Uncategorized

പിഎം ശ്രീ: ഒപ്പിടേണ്ടിവന്ന സാഹചര്യം ബോധിപ്പിച്ചതാണ്, അബദ്ധം സംഭവിച്ചുവെന്ന് പറയുന്നത് ശരിയല്ലെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: പിഎം ശ്രീയിൽ ഒപ്പിട്ടത് അബദ്ധമായിരുന്നുവെന്ന സിപിഐയുടെയും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണന്റെയും പ്രസ്താവന തള്ളി മുൻ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അബദ്ധം സംഭവിച്ചു എന്ന് പറയുന്നത് ശരിയല്ലെന്ന് വി ശിവൻകുട്ടി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. പിഎം ശ്രീയിൽ ഒപ്പിടേണ്ടി വന്ന സാഹചര്യം ബോധിപ്പിച്ചതാണെന്നും അതിലെ നിലപാടും പല തവണ വ്യക്തമാക്കിയതാണെന്നും ശിവൻകുട്ടി പറഞ്ഞു.

പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പിട്ടത് പ്രത്യേക സാഹചര്യത്തിലാണ്. കോടിക്കണക്കിന് രൂപയുടെ കേന്ദ്ര ഫണ്ട് കേരളത്തിന് കിട്ടുന്നില്ലെന്ന പ്രശ്നം ഉണ്ടായിരുന്നു. ധാരണാപത്രത്തിൽ ഒപ്പുവെക്കുന്നതുമായി ബന്ധപ്പെട്ട് കൂടിയാലോചനകൾ നടത്തിയില്ല എന്നത് ശരിയാണ്. കാര്യങ്ങൾ കുറച്ചുകൂടി മനസ്സിലാക്കിയ ശേഷമാണ് പദ്ധതിയിൽ നിന്ന് പിന്മാറിയത്. അബദ്ധത്തിൽ ഒപ്പിട്ടതാണെന്ന വാദം ശരിയല്ലെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.

നിലപാട് വ്യക്തമാക്കിയിട്ടും സിപിഐ എന്തുകൊണ്ട് ഇത് ആവർത്തിക്കുന്നു എന്ന് അറിയില്ല. കാവിവത്കരണം തടയാൻ സ്വീകരിച്ച നടപടികൾ എന്തുകൊണ്ട് സിപിഐ പറയുന്നില്ല. എപ്പോഴും പിഎം ശ്രീ മാത്രം മനസ്സിൽ കൊണ്ടുനടക്കുന്നത് ശരിയല്ലെന്നും ശിവൻകുട്ടി പറഞ്ഞു. പിഎം ശ്രീ നടപ്പാക്കുന്നത് സംബന്ധിച്ച് നിലവിലെ സർക്കാർ രൂപീകരിച്ച ഉപസമിതിയുടെ പ്രവർത്തനങ്ങൾ മരവിച്ചു കിടക്കുന്നതിൽ വി ശിവൻകുട്ടി വിമർശനം ഉന്നയിച്ചു.

പിഎം ശ്രീയിൽ അബദ്ധത്തിൽ ഒപ്പിട്ടുപോയതാണെന്നും മന്ത്രിസഭയിൽ ചർച്ച നടത്തിയില്ലെന്നുമായിരുന്നു എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ചർച്ച നടത്താതെ, തീരുമാനമെടുക്കാതെ ഒപ്പിട്ടത് ശരിയായില്ലെന്നാണ് എൽഡിഎഫ് നിലപാട്. അത് തിരുത്തി. ധാരണാപത്രത്തിൽ ഒപ്പുവെച്ചത് രഹസ്യമായല്ലെന്നും മുന്നണിയിൽ ചർച്ച ചെയ്താണ് തിരുത്താൻ തീരുമാനിച്ചതെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button