24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ജയ അരിയുടെ വില കുതിക്കുന്നു, പിന്നിൽ ആന്ധ്രലോബി
Kerala

ജയ അരിയുടെ വില കുതിക്കുന്നു, പിന്നിൽ ആന്ധ്രലോബി

ഓണം അടുത്തതോടെ ആന്ധ്രലോബി ജയ അരിയുടെ വില കൂട്ടിത്തുടങ്ങി. രണ്ടാഴ്ചയ്‌ക്കിടെ ബ്രാൻഡഡ് ആന്ധ്ര ജയ അരിയുടെ വിലയിൽ കിലോക്ക്‌ രണ്ടുമുതൽ അഞ്ചുരൂപ വരെ വർധനയാണ് ഉണ്ടായിരിക്കുന്നത്. രണ്ടാഴ്‌ച മുമ്പുവരെ ക്വിന്റലിന്‌ 3600–- 3750രൂപ ഉണ്ടായിരുന്ന അരിയുടെ വില വെള്ളിയാഴ്ച 4150 ആയി ഉയർന്നു. ഇത്‌ ചില്ലറ വിപണിയിലെത്തുമ്പോൾ കിലോക്ക്‌ 45 ആകും. ഇനിയും വില ഉയരുമെന്നാണ് സൂചന. ആന്ധ്രയിലെ മില്ലുടമകൾ നേരിട്ടാണ്‌ കേരളത്തിലെ മൊത്തക്കച്ചവടക്കാർക്ക്‌ അരി നൽകുന്നത്‌. ഏകപക്ഷീയമായി ആന്ധ്രയില്‍നിന്നുതന്നെ ബില്ലിട്ടാണ്‌ അരി എത്തിക്കുന്നത്‌. മില്ലുടമകളുടെ ജീവനക്കാർ തന്നെയാണ്‌ ഇതിന്‌ ഇടനിലക്കാരായി ഇവിടെ പ്രവർത്തിക്കുന്നതും. ആന്ധ്രലോബി മൂന്നുമാസം മുമ്പും വില വർധിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം ആഗസ്തിൽ 50 രൂപയിൽ എത്തിയിരുന്നു കിലോ വില. ഓണം കഴിഞ്ഞതോടെ നാലുരൂപ വീണ്ടും ഉയർത്തി. ചില്ലറ വിൽപ്പന 59 രൂപയുമായിരുന്നു. നാലുമാസത്തിനിടെ മാത്രം കിലോക്ക്‌ കൂടിയത് 25 രൂപയായിരുന്നു. ജില്ലയിൽ ഉപഭോക്താക്കൾ കഴിക്കുന്ന അരിയിൽ 70 ശതമാനവും ജയയാണ്. ഇത്‌ ലക്ഷ്യമിട്ടാണ്‌ വില വർധന.

എന്നാൽ, രാജ്യത്തുനിന്നുള്ള അരി കയറ്റുമതി വർധിച്ചത് ആഭ്യന്തര വിപണിയിൽ വിലവർധനയ്ക്കു കാരണമായതായി ആന്ധ്രയിലെ ബ്രോക്കർമാർ പറയുന്നു. ജയ അരിയുടെ പ്രധാന ഉൽപ്പാദനകേന്ദ്രം ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയാണ്. ഇവിടുത്തെ ഉൽപ്പാദനം ഇത്തവണ കൂടിയതോടെ കയറ്റുമതി വർധിച്ചു. പച്ചരിക്കായും പുഴുക്കലരിക്കായും വിദേശ രാജ്യങ്ങളിലേക്ക്‌ വൻതോതിലാണ്‌ നെല്ല്‌ കയറ്റുമതി നടക്കുന്നത്‌. വിശാഖപട്ടണം, കാക്കിനാട തുറമുഖങ്ങളിൽനിന്ന്‌ പ്രതിമാസം 25 കപ്പലിലാണ്‌ കയറ്റുമതി. 25000 മുതൽ 35000ടൺ ശേഷിയുള്ള കപ്പലുകളിലാണ്‌ ഇവ കൊണ്ടുപോകുന്നത്‌. അതുകൊണ്ട്‌ നെല്ല്‌ ക്ഷാമം രൂക്ഷമാണ്‌. ആന്ധ്ര സർക്കാരും ഇക്കുറി നെല്ല്‌ കൂടുതൽ സംഭരിച്ചതായും ആന്ധ്ര ബ്രോക്കർ ബംബാറെഡ്ഢി പറഞ്ഞു.

അരിക്ക് ക്ഷാമമായതോടെ മില്ലുടമകൾ വില കൂട്ടി ചോദിക്കുന്നതിനാൽ കൊല്ലത്തെ മൊത്തക്കച്ചവടക്കാരിൽ പലരും പുതിയ ലോഡ് എടുക്കാൻ തയ്യാറാകുന്നില്ല. ജില്ലയില്‍ നിലവിൽ പൊതുവിപണിയിൽ അരി ആവശ്യത്തിനുള്ളതിനാൽ വിലക്കയറ്റം രൂക്ഷമാകില്ലെന്ന പ്രതീക്ഷയിലാണ്‌ വ്യാപാരികൾ.

Related posts

ട്രൈബൽ മേഖലയിലെ ആശുപത്രി വികസനത്തിന് പ്രത്യേക പരിഗണന: ആശുപത്രി വികസനത്തിന് 11.78 കോടി അനുവദിച്ചതായി മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

പിഎഫ്‌ ശമ്പളപരിധി 21,000 രൂപയാക്കുന്നു.

Aswathi Kottiyoor

സപ്ലൈകോ ക്രിസ്മസ്- പുതുവത്സര ജില്ലാ ഫെയർ ഭക്ഷ്യ മന്ത്രി ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor
WordPress Image Lightbox