ചാല സ്വര്‍ണക്കൊള്ള; ആറ് പേര്‍ പിടിയില്‍, ഒരാള്‍ ഓടി രക്ഷപ്പെട്ടു

തിരുവനന്തപുരം: തിരുവനന്തപുരം ചാലയില്‍ സ്വര്‍ണക്കട ഉടമയില്‍ നിന്നും സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ ആറ് പേര്‍ പിടിയില്‍. നാലുപേരെ വയനാട് ലക്കിടിയില്‍ നിന്ന് പൊലീസ് പിടികൂടി. രണ്ടുപേരെ തിരുവനന്തപുരത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം സ്വദേശികളാണ് പിടിയിലായവര്‍ എന്നാണ് സൂചന. ഇവർക്കൊപ്പം ഉണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണ്. പിടിയിലായവര്‍ക്ക് ജ്വല്ലറി ഉടമയുമായി ബന്ധമുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്.കഴിഞ്ഞ ദിവസമാണ് ചാല മാര്‍ക്കറ്റിലെ ജ്വല്ലറി ഉടമയില്‍ നിന്നും 250 പവന്‍ സ്വര്‍ണ്ണം പിടിച്ചുപറിക്കുന്ന സാഹചര്യമുണ്ടായത്. തിരുവനന്തപുരം ചാലയില്‍ സഭാവതി കോവില്‍ റോഡിലാണ് സംഭവമുണ്ടായത്. ബൈക്കിലെത്തിയ രണ്ട് പേരാണ് ഉടമയില്‍ നിന്ന് സ്വര്‍ണം അടങ്ങിയ ബാഗ് പിടിച്ചുപറിച്ചത്. മഹാരാഷ്ട്ര സ്വദേശി നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ള വൈഷ്ണവി ജ്വല്ലറിയിലാണ് മോഷണമുണ്ടായത്. ജ്വല്ലറി ഉടമ രാത്രി കട പൂട്ടിയ ശേഷം വീട്ടിലേക്ക് പോകാനായി ഇറങ്ങവെയായിരുന്നു കവര്‍ച്ച. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ബൈക്കിലെത്തിയ ആള്‍ സ്വര്‍ണവുമായി കടന്നുകളയുന്നത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു. മറ്റൊരു ദൃശ്യത്തില്‍ രണ്ട് പേര്‍ ഈ ബൈക്കില്‍ പോകുന്നതും കാണാം.




