തമിഴ്നാട്ടിൽ ട്രക്ക് ഡ്രൈവർ പൊലീസ് സ്റ്റേഷനിലെ ടോയ്ലറ്റിൽ മരിച്ച നിലയിൽ

മധുരയിലെ ചെക്കാനുറണി പൊലീസ് സ്റ്റേഷനിലാണ് ട്രക്ക് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തിയത്. തേനി സ്വദേശി ബാലകൃഷ്ണനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുൻപ് നൽകിയ പരാതിയുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനായി പൊലീസ് സ്റ്റേഷനിൽ എത്തിയ ബാലകൃഷ്ണനെ പിന്നീട് ടോയ്ലറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ സ്റ്റേഷൻ ഹൗസ് ഓഫീസറെയും (എസ്എച്ച്ഒ) ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
തേനിയിൽ നിന്ന് മധുരയിലേക്ക് ഏലം കൊണ്ടുപോകുന്ന ട്രക്കിൻ്റെ ഡ്രൈവറായിരുന്നു ബാലകൃഷ്ണൻ. നവംബർ 3 ന് അദ്ദേഹത്തിന്റെ ട്രക്കിന് തീപിടിച്ചതായും ഇതുസംബന്ധിച്ച് അദ്ദേഹം പരാതി നൽകിയതായുമായാണ് വിവരം. ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനായി സ്റ്റേഷനിലെത്തിയ അദ്ദേഹത്തെ നവംബർ 14 ന് പുലർച്ചെ ശുചിമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.ബാലകൃഷ്ണനെ ഉടൻ തന്നെ രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടുള്ളതായതും ഉദ്യോഗസ്ഥർ പറഞ്ഞു.നിഷ്പക്ഷമായ അന്വേഷണത്തിനായി കേസ് സിബി-സിഐഡിയെ ഏൽപ്പിക്കുമെന്ന് ദക്ഷിണ മേഖല ഐജി വിജയേന്ദ്ര ബിദാരി പറഞ്ഞു.




