Uncategorized

‘നമുക്ക് പോകാം?’; ക്വാഡ് ഉച്ചകോടിക്കിടെ മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ അസ്വസ്ഥനായി മോദി, പ്രതികരിക്കാതെ ട്രംപ്

ന്യൂഡല്‍ഹി: ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ നടന്ന ക്വാഡ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ‘ഷാള്‍ വി മൂവ്?’ (നമുക്ക് പോകാം?) എന്ന പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയതോടെ മോദി അസ്വസ്ഥനായി മാറിനില്‍ക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.

നവംബര്‍ 17നായിരുന്നു ക്വാഡ് നേതാക്കളുടെ ഉച്ചകോടി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തോണി അല്‍ബനീസ്, ജപ്പാന്‍ പ്രധാനമന്ത്രി സനേ തകൈച്ചി എന്നിവര്‍ക്കൊപ്പം മോദിയും പങ്കെടുത്തു. ഇതിനിടയിലാണ് മൂന്ന് നേതാക്കളെയും മാധ്യമങ്ങള്‍ സമീപിച്ചത്. നേതാക്കളുടെ ഔദ്യോഗിക കൂടിക്കാഴ്ചയ്ക്ക് മുമ്പ് നടന്ന ഫോട്ടോ സെഷനിടെയാണ് സംഭവം.

എന്നാല്‍ ട്രംപിനോട് മാധ്യമപ്രവര്‍ത്തകര്‍ തുടര്‍ച്ചയായി ചോദ്യങ്ങള്‍ ചോദിച്ചു. എന്‍വിഡിയ, ഡോയിഷെ ബാങ്ക് ഡാറ്റ ചോര്‍ച്ച, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായുള്ള കൂടിക്കാഴ്ച്ച, ഇറാന്‍ തുടങ്ങിയ വിഷയങ്ങളിലായിരുന്നു ചോദ്യങ്ങള്‍. ചോദ്യങ്ങള്‍ക്ക് ട്രംപ് മറുപടി നല്‍കിയതോടെ പത്രസമ്മേളനം നീളുകയായിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ സംസാരിച്ചുകൊണ്ടിരിക്കെ മോദി അസ്വസ്ഥനായി ചുറ്റും നോക്കുകയും ജപ്പാന്‍ പ്രധാനമന്ത്രി തകൈച്ചിയോടും പിന്നീട് ട്രംപിനോടും സംസാരിക്കുകയും ചെയ്തു. ഇതിനിടെ ‘നമുക്ക് പോകാമോ?’ എന്ന് മോദി ചോദിച്ചതായാണ് ദൃശ്യങ്ങളില്‍ വ്യക്തമാവുന്നത്. എന്നാല്‍ മോദിയുടെ നിര്‍ദേശത്തോട് മറ്റ് നേതാക്കള്‍ പ്രതികരിച്ചില്ല. അവര്‍ അതേ സ്ഥാനത്ത് തുടരുകയും ട്രംപ് അടുത്ത മൂന്ന് മിനിറ്റോളം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. ഈ സമയം മോദി മൗനം പാലിക്കുകയും ചെയ്തു.
എനിക്ക് ലഭിക്കുന്നത് വളരെ കടുപ്പമേറിയ ചോദ്യങ്ങളാണെന്ന് ഒരവസരത്തില്‍ ട്രംപ് പറഞ്ഞു. തുടര്‍ന്ന് മോദിയെയും തകൈച്ചിയെയും നോക്കിയ ട്രംപ് മോദിയെയും തകൈച്ചിയെയും ധീരന്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

പ്രധാനമന്ത്രിയായി 12 വര്‍ഷം പിന്നിട്ടിട്ടും ഇന്ത്യയില്‍ ഇതുവരെ നരേന്ദ്ര മോദി തനിയെ, മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യങ്ങളില്ലാത്ത വാര്‍ത്താസമ്മേളനം നടത്തിയിട്ടില്ല. വിദേശ സന്ദര്‍ശനങ്ങള്‍ക്കിടയിലും മാധ്യമപ്രവര്‍ത്തകരുടെ അപ്രതീക്ഷിത ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നത് അപൂര്‍വമാണ്.

ഈ വര്‍ഷം ഓസ്ലോ സന്ദര്‍ശനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്തത് എന്തുകൊണ്ടാണെന്ന് നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തക ഹെല്ലെ ലിങ് നേരിട്ട് ചോദിച്ചപ്പോള്‍ മോദി പ്രതികരിക്കാതെ മടങ്ങിയത് വലിയ ചര്‍ച്ചയായിരുന്നു. പിന്നാലെ മോദി അനുകൂലികള്‍ സമൂഹമാധ്യമങ്ങളില്‍ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ അധിക്ഷേപങ്ങള്‍ ഉന്നയിച്ചു. വിസ ഉണ്ടായിരുന്നിട്ടും തെലങ്കാന സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ അടുത്തിടെ അവര്‍ക്ക് അനുമതി നിഷേധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ വര്‍ഷം അവസാനം മെല്‍ബണ്‍ സന്ദര്‍ശനത്തിനിടെയും വാര്‍ത്താസമ്മേളനം നടത്താത്തതിനെ ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ ചോദ്യം ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button