മൂന്നാറിൽ വീണ്ടും കടുവയാക്രമണം; ഗർഭിണിയായ പശുവിനെ കൊന്നു

മൂന്നാറിൽ കടുവ ആക്രമണം തുടർക്കഥയാകുന്നു. ദേവികുളം മാനില എസ്റ്റേറ്റിൽ രാജയുടെ പശുവിനെ കടുവ ആക്രമിച്ചുകൊന്നു. ഗർഭിണിയായ പശുവിനെയാണ് കടുവ കൊന്നുത്
ഇന്നലെ വൈകുന്നേരം മേയാൻ വിട്ട പശു തിരികെ വന്നില്ലെന്ന് രാജ പറഞ്ഞു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ലയത്തിന് സമീപം തേയിലത്തോട്ടത്തിൽ പശുവിനെ ചത്തനിലയിൽ കണ്ടെത്തിയത്. ഇതോടെ കടുവയാക്രമണത്തിൽ രാജക്ക് നഷ്ടമായത് രണ്ടാമത്തെ കന്നുകാലിയെ ആണ്.
എസ്റ്റേറ്റ് മേഖലയിൽ കടുവ എത്തുന്നത് ഇപ്പോൾ പതിവാണ്. മേഖലയിൽ അടിക്കടി കടുവയുടെ സാന്നിധ്യം തൊഴിലാളികൾക്കിടയിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.നേരത്തെ അപ്പർ സെവൻ മല സ്വദേശി പരമശിവന്റെ പശുവിനെയും കടുവ ആക്രമിച്ച് കൊന്നിരുന്നു. തുടർന്ന് പശുവിന്റെ ജഡവുമായി നാട്ടുകാർ മൂന്നാർ റേഞ്ച് ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. കടുവയെ പിടികൂടണമെന്നും അടിയന്തര ധനസഹായം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എന്നാൽ ഇന്നിതാ വീണ്ടും കടുവയുടെ ആക്രമണത്തിൽ മറ്റൊരു ജീവൻ കൂടി നഷ്ടമായിരിക്കുകയാണ്



