24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സ്‌ത്രീകളെ നഗ്‌നരാക്കി നടത്തിയ കേസ്‌ സിബിഐക്ക് ; വിചാരണ മണിപ്പുരില്‍ വേണ്ടെന്ന് കേന്ദ്രം
Kerala

സ്‌ത്രീകളെ നഗ്‌നരാക്കി നടത്തിയ കേസ്‌ സിബിഐക്ക് ; വിചാരണ മണിപ്പുരില്‍ വേണ്ടെന്ന് കേന്ദ്രം

മണിപ്പുരിൽ രണ്ട്‌ സ്‌ത്രീകളെ നഗ്നരാക്കി നടത്തുകയും പീഡിപ്പിക്കുകയും ചെയ്‌ത സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള സംസ്ഥാന സർക്കാരിന്റെ ശുപാർശ അംഗീകരിച്ചതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. വിചാരണ ഉൾപ്പെടെ കേസ്‌ പൂർണമായും മണിപ്പുരിന്‌ പുറത്തേക്ക്‌ മാറ്റണമെന്ന്‌ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്‌ ഭല്ല സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ അഭ്യർഥിച്ചു. ആറുമാസത്തിനുള്ളിൽ വിചാരണ പൂർത്തീകരിക്കാൻ ഉത്തരവിടണമെന്നും അഭ്യർഥിച്ചു. കേസിൽ ഏഴു പ്രതികൾ ഇതുവരെയായി അറസ്റ്റിലായി. ശേഷിക്കുന്നവരെ കണ്ടെത്താനായി നിരവധി പൊലീസ്‌ സംഘങ്ങൾക്ക്‌ രൂപം നൽകി വിവിധ സ്ഥലങ്ങളിലായി തിരച്ചിൽ നടത്തിവരികയാണ്‌–- സത്യവാങ്‌മൂലത്തിൽ പറയുന്നു.

ജൂലൈ 20ന്‌ മണിപ്പുർ കേസ്‌ പരിഗണിച്ച ഘട്ടത്തിൽ സ്‌ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തെ കടുത്ത ഭാഷയിൽ സുപ്രീംകോടതി അപലപിച്ചിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കേന്ദ്ര–- സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച നടപടി അറിയിക്കാനും നിർദേശിച്ചു. അഭയാർഥിക്യാമ്പുകളിൽ കഴിയുന്നവർക്ക്‌ മാനസികാരോഗ്യപിന്തുണ ഉറപ്പാക്കുന്നതിനായി ജില്ലാതലത്തിൽ പ്രത്യേക സംഘങ്ങൾക്ക്‌ രൂപം നൽകിയിട്ടുണ്ടെന്ന്‌ സർക്കാർ സത്യവാങ്‌മൂലത്തിൽ അറിയിച്ചു.

വഴിമുട്ടി 
സിബിഐ
രണ്ടു കുക്കി സ്‌ത്രീകളെ നഗ്നരാക്കി നടത്തിയശേഷം ലൈംഗികമായി പീഡിപ്പിച്ച കേസ്‌ സിബിഐക്ക്‌ വിട്ടെന്ന്‌ സുപ്രീംകോടതിയെ കേന്ദ്രം അറിയിച്ച ഘട്ടത്തിൽത്തന്നെ മണിപ്പുരിൽ തങ്ങളുടെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി കേന്ദ്ര അന്വേഷണ ഏജൻസി. മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട്‌ ആറ്‌ കേസ്‌ ജൂൺ ഒമ്പതിനുതന്നെ കേന്ദ്ര സർക്കാർ സിബിഐക്ക്‌ വിട്ടിരുന്നു.

എന്നാൽ, ഈ കേസുകളിൽ അന്വേഷണവുമായി മുന്നോട്ടുപോകാൻ കഴിയുന്നില്ലെന്ന്‌ സിബിഐ ഉദ്യോഗസ്ഥർതന്നെ മാധ്യമങ്ങളോട്‌ പറഞ്ഞു. ഒരു ഡിഐജിയുടെ നേതൃത്വത്തിൽ സിബിഐയുടെ പ്രത്യേകാന്വേഷക സംഘമാണ്‌ (എസ്‌ഐടി) ആറ്‌ കേസ്‌ അന്വേഷിക്കുന്നത്‌. കേസുകൾ ഏറ്റെടുത്തശേഷം പുതിയ എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്‌തു. എന്നാൽ, ഇതിന്റെ പകർപ്പ്‌ സിബിഐ ഇതുവരെയായി പുറത്തുവിട്ടിട്ടില്ല. അന്വേഷണമാകട്ടെ എങ്ങുമെത്താതെ വഴിമുട്ടിയ നിലയിലാണ്‌. അന്വേഷണ ഉദ്യോഗസ്ഥർ ഉപരോധവും പ്രതിഷേധവും നേരിടുന്നു. ഒരു കേസിൽപ്പോലും സാക്ഷികളെ ലഭിച്ചിട്ടില്ലെന്നും സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞു.

Related posts

തെരുവുനായ്​ ആക്രമണം; വാക്സിനേഷൻ ആരംഭിച്ചു

Aswathi Kottiyoor

പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്നു

Aswathi Kottiyoor

ആരോഗ്യ മേഖലയ്‌ക്ക് കരുത്തേകുന്ന ബജറ്റ്: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox