യുഡിഎഫ് സർക്കാരിന്റെ ഏതെങ്കിലും ഇടപെടലോ കരാറോ കൊണ്ടല്ല; കേരളത്തിൽ ഒക്ടോബർ മുതൽ വൈദ്യുതിക്ഷാമം ഇല്ലാതെ പോയതിന്റെ യഥാർത്ഥ കാരണം ഇതാണ്

കേരളത്തിൽ ഒക്ടോബർ മുതൽ വൈദ്യുതിക്ഷാമം ഇല്ലാതെ പോയതിന്റെ യഥാർത്ഥ കാരണം സോഷ്യൽ മീഡിയയിൽ സജീവമാകുന്നു. യുഡിഎഫ് സർക്കാരിന്റെ ഏതെങ്കിലും ഇടപെടലോ കരാറോ കൊണ്ടല്ല വൈദ്യുതിക്ഷാമം പരിഹരിക്കപ്പെട്ടതെന്നും ഫേസ്ബുക്കിൽ പങ്കുവച്ച ഒരു കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
യു.ഡി.എഫുകാർ പറയുന്നതുപോലെ വി.ഇ.എച്ചുമായോ ഹിമാചലുമായോ വെച്ച കരാറുകൾ കൊണ്ടോ യു.ഡി.എഫ്. അധികാരത്തിൽ വന്നതിനുശേഷം നടത്തിയ ഏതെങ്കിലും ഇടപെടൽ കൊണ്ടോ അല്ല. വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത് 2026 മെയ് 18ന് ആണല്ലോ, അതിനുമുമ്പുതന്നെ ഒക്ടോബർ മുതൽ മാർച്ച് അവസാനം വരെയുള്ള വൈദ്യുതി ആവശ്യകത നിറവേറ്റാനുള്ള നടപടികൾ കെ.എസ്.ഇ.ബി. കൈക്കൊണ്ടിരുന്നു എന്നതാണ് വസ്തുത.
ഇത്തവണ സ്ഥിതി വ്യത്യസ്തമായി എങ്കിലും സാധാരണ ഗതിയിൽ ജൂൺ മുതൽ സെപ്റ്റംബർ വരെ മഴക്കാലമായതിനാൽ വൈദ്യുതി ഉപഭോഗം കുറയ്യുകയും ജല വൈദ്യുതി ഉത്പാദനം കൂടുകയും ചെയ്യുന്നതിനാൽ അധിക വൈദ്യുതി ആവശ്യം വരാറില്ല. അതുകൊണ്ടുതന്നെ അക്കാലത്തേക്ക് മെയ് മാസത്തിനുമുമ്പ് പ്രത്യേകിച്ച് നടപടികളൊന്നും സ്വീകരിക്കേണ്ടി വരാറുമില്ല. പക്ഷേ ഒക്ടോബറോടെ മഴ നിലക്കും. ഉപഭോഗം വർദ്ധിച്ചു തുടങ്ങും. അതനുസരിച്ച് വൈദ്യുതി ലഭ്യത വർദ്ധിപ്പിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണം.ഇതൊക്കെ കൃത്യമായി നിർവഹിച്ചു പോരുന്ന നടപടികളാണ്. അങ്ങിനെയാണ് കഴിഞ്ഞ പത്തുകൊല്ലവും കേരളം മുന്നോട്ടുപോയത്. ഇത്തവണയും അത്തരം നടപടികളൊക്കെ യു.ഡി.എഫ്. അധികാരത്തിൽ വരുന്നതിനുമുമ്പുതന്നെ നിർവഹിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഒക്ടോബർ മാസത്തെ പീക്ക് സമയത്ത് 1000 മെഗാവാട്ട് വൈദ്യുതി ഉറപ്പുവരുത്തുകയും ചെയ്തിരുന്നു.
2026 ജൂലൈ മുതൽ 2027 ജൂലൈ വരെ യൂണിറ്റിന് 5.96 നിരക്കിലുള്ള 200 മെഗാവാട്ട് മുഴുവൻ ദിവസ വൈദ്യുതി ലഭ്യമാക്കുന്ന കരാറിന് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ 33/2026 ഉത്തരവിൽ അനുമതി നൽകുകയുണ്ടായി. ഇതിനായി ടെണ്ടർ വിളിച്ചത് 2026 മെയ് 15നാണ്.
2026 ജൂലൈ മാസത്തിൽ 150 മെഗാവാട്ട്, ആഗസ്റ്റിൽ 310 മെഗാവാട്ട്, ഒക്ടോബർ മുതൽ ഡിസംബർ വരെ 500 മെഗാവാട്ട് എന്നിങ്ങനെ പീക്ക് സമയത്ത് വൈദ്യുതി കിട്ടാനുള്ള കരാറുകൾക്ക് റഗുലേറ്ററി കമ്മീഷൻ 29/2026 നമ്പർ ഉത്തരവിൽ അംഗികാരം നൽകി. ഇതിനുള്ള നിരക്കുകൾ ജൂലൈയിൽ യൂണിറ്റിന് 9.99 രൂപ, ഓഗസ്റ്റിൽ 9.93 രൂപ, ഒക്ടോബർ മുതൽ ഡിസംബർ അവസാനം വരെ 8.89 രൂപ എന്നിങ്ങനെ ആയിരുന്നു. ഇതിനുള്ള ടെണ്ടർ 2026 മെയ് 7നാണ് വിളിച്ചത്.
