കേളകം : പൂളക്കുറ്റി സർവീസ് സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ് സംഭവത്തിൽ നിക്ഷേപം തിരിച്ച് കിട്ടാൻ ബി ജെ പി പിന്തുണയോടെ രണ്ടാം ഘട്ട പ്രക്ഷോഭം നടത്തുമെന്ന് പൂളക്കുറ്റി സർവീസ് സഹകരണ ബാങ്ക് സമരസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 420 നിക്ഷേപകർക്കായി പലിശ ഉൾപ്പെടെ രണ്ടര കോടി രൂപയാണ് ബാങ്കിൽ നിന്നും ലഭിക്കാനുള്ളത്. നിക്ഷേപകർ 2022 ജൂൺ 20 മുതൽ ജൂലൈ 12 വരെ 22 ദിവസം പൂളക്കുറ്റി സർവ്വീസ് സഹകരണ ബാങ്കിനും, കണ്ണൂർ ജെ ആർ ഒഫീസിനു മുന്നിലും നടത്തിയ സമരത്തിന്റെ ഫലമായി അധികൃതർ ഇടപപെടുകയും എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു. എന്നാൽ നാളിതു വരെയായി യാതൊരു പരിഹാരമാർഗ്ഗവും ഉണ്ടായില്ല. അടുത്ത ഘട്ട പ്രക്ഷോഭമെന്ന നിലയിൽ 14-ന് രാവിലെ 11-ന് പൂളക്കുറ്റിയിൽ പ്രതിഷേധ മാർച്ചും പൊതുയോഗവും നടത്തും. ആദിവാസികളും പാവപ്പെട്ടവരുമടക്കം നിരവധിപേർ ഈ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ട്. നിക്ഷേപം തിരികെ ലഭിക്കാതെ ക്ലേശങ്ങൾ അനുഭവിക്കുന്ന ഒരുപാടു പേർഗുരുതരമായ രോഗബാധിതരും, വൃദ്ധരും ആണ്. പഠനം നടത്താൻ സാധിക്കാതെ ഹതഭാഗ്യരായ മക്കൾ, യഥാസമയം മക്കളുടെ വിവാഹം നടത്താൻ കഴിയാതെ വിഷമിക്കുന്നവർ, വീടു പണി തുടങ്ങാനോ തുടങ്ങി വച്ചത് പൂർത്തീകരിക്കാനോ സാധിക്കാതെ കഷ്ടപ്പെട്ടവർ അങ്ങനെ ദുരിതം പേറി കഴിയുന്നവരുടെ പട്ടിക ഇതിൽ ഏറെയുണ്ട്. നിക്ഷേപകരുടെ നിക്ഷേപം പൂർണ്ണമായി തിരിച്ചു കിട്ടും വരെ ശക്തമായ പ്രക്ഷോഭം തുടരാനാണ് തീരുമാനമെന്ന് സമരസമിതി പ്രസിഡണ്ട് സെബാസ്റ്റ്യൻ പാറാട്ട് കുന്നേൽ, ജനറൽ സിക്രട്ടറി അഡ്വ.സണ്ണി തോമസ്, ബി ജെ പി പേരാവൂർ മണ്ഡലം പ്രസിഡണ്ട് പി.ജി. സന്തോഷ്, കർഷകമോർച്ച ജില്ലാ പ്രസിഡണ്ട് ശ്രീകുമാർ കൂടത്തിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.