23.8 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ദേശീയപാത പദ്ധതികൾ: കേരളത്തിന്റെ വാഗ്ദാനം കുരുക്കാവുന്നു
Uncategorized

ദേശീയപാത പദ്ധതികൾ: കേരളത്തിന്റെ വാഗ്ദാനം കുരുക്കാവുന്നു

തിരുവനന്തപുരം ∙ സംസ്ഥാനത്തെ ദേശീയപാത പദ്ധതികൾക്കു ഭൂമി ഏറ്റെടുക്കുന്നതിന്റെ വിഹിതം ഒഴിവാക്കുന്നതിനു പകരമായി കേന്ദ്രം മുന്നോട്ടു വച്ചത് തിരുവനന്തപുരം ഔട്ടർ റിങ് റോഡ് പദ്ധതിയിൽ സംസ്ഥാനം അംഗീകരിച്ച മാതൃക. രണ്ടു ഹൈവേ പദ്ധതികളുടെ ഭൂമി ഏറ്റെടുക്കൽ ചെലവ് കേന്ദ്രം പൂർണമായി ഏറ്റെടുക്കുമ്പോൾ, നിർമാണ സാമഗ്രികളുടെ സംസ്ഥാന ജിഎസ്ടിയും മണ്ണും കല്ലും ഉൾപ്പെടെയുള്ളവയുടെ റോയൽറ്റിയും ഒഴിവാക്കണമെന്നാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ മാസം മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ സംസ്ഥാനത്തോട് ആവശ്യപ്പെട്ടത്. ഇത് ഔട്ടർ റിങ് റോഡ് പദ്ധതിയിൽ സംസ്ഥാനം അംഗീകരിച്ച നിർദേശമാണെന്നാണ് ഇപ്പോൾ പുറത്തു വന്ന വിവരം.
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്ത വിഴിഞ്ഞം – നാവായിക്കുളം ഔട്ടർ റിങ് റോഡിന്റെ (എൻഎച്ച് 866) നിർമാണച്ചുമതല സംസ്ഥാനത്തിന്റെ അഭ്യർഥന പ്രകാരമാണ് ദേശീയപാത അതോറിറ്റി ഏറ്റെടുത്തത്. ഭൂമി ഏറ്റെടുക്കലിന്റെ 50% ചെലവും സർവീസ് റോഡിന്റെ 100% ചെലവും സംസ്ഥാനം വഹിക്കണമെന്നായിരുന്നു പ്രധാന നിബന്ധന. ഇതോടൊപ്പം നിർമാണ സാമഗ്രികളുടെ സംസ്ഥാന ജിഎസ്ടിയും മണ്ണിന്റെയും കല്ലിന്റെയും ഉൾപ്പെടെ റോയൽറ്റിയും ഒഴിവാക്കാമെന്നു സംസ്ഥാനം അംഗീകരിച്ചുവെന്ന് കഴിഞ്ഞ ദിവസം രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപിക്കു നൽകിയ മറുപടിയിലാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയത്. ഔട്ടർ റിങ് റോഡ് നിർമാണത്തിന് ദേശീയപാത അതോറിറ്റിയുമായുള്ള കരാർ സംസ്ഥാനം ഒപ്പിട്ടിട്ടില്ല. 31ന് ചർച്ച നടക്കാനിരിക്കുകയാണ്. ഭൂമി ഏറ്റെടുക്കലിന്റെ 50% നൽകുന്നതിനു പുറമേ സർവീസ് റോഡിന് 100% തുക നൽകുകയും ജിഎസ്ടിയും റോയൽറ്റിയും ഒഴിവാക്കുകയും ചെയ്യുന്നത് സംസ്ഥാനത്തിനു വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കും. ഔട്ടർ റിങ് റോഡിന് ഈ കരാർ അംഗീകരിച്ചാൽ അങ്കമാലി – കുണ്ടന്നൂർ ബൈപാസ് (എറണാകുളം ബൈപാസ്), കൊല്ലം – ചെങ്കോട്ട പുതിയ ഹൈവേ എന്നിവയുടെ ഭൂമി ഏറ്റെടുക്കൽ ചെലവിൽ നിന്ന് ഒഴിവാക്കുന്നതിന്റെ ഭാഗമായി കേന്ദ്രം ആവശ്യപ്പെട്ടതിനു സമാനമായ ഇളവും നൽകേണ്ടി വരും. കേന്ദ്രമന്ത്രിയുടെ കത്തിനും സംസ്ഥാനം മറുപടി അയച്ചിട്ടില്ല. ഭാവിയിൽ അതൊരു കീഴ്‌വഴക്കമായി മാറിയാൽ സംസ്ഥാനത്തിന്റെ ജിഎസ്ടി, റോയൽറ്റി വരുമാനങ്ങളിലും ഇടിവുണ്ടാകും. സ്വയം സൃഷ്ടിച്ച ഈ കുരുക്കിൽ നിന്ന് കരകയറാനുള്ള മാർഗങ്ങളെക്കുറിച്ച് ആലോചിക്കാനാണ് ഔട്ടർ റിങ് റോഡിന്റെ കരാർ ഒപ്പിടുന്നത് സംസ്ഥാനം വൈകിക്കുന്നതെന്നാണു സൂചന.

Related posts

‘മുങ്ങിയ’ ഡോക്ടർമാർക്ക് എട്ടിന്റെ പണിയുമായി സർക്കാർ, പേര് പ്രസിദ്ധീകരിച്ചു, അടുത്തത് പിരിച്ചുവിടൽ

Aswathi Kottiyoor

വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ മുൻവാതില്‍ തകര്‍ത്ത് വൻ കവര്‍ച്ച; 75 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു

Aswathi Kottiyoor

സ്കൂളുകളിൽ ഇനി ‘എ.ഐ പഠനം’; സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നിന്നുള്ള 13,000 അധ്യാപകർ പരിശീലനം പൂർത്തിയാക്കി

Aswathi Kottiyoor
WordPress Image Lightbox