ഇങ്ങിനെ ഒക്ടോബറിൽ പീക്ക് സമയത്ത് 700 മെഗാവാട്ട് വൈദ്യുതി കരാറുകളിലൂടെ ഉറപ്പിക്കുകയുണ്ടായി. രണ്ടു ടെണ്ടറുകളും ക്ഷണിച്ചത് സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യും മുമ്പാണ്. നടപടികൾ അതിനും മുമ്പേ ആരംഭിക്കുകയും ചെയ്തു. ഇതോടൊപ്പം സെപ്റ്റംബറിൽ കാലാവധി തീരുന്ന സ്വാപ്പ് കരാറുകളിലൂടെ നൽകിക്കൊണ്ടിരുന്ന വൈദ്യുതി സംസ്ഥാനത്തിനുതന്നെ ഉപയോഗിക്കാൻ കിട്ടും. ഈ നിലയിൽ സെപ്റ്റബർ 30ന് കേരളത്തിന് ലഭ്യമായത് 300 മെഗാവാട്ട് വൈദ്യുതിയാണ്. അങ്ങിനെ കരാറുകളിലൂടെ 700 മെഗാവാട്ട്, സ്വാപ്പ് ഒഴിവായതിലൂടെ 300 മെഗാവാട്ട്. അങ്ങിനെ ആകെ 1000 മെഗാവാട്ട് അധിക ലഭ്യതയാണ് ഒക്ടോബർ മുതൽ ഉറപ്പാക്കപ്പെട്ടത്. അതുകൊണ്ടുതന്നെ ഒക്ടോബർ മുതൽ സംസ്ഥാനത്തിന് ഒരു വൈദ്യുതിപ്രതിസന്ധിയും ഉണ്ടായില്ല. അതായത് ഒക്ടോബർ മുതൽ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയില്ലാത്തത് സതീശൻ സർക്കാരിന്റെ എന്തെങ്കിലും ഇടപെടൽ കൊണ്ടല്ല.എന്നാൽ സതീശൻ സർക്കാർ ഇടപെടേണ്ടിയിരുന്ന ഒരു സന്ദർഭമുണ്ടായിരുന്നു. മുൻപ്രവചനമനുസരിച്ച് ലാനിന വരുമെന്ന് പ്രതീക്ഷിച്ചിടത്ത് എൽനിനോ വന്നതും പ്രതീക്ഷിച്ച മഴ ലഭിക്കാതിരുന്നതും ഉപഭോഗം കൂടിയതും ജൂൺ മുതൽ സെപ്റ്റംബർ വരെ സംസ്ഥാനത്ത് വലിയൊരു വൈദ്യുതിക്കമ്മി സൃഷ്ടിച്ചു. എൽനിനോ സംബന്ധിച്ച് മെയ് അവസാനം വരെ ഒരു പ്രവചനവും ഇല്ലാതിരുന്നതിനാൽ ഇത് മുൻകൂട്ടി കാണാൻ കഴിയുന്നതായിരുന്നില്ല. അങ്ങിനെ സംസ്ഥാനം ഒരു പ്രതിസന്ധിയിൽ അകപ്പെട്ടു. സതീശൻ സർക്കാർ ഒരിടപെടലും നടത്തിയില്ല. മുൻ സർക്കാരാണ് കാരണക്കാർ, 2023ൽ റദ്ദാക്കിയ കരാറുണ്ടായിരുന്നെങ്കിൽ പ്രശ്നമുണ്ടാകുമായിരുന്നില്ല എന്നൊക്കെ പ്രസ്താവിച്ചുകൊണ്ടിരുന്നതല്ലാതെ പ്രശ്ന പരിഹാരത്തിന് ഒരു നടപടിയും ഉണ്ടായില്ല. ജനം ദുരിതത്തിലായി. പക്ഷേ ഇപ്പോൾ ഒരു കാര്യം വ്യക്തമാകുന്നു. അവർ വെറുതേ നോക്കി നിൽക്കുകയായിരുന്നില്ല. വലിയ അഴിമതികൾ ആസൂത്രണം ചെയ്യുകയായിരുന്നു. ജനം ദുരിതത്തിലാഴുന്നത് തങ്ങളുടെ പദ്ധതികൾക്ക് നല്ലൊരു മറയാകുമെന്നാണവർ കരുതിയത്. വി.ഇ.എച്ചും, ജി.എൻ.എ.യുമൊക്കെ അങ്ങിനെയാണ് വന്നത്.മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ വൈദ്യുതി ആവശ്യം കൂടും. അപ്പോഴേക്ക് 1000 മെഗാവാട്ടിന്റെയെങ്കിലും സ്വാപ്പ് കരാറുകൾ വേണ്ടി വരും. അതിനുള്ള നടപടികൾ നടക്കേണ്ടത് ഇപ്പോഴാണ്. എന്നാൽ അതൊക്കെ ഉഴപ്പി അക്കാലത്ത് വീണ്ടും പ്രതിസന്ധി സൃഷ്ട്ച്ച് എന്തെങ്കിലുമൊക്കെ തരികിട കാണിക്കുമോ എന്നത് കണ്ടിരുന്നു കാണേണ്ടതാണ്. ഇനിയും ആവനാഴിയിൽ എന്തൊക്കെ ചതി ഒളിപ്പിച്ചിട്ടുണ്ട്. 102 സീറ്റിന്റെ അഹങ്കാരത്തിൽ എന്തും ചെയ്തുകളയാമെന്നാണ് ഭാവം. കിട്ടിയ മാന്റേറ്റ് തങ്ങൾക്ക് കട്ടുമുടിക്കാനുള്ള അവകാശമാണെന്നാണ് ധാരണ. പക്ഷേ അതിന് കേരള ജനത അനുവദിക്കില്ലെന്നും കുറിപ്പിൽ പരാമർശിക്കുന്നു.




