22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • പുതുപ്പള്ളിക്കായി കളമൊരുക്കം; വാക്പോര് തുടങ്ങി
Uncategorized

പുതുപ്പള്ളിക്കായി കളമൊരുക്കം; വാക്പോര് തുടങ്ങി

തിരുവനന്തപുരം∙ രാഷ്ട്രീയഭിന്നത മാറ്റിവച്ച് എല്ലാവരും പങ്കുചേർന്ന ഉമ്മൻ ചാണ്ടിയുടെ അന്ത്യയാത്രയ്ക്ക് തൊട്ടുപിന്നാലെ ആ സൗഹൃദം അവസാനിപ്പിച്ച് യുഡിഎഫും എൽഡിഎഫും വാക്പോര് തുടങ്ങി. ഇതോടെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പു പോരാട്ടത്തിന്റെ രാഷ്ട്രീയക്കളമൊരുങ്ങുന്നു.

കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ ചിലർ മുദ്രാവാക്യം വിളിച്ചതിന്റെ അമർഷമാണ് സിപിഎം കേന്ദ്രങ്ങളിൽനിന്നു പുറത്തുവന്നത്. ഒറ്റപ്പെട്ട സംഭവം കാര്യമാക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അഭിപ്രായപ്പെട്ടെങ്കിലും വേദി കളങ്കപ്പെട്ടെന്ന വിലയിരുത്തലാണ് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനിൽ നിന്നുണ്ടായത്. ‘ആതിഥേയ സംസ്കാരം നന്മയുടെ ലക്ഷണമാണ്, നസ്രത്തിൽ നിന്നു നന്മ പ്രതീക്ഷിച്ചിട്ടു കാര്യമില്ല.’– മുദ്രാവാക്യം വിളിക്കാരുടെ ചിത്രം സഹിതം മന്ത്രി വി.എൻ.വാസവൻ ഫെയ്സ്ബുക്കിൽ പ്രതിഷേധിച്ചു. വിലാപയാത്രയിൽ വിളിച്ച മുദ്രാവാക്യം ആവർത്തിച്ചതിനപ്പുറം ബോധപൂർവം മുഖ്യമന്ത്രിയെ അപമാനിച്ചില്ലെന്നാണ് കെപിസിസി വിശദീകരണം. മുഖ്യമന്ത്രി പ്രസംഗിച്ചപ്പോൾ മാത്രം എന്തുകൊണ്ടു സംഭവിച്ചെന്നു സിപിഎമ്മിന്റെ മറുചോദ്യവും.സോളർ കേസ് ആയുധമാക്കി ഉമ്മൻ ചാണ്ടിയെ വേട്ടയാടിയതിലെ അമർഷം മുഖ്യമന്ത്രിയുടെ തന്നെ സാന്നിധ്യത്തിൽ കെ.സുധാകരൻ സൂചിപ്പിച്ചത് വാക്പോരിന് ഇന്ധനം പകർന്നു. ആരെയും നേരിട്ടു കുറ്റപ്പെടുത്തിയില്ലെങ്കിലും കെപിസിസി പ്രസിഡന്റിന്റെ ലാക്ക് മുഖ്യമന്ത്രിയെയാണെന്നു വ്യക്തമായിരുന്നു. ഇതോടെ പിണറായിയെ സംരക്ഷിച്ചും ഒരു വേട്ടയാടലും എൽഡിഎഫ് നടത്തിയിട്ടില്ലെന്ന അവകാശവാദവുമായും മുന്നണി കൺവീനർ ഇ.പി.ജയരാജൻ രംഗത്തെത്തി. ജയരാജന്റെ പ്രതികരണത്തിനു കാത്തുനിന്നതു പോലെ വേട്ടയാടൽ കഥകൾ എണ്ണിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തിരിച്ചടിച്ചു.

