26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • നിയമസഭാ സമ്മേളനം 7 മുതൽ; പുസ്തകോത്സവം നവംബറിൽ
Kerala

നിയമസഭാ സമ്മേളനം 7 മുതൽ; പുസ്തകോത്സവം നവംബറിൽ

പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ആഗസ്റ്റ് 7 തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് സ്പീക്കർ എ എൻ ഷംസീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമ്മേളനം 24ന് അവസാനിക്കും. പ്രധാനമായും നിയമ നിര്‍മ്മാണത്തിനായുള്ള സമ്മേളനം12 ദിവസം ചേരുമെന്നും സുപ്രധാന ബില്ലുകള്‍ പരിഗണിക്കുമെന്നും സ്പീക്കർ അറിയിച്ചു.

സമ്മേളനത്തിന്റെ ആദ്യദിനമായ തിങ്കളാഴ്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയതിനു ശേഷം മറ്റു നടപടികളിലേക്ക് കടക്കാതെ സഭ പിരിയും. ആഗസ്റ്റ് 11, 18 തീയതികള്‍ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായിട്ടാണ് വിനിയോഗിക്കുന്നത്. 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലെ ഉപധനാഭ്യര്‍ത്ഥനകളുടെ പരിഗണന ആഗസ്റ്റ് 21 തിങ്കളാഴ്ച നടത്തും. മറ്റ് ദിവസങ്ങളിലെ നിയമനിര്‍മ്മാണത്തിനായി മാറ്റിവയ്ക്കപ്പെട്ട സമയങ്ങളില്‍ സഭ പരിഗണിക്കേണ്ട ബില്ലുകള്‍ ഏതൊക്കെയാണെന്നത് 7ന് ചേരുന്ന കാര്യോപദേശക സമിതി നിർദേശപ്രകാരം ക്രമീകരിക്കുന്നതാണ്. ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും സംരക്ഷണം ഉറപ്പാക്കുന്ന ഓർഡിനൻസിന്‌ പകരമുള്ള ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ തുടങ്ങിയവ ഈ സമ്മേളനത്തിൽ വരും. ആഗസ്‌ത്‌ 14നും 15നും സഭ ചേരില്ല.

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം നവംബറിൽ

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പ് നവംബറിൽ നടത്തുമെന്നും സ്പീക്കർ അറിയിച്ചു. പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് നവംബർ 1 മുതൽ 7 വരെ നിയമസഭാ അങ്കണത്തിൽ വച്ച് നടത്തും. വൈവിധ്യം കൊണ്ടും പൊതുജനപങ്കാളിത്തംകൊണ്ടും കഴിഞ്ഞ പുസ്തകോത്സവം ഏറെ അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ചിരുന്നുവെന്നും രണ്ടാം പതിപ്പ് കൂടുതൽ മികവോടെ സംഘടിപ്പിക്കുന്നതിനുള്ള നടപടികൾ നിയമസഭാ സെക്രട്ടേറിയറ്റ് ആരംഭിച്ചുകഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. മുൻവർഷത്തേപോലെ കൂടുതൽ അന്താരാഷ്ട്ര പ്രസാധകരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും സാഹിത്യ, സാമൂഹിക, കലാ- സാംസ്കാരിക രംഗങ്ങളിൽ ലോകപ്രശസ്തരായ വ്യക്തിത്വങ്ങളെ പങ്കെടുപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. കല-സാഹിത്യ-സാംസ്കാരിക മേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള നിയമസഭാ പുരസ്കാരം ഇത്തവണയും ഏർപ്പെടുത്തും. പുസ്തകോത്സവം മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾക്ക് വിവിധ മാധ്യമ അവാർഡുകൾ നൽകാനും തീരുമാനിച്ചിട്ടുണ്ട്. പ്രസാധകർക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്രദമാകുന്ന രീതിയിൽ മികച്ച ഒരു പുസ്തകോത്സവം സംഘടിപ്പിക്കുന്നതിന് എല്ലാവരുടെയും സഹകരണം ആവശ്യപ്പെടുന്നതായും എ എൻ ഷംസീർ കൂട്ടിച്ചേർത്തു.

Related posts

കുതിച്ചുയരുന്നവിലയിൽ പൊറുതിമുട്ടി ജനങ്ങൾ ഈ 8 സാധനങ്ങൾക്ക് വിലകൂടി; അവശ്യസാധനങ്ങൾക്ക് 3 മുതൽ 30% വരെ വില വർധന

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുംബൈയിൽ ; രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും

Aswathi Kottiyoor

ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്കാ​യി സോ​ണി​യാ ഗാ​ന്ധി മൈ​സൂ​രി​ലെ​ത്തി

Aswathi Kottiyoor
WordPress Image Lightbox