Uncategorized

സിലബസ് കാലഹരണപ്പെട്ടുവെന്ന് പറഞ്ഞതെന്തടിസ്ഥാനത്തിൽ ? സതീശനെതിരെ ശിവൻകുട്ടി

തിരുവനന്തപുരം : കേരള സിലബസ് പരിഷ്കരിക്കുമെന്ന മുഖ്യമന്ത്രി വി. ഡി സതീശന്റെ പ്രഖ്യാപനത്തിൽ പ്രതികരിച്ച് മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സിലബസ് കാലഹരണപ്പെട്ടുവെന്ന് പറഞ്ഞതെന്തടിസ്ഥാനത്തിലെന്ന ചോദ്യമുയർത്തിയ ശിവൻകുട്ടി മുൻ സർക്കാർ കാലത്ത് സമഗ്രമായ പരിഷ്കരണം നടപ്പിലാക്കിയതാണെന്നും വിശദീകരിച്ചു. സിലബസ് പരിഷ്കരണത്തിൽ ഒരു നിർദ്ദേശം പോലും അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി വിഡി സതീശൻ നൽകിയില്ല. കേരള സിലബസ് മോശമാണെന്നും പറഞ്ഞ് മറ്റു ചില കോഴ്സുകളെ പ്രോത്സാഹിപ്പിക്കാൻ അദ്ദേഹം ശ്രമിക്കുന്നു. പൊതു വിദ്യാഭ്യാസരംഗത്തെ തകർക്കുന്നതിനുള്ള ഗൂഢ ശ്രമമാണ് നടക്കുന്നത്. ബോധപൂർവ്വം ദേശീയ വിദ്യാഭ്യാസം നടപ്പിലാക്കാൻ മുഖ്യമന്ത്രി തന്നെ ശ്രമിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ ആകില്ല. പി എം ശ്രീ നടപ്പിലാക്കണമെന്ന് നിലപാട് സ്വീകരിച്ചത് ലഭ്യമാകാനുള്ള പണത്തിനുവേണ്ടിയായിരുന്നു. പദ്ധതി നടപ്പിലാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പുതിയ കോൺഗ്രസ് സർക്കാരാണ്. നടപ്പിലാക്കാൻ കഴിയില്ലെന്ന് കഴിഞ്ഞ സർക്കാർ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

പിണറായി വിജയൻറെ വീട്ടിൽ നടന്ന റെയ്ഡിന് ശേഷം പ്രതിഷേധമുണ്ടായെന്ന കാര്യം ശരിയാണ്. ശക്തമായ പ്രതിഷേധത്തെ വകവയ്ക്കാതെ രണ്ട് വാഹനങ്ങൾ പ്രതിഷേധക്കാർക്ക് നേരെ കൊണ്ടുവരുന്നതിന് ശേഷമുണ്ടായ പ്രശ്നങ്ങളാണ് നടന്നത്. ഇഡി ഉദ്യോഗസ്ഥർ പ്രതിഷേധക്കാർക്ക് നേരെ വാഹനങ്ങൾ കൊണ്ടുവരികയാണ് ചെയ്തത്. അതാണ് പ്രശ്നങ്ങളുണ്ടാകാൻ കാരണം. നിയമപരമായ നടപടികൾ കോടതി തീരുമാനിക്കട്ടെ. മുഖ്യമന്ത്രി വിഡി സതീശൻ ഒരു കാര്യത്തിനും മറുപടി പറയുന്നില്ല. എൽഡിഎഫ് ഗവൺമെൻറ് കാലഘട്ടത്തിൽ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ ഒന്നും പരിഹാരം കാണുന്നില്ല. വി ഡി സതീശൻ ദില്ലിയിൽ പോയതിനുശേഷമാണ് പെട്ടെന്നുള്ള ഇഡി ആക്ഷൻ നടന്നതെന്നത് എല്ലാവർക്കും അറിയാമെന്നും ശിവൻകുട്ടി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button