പുതുപ്പള്ളിയിൽ പോരാട്ടത്തിനു സന്നദ്ധരാണെന്നും പ്രതിപക്ഷനേതാവും എൽഡിഎഫ് കൺവീനറും പ്രഖ്യാപിച്ചു. ഉപതിരഞ്ഞെടുപ്പ് 3–4 മാസത്തിനകം ഉണ്ടാകുമെന്ന കണക്കുകൂട്ടലാണ് മുന്നണികൾക്ക്. പുതുപ്പള്ളി നിലനിർത്താനുള്ള പോരാട്ടത്തിൽ ഒരു പഴുതും കൊടുക്കരുതെന്നു വിലയിരുത്തിയാണ് സംഘടനാ തയാറെടുപ്പിലേക്ക് എത്രയും വേഗം കടക്കാൻ കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചത്. ഉന്നത നേതാക്കൾ തന്നെ വീണ്ടും പുതുപ്പള്ളി സന്ദർശിച്ചു സംഘടനാ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകും.

മറ്റന്നാൾ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പുതുപ്പള്ളിയിലെ രാഷ്ട്രീയ–സംഘടനാ അന്തരീക്ഷം പ്രാഥമികമായി വിലയിരുത്തും. ഡൽഹിയിൽ ഓഗസ്റ്റ് 4 മുതൽ 7 വരെ നടക്കുന്ന പൊളിറ്റ്ബ്യൂറോ–കേന്ദ്രകമ്മിറ്റി യോഗത്തിനു പിന്നാലെ കൂടുന്ന സംസ്ഥാന സെക്രട്ടേറിയറ്റ്–സംസ്ഥാന കമ്മിറ്റി യോഗം ചുമതലക്കാരെ നിശ്ചയിച്ച് ഒരുക്കങ്ങളിലേക്കു കടക്കും.

ചാണ്ടി ഉമ്മൻ സ്ഥാനാർഥിയാകാനാണ് സാധ്യതയെങ്കിലും തിരഞ്ഞെടുപ്പു വിജ്ഞാപനം വരുംവരെ ചർച്ച വേണ്ടെന്നാണ് കോൺഗ്രസിലെ ധാരണ. ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചിട്ടുള്ള റജി സഖറിയയോ ജെയ്ക് സി.തോമസോ എൽഡിഎഫ് സ്ഥാനാർഥി ആകാനാണ് എല്ലാ സാധ്യതയും.∙ ‘‘പുതുപ്പള്ളിയിൽ രാഷ്ട്രീയ മത്സരം നേരിടാൻ കോൺഗ്രസും യുഡിഎഫും തയാറാണ്. ആരുടെയും ഒരു ഔദാര്യവും വേണ്ട. 53 കൊല്ലം ഉമ്മൻ ചാണ്ടി പ്രതിനിധാനം ചെയ്ത പുതുപ്പള്ളിയിൽ അദ്ദേഹത്തിന്റെ മാനം കാക്കാൻ മത്സരിക്കും. ആർക്കും ഒരു സംശയവും വേണ്ട.’’ – പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

∙ ‘‘ഉപതിരഞ്ഞെടുപ്പ് എപ്പോൾ വന്നാലും നേരിടാൻ തയാർ. തിരഞ്ഞെടുപ്പ് വ്യക്തികൾ തമ്മിലുള്ള പോരാട്ടമല്ല. രാഷ്ട്രീയ നയങ്ങൾ തമ്മിലാണ്. തിരഞ്ഞെടുപ്പിനെ ഭയപ്പെടുന്നത് ദുർബലമായ രാഷ്ട്രീയമുള്ളവരാണ്.’’ – എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ

Related posts

പുതുമോടിയില്‍ കോഴിക്കോട്ടെ സി എച്ച് മേല്‍പ്പാലം, ഇന്ന് തുറക്കും, ഗതാഗതക്കുരുക്കിന് പരിഹാരം

Aswathi Kottiyoor

വേനല്‍മഴ ശക്തമാകുന്നു; ഇടിമിന്നലിനെതിരെ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

Aswathi Kottiyoor

കാനഡയിൽ ഭാര്യയെ കൊന്ന് നേരെ ഇന്ത്യയിലേക്ക്, എല്ലാം ചൂതാട്ടത്തിന്റെ പേരിൽ? പ്രതിയെ തേടി കേരള പൊലീസും

Aswathi Kottiyoor
WordPress Image Lightbox