Uncategorized

ബസ് ജീവനക്കാരുടെ ഇടപെടൽ; രേഖകളും ലാപ്‌ടോപ്പുമടങ്ങിയ യുവതിയുടെ നഷ്ടപ്പെട്ട ബാഗ് മണിക്കൂറിനുള്ളിൽ തിരികെ ലഭിച്ചു

കൊച്ചി: ആദ്യ ജോലിയുടെ സന്തോഷവും കമ്പനി നൽകിയ പുതിയ ലാപ്ടോപ്പുമായി വീട്ടിലേക്ക് മടങ്ങിയ യുവതിക്ക് ബസിലെ തിരക്കിനിടെ നഷ്ടമായത് ലാപ്ടോപ്പ് ബാഗ് മാത്രമായിരുന്നില്ല, ജോലിയുമായി ബന്ധപ്പെട്ട വിലപ്പെട്ട രേഖകൾ കൂടിയായിരുന്നു. കയറിയ ബസ് ഏതെന്നോ ബാഗ് എവിടെപ്പോയെന്നോ അറിയാതെ പകച്ചുനിന്ന യുവതിക്ക് ഒടുവിൽ തുണയായത് ബസ് ജീവനക്കാരുടെ കൂട്ടായ്മ. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ നടത്തിയ ഊർജിത തിരച്ചിലിനൊടുവിൽ വെറും രണ്ട് മണിക്കൂറിനുള്ളിൽ ലാപ്ടോപ്പ് യുവതിയുടെ കൈകളിൽ സുരക്ഷിതമായി തിരിച്ചെത്തി.

ഇൻഫോപാർക്കിൽ ജോലിയിൽ പ്രവേശിച്ച കൊച്ചി സ്വദേശിനിക്കാണ് കഴിഞ്ഞ ദിവസം വൈകിട്ട് ഈ അനുഭവമുണ്ടായത്. ജോലിയിൽ പ്രവേശിക്കുന്നതിന്റെ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി കമ്പനി നൽകിയ പുത്തൻ ലാപ്ടോപ്പുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. ബസിൽ നല്ല തിരക്കായതിനാൽ കൈവശമുണ്ടായിരുന്ന ബാഗ് സീറ്റിലിരുന്ന മറ്റൊരു യാത്രക്കാരിയെ ഏൽപ്പിച്ചു. എന്നാൽ, കാക്കനാട് ഇറങ്ങി മറ്റൊരു ബസിൽ കയറാനുള്ള തിടുക്കത്തിൽ ബാഗ് തിരികെ വാങ്ങാൻ മറന്നുപോയി.

ബാഗ് നഷ്ടപ്പെട്ട വിവരം അറിഞ്ഞപ്പോഴേക്കും ബസ് പോയിരുന്നു. ബസിന്റെ പേരോ നമ്പറോ അറിയാത്തതിനാൽ പരിഭ്രാന്തയായ യുവതി ഉടൻ തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തുടർന്ന് രാത്രിയോടെ തൃക്കാക്കര എസ്ഐ കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ (കെബിടിഎ) സംസ്ഥാന പ്രസിഡന്റും തൃക്കാക്കര നഗരസഭാ കൗൺസിലറുമായ കെ എ നജീബിനെ വിവരം അറിയിച്ചു.വിവരം ലഭിച്ച ഉടൻ ബസ് ജീവനക്കാരുടെയും ഉടമകളുടെയും വാട്‌സ്ആപ്പ്

ഗ്രൂപ്പുകളിലൂടെ അന്വേഷണം ആരംഭിച്ചു. നഷ്ടപ്പെട്ട ബാഗിന്റെ വിവരങ്ങൾ വിവിധ റൂട്ടുകളിലോടുന്ന ബസുകളിലെ ജീവനക്കാർക്ക് കൈമാറി. ഇതിനിടെ, കാക്കനാട് യുവതി ഇറങ്ങിയ ശേഷം മറ്റൊരു സ്ത്രീ ഈ ബാഗുമായി ബസിൽനിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടതായി ഒരു കണ്ടക്ടർ വിവരം നൽകി.

ഇവർ തുടർന്ന് മറ്റൊരു ബസിലാണ് കയറിയതെന്ന സൂചന ലഭിച്ചതോടെ പള്ളിക്കര ഭാഗത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഇതിനിടെ ബാഗ് കൈവശം വച്ചിരുന്ന സ്ത്രീ, താൻ യാത്ര ചെയ്ത രണ്ടാമത്തെ ബസിലെ സീറ്റിൽ ബാഗ് ഉപേക്ഷിച്ച് ഇറങ്ങിപ്പോയിരുന്നു. സീറ്റിൽ ബാഗ് കണ്ടെത്തിയ മറ്റൊരു യാത്രക്കാരൻ ഉടൻ തന്നെ അത് കണ്ടക്ടറെ ഏൽപ്പിച്ചു. ബാഗ് ലഭിച്ച കണ്ടക്ടർ ഉടൻതന്നെ കെ എ നജീബുമായി ബന്ധപ്പെട്ടു. തുടർന്ന് നജീബ് നേരിട്ടെത്തി കണ്ടക്ടറിൽനിന്ന് ബാഗ് ഏറ്റുവാങ്ങി തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പൊലീസിന്റെ സാന്നിധ്യത്തിൽ ലാപ്ടോപ്പ് അടങ്ങിയ ബാഗ് തിരികെ ലഭിച്ചതോടെ യുവതി നിറകണ്ണുകളോടെ ബസ് ജീവനക്കാർക്കും പൊലീസിനും നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button