എ ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം വാഹനാപകടത്തിൽ മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. 2022 ജൂലൈയിൽ അപകടങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം 3992 ആയിരുന്നു. 2023 ജൂലൈയിൽ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ എണ്ണം 3316 ആയി കുറഞ്ഞു. ജൂണ്‍ 5 മുതൽ ഓഗസ്റ്റ് 2 വരെ 32,42, 277 നിയമലംഘനം കണ്ടെത്തി. 15,83,367 നിയമലംഘനങ്ങൾക്ക് നടപടിയെടുത്തു. 3,82,580 നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ ചലാൻ നൽകി. 25 കോടി 81 ലക്ഷം രൂപ ഇ ചലാൻ വഴി കിട്ടിയെന്നും മന്ത്രി അറിയിച്ചു. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്കും എ ഐ ക്യാമറ ബാധകമാണെന്നും മന്ത്രി വ്യക്തമാക്കി. 19 എം എൽ എമാരുടെ വാഹനങ്ങൾക്കും 10 എം പിമാരുടെ വാഹനങ്ങൾക്കും പിഴ ചുമത്തിയെന്ന് മന്ത്രി അറിയിച്ചു. വി ഐ പികളെ പിഴയിൽ നിന്ന് ഒഴിവാക്കുന്നു എന്ന ആരോപണം തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി.
എം എൽ എ, എം പി വാഹനങ്ങളടക്കം 328 സർക്കാർ വാഹനങ്ങൾക്ക് പിഴ ചുമത്തിയിട്ടുണ്ട്. വി ഐ പി വാഹനങ്ങൾ ഒന്നിലധികം തവണ നിയമലംഘനം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസർഗോഡ് ജില്ലയിലാണ് കൂടുതൽ നിയമലംഘനം നടന്നത്. ഓൺലൈൻ അപ്പീൽ നൽകാനുള്ള സംവിധാനം സെപ്റ്റംബർ ഒന്ന് മുതൽ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.