Uncategorized

അച്ഛനെ തല്ലിയവരുടെ തട്ടുകട തല്ലിതകര്‍ത്ത് യുവതികള്‍; സിസിടിവി ദൃശ്യങ്ങൾ വൈറല്‍

വാരണാസി: അച്ഛനെ തട്ടുകടയിലെ ജീവനക്കാർ മർദിച്ചെന്നാരോപിച്ച് ഉത്തർപ്രദേശിലെ വാരണാസിയിൽ ഹോട്ടലിൽ അതിക്രമിച്ചുകയറി സാധനങ്ങൾ അടിച്ചുതകർത്ത് രണ്ട് സഹോദരിമാർ. തട്ടുകടയില്‍ എത്തിയ യുവതികൾ ജീവനക്കാരോട് തട്ടിക്കയറുകയും പാത്രങ്ങളും സാധനങ്ങളും വലിച്ചെറിയുകയും ചെയ്യുന്ന സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. നവംബർ നാലിന് ഉപഭോക്താവുമായുള്ള തർക്കത്തിനിടെ യുവതികളുടെ പിതാവും ഭക്ഷണശാലയിലെ ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും തുടർന്ന് സംഘർഷത്തിൽ പിതാവിന് മർദനമേൽക്കുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്.

സംഭവത്തിൽ കുടുംബം ഭേലുപൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് യുവതികളുടെ ആരോപണം. ഇതോടെയാണ് ഇരുവരും നേരിട്ട് ഭക്ഷണശാലയിലേക്ക് എത്തിയത്. സ്കൂട്ടറിലെത്തിയ യുവതികൾ ആദ്യം ഭക്ഷണശാലയും പരിസരവും മൊബൈൽ ഫോണിൽ ചിത്രീകരിച്ചു. പിന്നാലെ ഇതിലൊരാൾ കടയ്ക്കുള്ളിലേക്ക് പാഞ്ഞുകയറി മാവ് കലക്കിവെച്ചിരുന്ന വലിയ പാത്രം മറിച്ചിടുകയും ജീവനക്കാരന്റെ നേർക്ക് വെള്ളം ഒഴിക്കുകയും ചെയ്തു. ‘കട അടച്ചുപൂട്ടണം’ എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു യുവതിയുടെ പ്രതിഷേധം.

അപ്രതീക്ഷിതമായ സംഭവം കണ്ട് കടയിലുണ്ടായിരുന്നവരും സമീപവാസികളും അമ്പരന്നു. സ്ഥലത്തുണ്ടായിരുന്ന ചിലർ യുവതികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ വഴങ്ങാൻ തയ്യാറായില്ല. കുട്ടികളുള്ള സ്ഥലമാണെന്നും ഇവിടെ ബഹളമുണ്ടാക്കരുതെന്നും നാട്ടുകാരിൽ ഒരാൾ ആവശ്യപ്പെട്ടപ്പോൾ അയാളോടും യുവതി രൂക്ഷമായി തട്ടിക്കയറുകയായിരുന്നു. ഒടുവിൽ കൂടുതൽ നാട്ടുകാർ ഇടപെട്ടതോടെയാണ് സംഘർഷം കൂടുതൽ വഷളാകുന്നത് തടയാനായത്. ഇതിനിടെ സഹോദരിമാരിൽ മറ്റൊരു യുവതി നാട്ടുകാരോട് ക്ഷമാപണം നടത്തുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം. അതേസമയം യുവതികൾ ഒന്നും കേൾക്കാൻ തയ്യാറാകാതെ അതിക്രമം നടത്തിയെന്ന് ആരോപിച്ച് ഭക്ഷണശാല ഉടമ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായും സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും എസിപി ഗൗരവ് കുമാർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button