24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കടുപ്പം കുറയ്ക്കാതെ, ഇഷ്ടം വിടാതെയും…
Uncategorized

കടുപ്പം കുറയ്ക്കാതെ, ഇഷ്ടം വിടാതെയും…

രണ്ടാഴ്ച മുൻപ്, ഉമ്മൻ ചാണ്ടി വിട പറഞ്ഞ ദിവസം ഉച്ചയ്ക്ക് വക്കം പുരുഷോത്തമൻ എന്നെ ഫോണിൽ വിളിച്ചു. ‘‘എനിക്ക് ഉമ്മൻ ചാണ്ടിയെ കാണണം. എവിടെപ്പോയാൽ കാണാൻ കഴിയും ?’’
ആദ്യം വീട്ടിലേക്കും അതുകഴിഞ്ഞ് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലേക്കും കൊണ്ടുപോകുമെന്നു ഞാൻ പറഞ്ഞു. തിരക്കായതിനാൽ‌ വീട്ടിൽ പോകുന്നതിനെക്കാൾ നല്ലത് ദർബാർ ഹാളിൽ ചെല്ലുന്നതാണെന്നും ഓർമിപ്പിച്ചു. എന്നാൽ, വൈകിട്ട് ചില അസ്വസ്ഥതകൾ കാരണം അദ്ദേഹത്തിന് സെക്രട്ടേറിയറ്റിൽ എത്താനായില്ല. ഉറ്റസുഹൃത്തായ ഉമ്മൻ ചാണ്ടിയെ അവസാനമായി ഒരു നോക്കു കാണാൻ കഴിയാത്തതിൽ വലിയ ദുഃഖത്തിലായിരുന്നു വക്കം.ഒരേസമയം കാർക്കശ്യത്തിന്റെയും അനുരഞ്ജനത്തിന്റെയും വഴികളിലൂടെ സഞ്ചരിച്ച അപൂർവം രാഷ്ട്രീയക്കാരിൽ ഒരാളായിരുന്നു അദ്ദേഹം. നിയമസഭാ നടപടിക്രമങ്ങൾ അനന്തമായി നീണ്ടുപോയിരുന്ന കാലത്താണ് വക്കം സ്പീക്കറാകുന്നത്. വൈകിട്ട് 6 വരെയൊക്കെ സഭ നീണ്ടുപോയിരുന്ന കാലം. സഭ പിരിയുമ്പോഴേക്കും അംഗങ്ങൾ അവശരായിരിക്കും. വക്കം സ്പീക്കറായതോടെ ഒന്നരയ്ക്കു സഭ പിരിയണമെന്ന നിബന്ധന വച്ചു. അതേസമയം, എല്ലാവർക്കും സംസാരിക്കാൻ അവസരവും ഉറപ്പാക്കി. ആരെങ്കിലും സമയപരിധി ലംഘിച്ചാൽ ‘യെസ്… യെസ്..’. എന്നു വക്കത്തിന്റെ വിളിയെത്തും. അങ്ങനെ നിയമസഭയിൽ‌ സമയക്ലിപ്തത കൊണ്ടുവന്നു. സ്പീക്കറെന്ന നിലയിൽ വലിയ കാർക്കശ്യം കാണിച്ചിരുന്നെങ്കിലും രാഷ്ട്രീയത്തിനപ്പുറം എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമായിരുന്നു.

പാർട്ടിക്ക് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഏറ്റവും വലിയ സംഭാവനയായി ഞാൻ കാണുന്നത് തിരുവനന്തപുരം ജില്ലയിൽ തകർന്നടിഞ്ഞ കോൺഗ്രസിനെ ഉയിർത്തെഴുന്നേൽപിക്കാൻ നടത്തിയ കഠിന പ്രയത്നമാണ്. കോൺ‌ഗ്രസിൽ യുവനിരയെ വളർത്തിയെടുക്കാൻ വക്കം മുന്നിൽനിന്നു. പി.സി.ചാക്കോ, എം.എം.ഹസൻ, കെ.ശങ്കരനാരായണപിള്ള, തലേക്കുന്നിൽ ബഷീർ, നീലലോഹിതദാസ നാടാർ തുടങ്ങിയവരെ കൈപിടിച്ചുയർത്തി.

ഐഎഎസ് ഉദ്യോഗസ്ഥരുമായി അദ്ദേഹം കാട്ടുന്ന അടുപ്പം എന്ന അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. ആൻഡമാനിലെയും മിസോറമിലെയും സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കാൻ ഡൽ‌ഹിയിലെ സ്വാധീനം വക്കം നന്നായി പ്രയോജനപ്പെടുത്തി. ഞാൻ മുഖ്യമന്ത്രിയായിരിക്കുമ്പോഴും ഇതുപോലുള്ള ഡൽഹി സഹായങ്ങൾ ഒട്ടേറെ ചെയ്തുതന്നിട്ടുണ്ട്.ഒടുവിൽ രാഷ്ട്രീയത്തിൽ സജീവമല്ലായിരുന്നെങ്കിലും ഇടയ്ക്കിടയ്ക്കു വിളിക്കുമായിരുന്നു. പരസ്പരം കാണുകയും ചെയ്തിരുന്നു. കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ‌ ആഴത്തിലേറ്റ മുറിവാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗം. ആ മുറിവുണങ്ങാൻ ഒരുപാടു കാലം വേണ്ടിവരും. പിന്നാലെ വക്കവും വിടപറഞ്ഞിരിക്കുന്നു.

Related posts

*നീളം 118 കി.മീ, ചെലവ് 9000 കോടി: ബെംഗളൂരു-മൈസൂർ യാത്രാസമയം മൂന്നിലൊന്നാകും, കേരളത്തിനും നേട്ടം

Aswathi Kottiyoor

കോപ്പയിലെ കൊടുങ്കാറ്റിനുശേഷം ഒളിംപിക്സ് ഫുട്ബോളിൽ അര്‍ജന്‍റീന-ഫ്രാന്‍സ് ക്വാര്‍ട്ടര്‍ പോരാട്ടം

Aswathi Kottiyoor

‘കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര വ്യത്യസ്തമായ അനുഭവം’; സ്വന്തം കൈപ്പടയില്‍ ആശംസകള്‍ കുറിച്ച് മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox