27.7 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • സോണിയ ഗാന്ധി കർണാടകയിൽനിന്ന് രാജ്യസഭയിലേക്ക്? റായ്ബറേലിയിൽ പ്രിയങ്കയ്ക്ക് സാധ്യത
Uncategorized

സോണിയ ഗാന്ധി കർണാടകയിൽനിന്ന് രാജ്യസഭയിലേക്ക്? റായ്ബറേലിയിൽ പ്രിയങ്കയ്ക്ക് സാധ്യത

ന്യൂഡൽഹി∙ അടുത്ത വർഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി കർണാടകയിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിച്ചേക്കുമെന്ന് സൂചന. ആറു മാസത്തിനുള്ളിൽ കർണാടകയിലെ നാലു രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്, സോണിയ ഇത്തവണ രാജ്യസഭയിലേക്ക് മത്സരിച്ചേക്കുമെന്ന സൂചനകൾ പുറത്തുവരുന്നത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് സോണിയയ്ക്കു മുന്നിൽ ഇത്തരമൊരു ‘ഓഫർ’ വച്ചത്. സോണിയ രാജ്യസഭ തിരഞ്ഞെടുത്താൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ സോണിയയുടെ മണ്ഡലമായ റായ്ബറേലിയിൽനിന്ന് പ്രിയങ്ക മത്സരിക്കുമെന്നാണ് വിവരം.

കോൺഗ്രസ് പ്രതിനിധികളായ ജി.സി.ചന്ദ്രശേഖർ, സയ്യിദ് നസീർ ഹുസൈൻ, ഡോ. എൽ.ഹനുമന്തയ്യ എന്നിവരുടെയും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെയും രാജ്യസഭയിലെ കാലാവധി അടുത്ത വർഷം ഏപ്രിൽ രണ്ടിന് അവസാനിക്കുകയാണ്. സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസിന് കണക്കുപ്രകാരം ഇവിടെനിന്ന് നാലിൽ മൂന്ന് പേരെ ഇനിയും അനായാസം ജയിപ്പിച്ചെടുക്കാം.കാലാവധി അവസാനിക്കുന്ന സയ്യിദ് നസീർ ഹുസൈന് മല്ലികാർജുൻ ഖർഗെയുടെ വിശ്വസ്തനെന്ന നിലയിൽ ഒരു തവണ കൂടി അവസരം ലഭിക്കാനാണ് സാധ്യത. കോൺഗ്രസിന്റെ സമൂഹ മാധ്യമ അധ്യക്ഷയായ സുപ്രിയ ശ്രീനാട്ടെയ്ക്കും ഇത്തവണ പാർട്ടി സീറ്റ് നൽകുമെന്നാണ് വിവരം. ഇവർക്കൊപ്പമാകും സോണിയയും മത്സരത്തിന് ഇറങ്ങുക. അട്ടിമറികൾ സംഭവിച്ചില്ലെങ്കിൽ മൂവരുടെയും വിജയം സുനിശ്ചിതമാണ്.

അടുത്തിടെ പ്രതിപക്ഷ നേതൃ യോഗത്തിൽ പങ്കെടുക്കാനായി ബെംഗളൂരുവിൽ എത്തിയ സമയത്താണ്, മുഖ്യമന്ത്രി സിദ്ധരാമയ്യ സോണിയയോട് കർണാടകയിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കാൻ ആവശ്യപ്പെട്ടത്. സോണിയ അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചില്ലെങ്കിലും, അവർ ഇവിടെനിന്ന് മത്സരിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ഇപ്പോഴത്തെ ഔദ്യോഗിക വസതിയായ 10 ജൻപഥ് നിലനിർത്താൻ സോണിയയ്ക്ക് കഴിയും. 1989ൽ രാജീവ് ഗാന്ധി പ്രതിപക്ഷ നേതാവെന്ന നിലയിൽ ഇവിടെയെത്തിയതു മുതൽ സോണിയയുടെ താമസം ഈ വസതിയിലാണ്.

അടുത്തിടെ സോണിയയുടെ മക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്ക് ഡൽഹിയിലെ ഔദ്യോഗിക വസതികൾ നഷ്ടമായിരുന്നു. മോദി പരാമർശവുമായി ബന്ധപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ടതോടെയാണ് രാഹുലിന് ഔദ്യോഗിക വസതി ഒഴിയേണ്ടി വന്നത്. സുരക്ഷാ കാരണങ്ങളാൽ 1997ൽ അനുവദിച്ച വസതിയിൽനിന്ന് പ്രിയങ്ക 2022 ജൂലൈയിൽ ഒഴിഞ്ഞിരുന്നു.

അഞ്ച് തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സോണിയ ഗാന്ധി നിലവിൽ റായ്ബറേലിയിൽ നിന്നുള്ള എംപിയാണ്. നാലു തവണ റായ്ബറേലിയിലും ഒരു തവണ അമേഠിയിലുമാണ് സോണിയ മത്സരിച്ചത്. ഇതുവരെ തിരഞ്ഞെടുപ്പിൽ തോറ്റിട്ടില്ലെന്ന ചരിത്രവുമുണ്ട്. ഇത്തവണ അനാരോഗ്യം നിമിത്തം മണ്ഡലത്തിൽ കാര്യമായ ശ്രദ്ധ പതിപ്പിക്കാൻ സോണിയയ്ക്ക് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇത്തവണ രാജ്യസഭയിലേക്ക് മത്സരിക്കുന്ന കാര്യം പരിഗണിക്കുന്നത്.

Related posts

മാർ ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രി; റബർ ബോർഡ് ചെയർമാനെ കാണും

Aswathi Kottiyoor

കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം; നമ്പർ പ്ലേറ്റ് നിർമ്മിച്ചയാൾ പിടിയിൽ

Aswathi Kottiyoor

പീരുമേട് തെരഞ്ഞെടുപ്പ് കേസ്: വാഴൂർ സോമൻ എംഎൽഎയ്ക്ക് ആശ്വാസം, തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി തളളി

Aswathi Kottiyoor
WordPress Image Lightbox