Uncategorized

മഴയ്ക്ക് ശമനമില്ല; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിലും വിവിധയിടങ്ങളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, വയനാട്, കാസർകോട് ജില്ലകളിലാണ് അവധി.

ഇന്ന് റെഡ് അലേര്‍ട്ടും നാളെ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ച സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് കളക്ടര്‍ ഉത്തരവിറക്കി. അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്.

ആലപ്പുഴ ജില്ലയില്‍ അതിശക്തമായ മഴയെത്തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാലും വിവിധ സ്‌കൂളുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതിനാലും വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി വെള്ളിയാഴ്ച്ച ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, അങ്കണവാടികള്‍ക്കും, ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി നല്‍കുന്നതായി ജില്ലാ കളക്ടര്‍ ഷാജി വി നായര്‍ വ്യക്തമാക്കി. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.

ഇന്ന് റെഡ് അലേര്‍ട്ടും നാളെ ഓറഞ്ച് അലെര്‍ട്ടും പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ വ്യക്തമാക്കി. അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്പെഷല്‍ ക്ലാസുകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍, മതപഠന ക്ലാസ്സുകള്‍, ട്യൂഷന്‍ സെന്ററുകള്‍, കോച്ചിങ് ക്ലാസ്സുകള്‍, സ്‌പെഷ്യല്‍ ക്ലാസ്സുകള്‍, ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ലെന്നും കുട്ടികളുടെ സുരക്ഷിതത്വം സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു.

കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാസർകോട് ജില്ലയിൽ ഇന്നും നാളെയും അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ മുൻകരുതൽ നടപടിയായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക നാളെ അവധി പ്രഖ്യാപിക്കുന്നതായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button