24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മകളെ ജീവനോടെ വേണോ മൃതദേഹം വേണോ? പിന്നെ കണ്ടത് അവളുടെ മുടിയും രക്തവും’
Uncategorized

മകളെ ജീവനോടെ വേണോ മൃതദേഹം വേണോ? പിന്നെ കണ്ടത് അവളുടെ മുടിയും രക്തവും’

ഇംഫാൽ∙ നിങ്ങളുടെ മകളെ ജീവനോടെയാണോ അതോ അവളുടെ ശവം കാണണമോ? എന്ന് ഒരു സ്ത്രീ ഫോണിലൂടെ ചോദിച്ചതായി മണിപ്പുരിൽ അക്രമി സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ യുവതിയുടെ അമ്മ. അതൊരു സ്ത്രീയുടെ ശബ്ദമായിരുന്നു. ഇതിനു ശേഷം മകളുടെ മരണവാർത്തയാണ് തന്നെ തേടി എത്തിയതെന്നും യുവതിയുടെ അമ്മ പറഞ്ഞു. തുടർന്ന് ഇംഫാലിലെ ഒരു കെട്ടിടത്തിലെ ഭിത്തിയിൽ അവളുടെ മുടിയും രക്തവും കണ്ടെത്തി.

യുവതിയുടെ മൃതദേഹം ഇതുവരെ കുടുംബം ഏറ്റുവാങ്ങിയിട്ടില്ല. ‘‘ഈ യാഥാർഥ്യം ഉൾക്കൊള്ളാൻ എനിക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഞാൻ കണ്ണുകൊണ്ട് കാണാത്തതിനാൽ എന്റെ മകൾ തിരിച്ചു വരും എന്നുതന്നെ പ്രതീക്ഷിക്കുന്നു. അവളുടെ പിതാവ് ഇപ്പോഴും സേനാപതിയിലെ ആശുപത്രിയിൽ ‍ചികിത്സയിലാണ്. മകൾക്കു സംഭവിച്ച കാര്യങ്ങൾ എനിക്കിപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല.’’– ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ യുവതിയുടെ അമ്മ വെളിപ്പെടുത്തി. മേയ് അഞ്ചിന് അക്രമികൾ കൂട്ടബലാത്സംഗത്തിനിരയാക്കി കാർവാഷ് സെന്ററിലെ ജോലിക്കാരായ രണ്ട് യുവതികളെ കൊലപ്പെടുത്തിയിരുന്നു. സ്ത്രീകളുൾപ്പെടുന്ന സംഘമാണ് യുവതികളെ തട്ടിക്കൊണ്ടുപോകാൻ ബലാത്സംഗത്തിനിരയാക്കാൻ നേതൃത്വം നൽകിയതെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. യുവതികളെ ആൾക്കൂട്ടം നഗ്നരാക്കി നടത്തിയ ദിവസം തന്നെയായിരുന്നു മറ്റു രണ്ടു യുവതികൾ കൊല്ലപ്പെട്ടത്.

ഏഴുപേർ അടങ്ങുന്ന സംഘം വായ് മൂടിക്കെട്ടി യുവതികളെ ഒരു മുറിയിൽ പൂട്ടിയിട്ട് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തി. അക്രമി സംഘത്തിലെ സ്ത്രീകൾ യുവതികളെ ലൈംഗികപീഡനത്തിനിരയാക്കാൻ പുരുഷന്മാരെ പ്രോത്സാഹിപ്പിച്ചതായും ദൃക്സാക്ഷികൾ വെളിപ്പെടുത്തി. ‘‘അക്രമം തുടരുന്ന സാഹചര്യം ഉണ്ടായപ്പോൾ ഞാൻ അവളെ ഫോണിൽ വിളിച്ചു നോക്കി. ഒരു സ്ത്രീയാണ് അപ്പോൾ ഫോൺ എടുത്തത്. എന്റെ മകളുടെ മൃതദേഹം വേണോ, അതോ അവളെ ജീവനോടെ വേണമോ എന്നാണ് അവർ എന്നോട് ചോദിച്ചത്. ആ നിമിഷം എന്റെ മനസ് മരവിച്ചുപോയി. ’’– യുവതിയുടെ അമ്മ പ്രതികരിച്ചു.

ഹൃദ്രോഗിയായതിനാൽ വീട്ടുകാർ പിന്നീട് തന്നോട് കൂടുതൽ ഒന്നും പറഞ്ഞിരുന്നില്ലെന്നും യുവതിയുടെ അമ്മ വെളിപ്പെടുത്തി. ‘‘മറ്റു മക്കളെ ഞാന്‍ വിളിച്ചു വരുത്തി. പിന്നീട് എന്നെ തേടി കോളുകൾ ഒന്നും എത്തിയിരുന്നില്ല. ഏതാനും ദിവസങ്ങൾക്കു ശേഷം എനിക്ക് ഒരു ഫോൺകോൾ വന്നു. എന്റെ മകൾക്ക് എന്താണ് സംഭവിച്ചതെന്നു പറഞ്ഞു.’’– യുവതിയുടെ അമ്മ വെളിപ്പെടുത്തി.

മണിപ്പുരിൽ മേയ് മൂന്നിന് ആരംഭിച്ച കലാപത്തിൽ ഇതുവരെ 125പേർ കൊല്ലപ്പെട്ടു. 40,000ത്തോളം പേർ പലായനം ചെയ്തു. യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല.

Related posts

സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച് സൈനികൻ; സംസ്കാരം കഴിഞ്ഞ് ആറാം ദിനം വീട്ടിലെത്തി, പിന്നാലെ ശരിക്കും മരണം

Aswathi Kottiyoor

മിക്സിയിലൊളിപ്പിച്ച് സ്വര്‍ണക്കടത്ത്; 76.80 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു

Aswathi Kottiyoor

‘നെഞ്ചിൽ ചവിട്ടി, കഴുത്ത് ഞെരിച്ചു’, സുഭദ്ര കൊല്ലപ്പെട്ടത് ക്രൂരമായ മർദ്ദനമേറ്റ്, അറസ്റ്റ് രേഖപ്പെടുത്തി

Aswathi Kottiyoor
WordPress Image Lightbox