Uncategorized

മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്തും സെക്‌സ് റാക്കറ്റും; മുഖ്യ സൂത്രധാരന്‍ പിടിയില്‍

കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്തും സെക്‌സ് റാക്കറ്റും നടത്തിയ കേസില്‍ മുഖ്യ സൂത്രധാരന്‍ പിടിയില്‍. മാവേലിക്കര സ്വദേശിയായ ബിലാല്‍ എന്ന ശ്രീകുമാറാണ് അറസ്റ്റിലായത്. മരട് പൊലീസാണ് ഇയാളെ പിടികൂടിയത്. സ്ത്രീകള്‍ അടങ്ങിയ സെക്‌സ് റാക്കറ്റിനെ നിയന്ത്രിച്ചത് ബിലാല്‍ ആണെന്നാണ് കണ്ടെത്തല്‍. ബിലാലിനെ കുറിച്ച് കേസിലെ ഒന്നാം പ്രതിയായ സിന്ധു മൊഴി നല്‍കിയിരുന്നു. പരാതിക്കാരിയെ സിന്ധുവിന് പരിചയപ്പെടുത്തിയത് ബിലാലും ഭാര്യയും ചേര്‍ന്നാണെന്നാണ് കണ്ടെത്തല്‍.

ബിലാലിനെ പിടികൂടിയതിന് പിന്നാലെ എസിപി ഓഫീസിലെത്തിച്ച് പ്രാഥമിക മൊഴിയെടുപ്പ് നടത്തി. വൈദ്യപരിശോധനയക്കായി ബിലാലിനെ ജനറല്‍ ആശുപത്രിയിലെത്തിച്ചു. ഇയാളുടെ സെക്‌സ് റാക്കറ്റ് ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് നിഗമനം. നിലവില്‍ രണ്ട് പരാതികളാണ് കേസുമായി ബന്ധപ്പെട്ട് ലഭിച്ചത്. എന്നാല്‍ ഇരകളായവര്‍ക്ക് പരാതിപ്പെടാന്‍ പൊലീസ് ടോള്‍ ഫ്രീ നമ്പര്‍ നല്‍കിയിട്ടുണ്ട്.

കേസില്‍ ബിലാലിനെ കൂടാതെ മൂന്നുപേരാണ് ഇതുവരെ പിടിയിലായത്. ദുബായില്‍ ഇവന്റ് മാനേജ്‌മെന്റ് നടത്തുന്ന ഒന്നാം പ്രതിയായ സിന്ധു, തിരുവനന്തപുരം സ്വദേശി അലീന എബ്രഹാം, പൊന്നാനി സ്വദേശി മഞ്ജിമ എന്നിവരാണ് പൊലീസ് പിടിയിലായത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമെന്നാണ് വിവരം. സിനിമാ സീരിയല്‍ പ്രവര്‍ത്തകര്‍ക്ക് കേസില്‍ ബന്ധമുണ്ടെന്ന സൂചനകളും ലഭിക്കുന്നുണ്ട്.
ഇതില്‍ സിന്ധുവിന് ഗുണ്ടാ സംഘങ്ങളുമായി ബന്ധമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കൂട്ട ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് സിന്ധുവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കാരിയെ കോളയില്‍ വെളുത്ത പൊടി കലര്‍ത്തി കുടിപ്പിച്ചെന്നും ഇത് പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ ഫോണിലേക്ക് അയച്ചു നല്‍കിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. .

മോഡലിങ് കെണി ആസൂത്രണം ചെയ്തത് സിന്ധുവാണ് എന്നാണ് പൊലീസ് പറയുന്നത്. ദുബായില്‍ ഫാഷന്‍ ഷോ ഉണ്ടെന്ന് മോഡലുകളെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചത് സിന്ധുവാണെന്നും യുവതികളെ ദുബായില്‍ എത്തിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്തതും വിസയടക്കം നല്‍കിയതും സിന്ധുവാണെന്ന് പൊലീസ് കണ്ടെത്തി. മോഡലിങ് പരിശീലനം, ജോലി, ദുബായ് വീഡിയോ ഷൂട്ട്, ആഢംബര ഹോട്ടലിലെ താമസം, വിനോദയാത്ര തുടങ്ങിയ വാഗ്ദാനങ്ങള്‍ ചെയ്താണ് സിന്ധു യുവതികളെ പ്രലോഭിപ്പിച്ചത്.

നേരിട്ട കൊടുംപീഡനം വെളിപ്പെടുത്തി ഒരു യുവതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി തന്നെ ദിവസങ്ങളോളം പീഡിപ്പിച്ചെന്നും പീഡന ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചുനല്‍കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. ‘കുഞ്ഞിനെ കൊലപ്പെടുത്തുമെന്നും ലഹരിക്കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. സിഐടി ആണെന്ന് പറഞ്ഞ് മഹറൂഫ് എന്നയാളാണ് ഭീഷണിപ്പെടുത്തിയത്. എന്നെ ദുബായിലേക്ക് കൊണ്ടുപോയത് സിന്ധു എന്ന സ്ത്രീയാണ്. ഒരു ഷോയ്ക്ക് അമ്പതിനായിരം രൂപ എന്ന വാഗ്ദാനത്തോടെയാണ് ദുബായില്‍ എത്തിച്ചത്. നിരവധി യുവതികള്‍ ദുബായില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്’ എന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button