Uncategorized

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തുടരുന്നു; അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന അയ്യപ്പഭക്തർക്ക് കമ്പംമെട്ടിൽ ഇടത്താവളം യാഥാർഥ്യമായില്ല

പത്തനംതിട്ട: അയൽ സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന അയ്യപ്പഭക്തർക്ക് ഇടുക്കി ജില്ലയിലെ ആദ്യ ഇടത്താവളമായ കമ്പംമെട്ടിൽ ഇത്തവണയും സ്ഥിരം ഇടത്താവളം യാഥാർഥ്യമായില്ല. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും താത്‌കാലിക ക്രമീകരണങ്ങളുടെ കുറവും മൂലം ഇത്തവണയും അതിർത്തി കടന്നെത്തുന്ന അയ്യപ്പഭക്തരുടെ യാത്ര കഠിനമാകും.

മണ്ഡല മകര വിളക്ക് സീസണിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നും ആയിരക്കണക്കിന് അയ്യപ്പ ഭക്തരാണ് ഇടുക്കിയിലെ അതിർത്തിയിലുള്ള കമ്പം മെട്ട് വഴി കടന്നു വരുന്നത്. തിരക്ക് വർധിക്കുന്ന സമയങ്ങളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വാഹനങ്ങൾ കമ്പംമെട്ട് വഴിയാണ് തിരിച്ചുവിടുന്നത്. ദർശനം കഴിഞ്ഞ് കുമളി വഴി സ്വദേശത്തേക്ക് മടങ്ങും. ഇത് കണക്കിലെടുത്ത് കമ്പംമെട്ടിൽ സ്ഥിരം ഇടത്താവളം സ്ഥാപിക്കാൻ 2019-ലെ ബജറ്റിൽ നാലുകോടി രൂപ സർക്കാർ വകയിരുത്തി. സ്ഥലം ഏറ്റെടുത്ത് കൈമാറുന്നതിന് കരുണാപുരം പഞ്ചായത്ത് നടപടിയും തുടങ്ങി. എന്നാൽ, കോവിഡ് പ്രതിസന്ധിമൂലം എല്ലാം മുടങ്ങി. 2022 ജനുവരിയിൽ പദ്ധതിയുമായി സർക്കാർ വീണ്ടും രംഗത്തെത്തി. ഇടത്താവളത്തിനായി കമ്പംമെട്ട് കമ്യൂണിറ്റി ഹാളിന് സമീപം സ്വകാര്യ എസ്റ്റേറ്റ് സൗജന്യമായി വിട്ടുനൽകിയ 20 സെന്റ് അടക്കം 65 സെൻറ് സ്ഥലം വാങ്ങി കരുണാപുരം പഞ്ചായത്ത് പൊതു മരാമത്ത് വകുപ്പിന് കൈമാറി. മണ്ണു പരിശോധനക്കുള്ള സാമ്പിളും ശേഖരിച്ചു. പിന്നീടൊന്നും നടന്നില്ല.

കമ്പംമെട്ടിൽ ഭക്തർക്കായി പാർക്കിങ് സൗകര്യം, ശൗചാലയങ്ങൾ, വിശ്രമകേന്ദ്രം, വഴിവിളക്കുകൾ, ഇൻഫർമേഷൻ സെന്റർ, വൈദ്യസഹായം എന്നിവയെല്ലാം അത്യാവശ്യമാണ്. സ്ഥിരം സംവിധാനം ഇല്ലാത്തതിനാലാണ് കരുണാപുരം പഞ്ചായത്തിൻറെ കമ്പംമെട്ടിലുള്ള കമ്മ്യൂണിറ്റി സെൻറിൽ താത്കാലിക ഇടത്താവളം ഒരുക്കുന്നത്. കെട്ടിടത്തിനു മുന്നിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ നീക്കുന്ന പണികൾ പുരോഗമിക്കുകയാണ്. തിരക്കുള്ള സമയത്തെത്തുന്ന നൂറുകണക്കിന് ഭക്തർക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് വളരെക്കുറച്ച് ശൗചാലയങ്ങൾ മാത്രമാണുള്ളത്. പാർക്കിങ് സൗകര്യമില്ലാത്തതിനാൽ വാഹനങ്ങൾ വഴിയരികിൽ പാർക്കു ചെയ്യുന്നത് ഗതാഗത തടസ്സത്തിന് കാരണമാകാറുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button