സ്വർണവിലയുടെ ഇടിവിന് ആക്കം കൂട്ടുന്നു.
ആഗോള വിപണിയിലെ ഈ ഇടിവിനൊപ്പം ഓഹരി വിപണികളിലെ ചാഞ്ചാട്ടവും നിക്ഷേപകരുടെ പണമൊഴുക്കിലെ മാറ്റങ്ങളും സ്വർണത്തെ ബാധിക്കുന്നുണ്ട്. ചില സാഹചര്യങ്ങളിൽ മറ്റ് നിക്ഷേപങ്ങളിലെ നഷ്ടം നികത്തുന്നതിനും പണം കണ്ടെത്തുന്നതിനുമായി നിക്ഷേപകർ സ്വർണം വിൽക്കാറുണ്ട്. ഇത്തരത്തിലുള്ള വിൽപ്പനയും വില താഴാൻ കാരണമാകാം.
എന്നാൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഇടിയുന്ന അതേ വേഗത്തിൽ ഇന്ത്യയിൽ വില കുറയാത്തതിന് മറ്റൊരു കാരണമുണ്ട്. രൂപയുടെ മൂല്യത്തകർച്ച. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന്റെ വില ഡോളറിലാണ് കണക്കാക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയുമ്പോൾ സ്വർണം ഇറക്കുമതി ചെയ്യുന്നതിനുള്ള ചെലവ് വർധിക്കും. അതിനാൽ ആഗോള വിപണിയിലെ വിലയിടിവിന്റെ ആഘാതം ഇന്ത്യൻ വിപണിയിൽ ഭാഗികമായി കുറയുകയാണ് ചെയ്യുന്നത്.
നിലവിൽ തുടർച്ചയായി കണ്ടുവരുന്ന വിലയിലെ ഇടിവ് ഇനിയും തുടരുമെന്ന് ഉറപ്പിച്ച് പറയാനാകില്ല. അമേരിക്കയുടെ പലിശനയത്തിലെ മാറ്റങ്ങൾ, ഡോളറിന്റെ മൂല്യം, ആഗോള സാമ്പത്തിക സാഹചര്യം, യുദ്ധങ്ങളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും എന്നിവയെല്ലാം വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കും. അതിനാൽ ഇപ്പോഴത്തെ ഇടിവ് സ്വർണവിപണിയിലെ ഒരു തിരുത്തൽ മാത്രമാണോ അതോ വലിയ വിലക്കുറവിന്റെ തുടക്കമാണോ എന്നതാണ് ഇനി അറിയേണ്ടത്.




