24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • നാലുവരി പാതയ്ക്ക് ക്ഷേത്രം പൊളിക്കരുത്: പേരാവൂർ തെരുവിൽ പ്രതിഷേധം..
Uncategorized

നാലുവരി പാതയ്ക്ക് ക്ഷേത്രം പൊളിക്കരുത്: പേരാവൂർ തെരുവിൽ പ്രതിഷേധം..

പേരാവൂർ: മാനന്തവാടി – കണ്ണൂർ വിമാനത്താവളം നാലുവരിപ്പാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നതിൽ വീണ്ടും പ്രതിഷേധം. പേരാവൂർ തെരുവ് ഗണപതി ക്ഷേത്രം ഭാരവാഹികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

ക്ഷേത്രം നിലനിർത്തി നാലുവരിപ്പാത നിർമിക്കാൻ അധികൃതർ തയ്യാറാവണമെന്നും അല്ലാത്തപക്ഷം ഭക്തരെയും നാട്ടുകാരെയും അണിനിരത്തി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു.

പാതയുടെ പേരാവൂർ പഞ്ചായത്തിലെ സമാന്തര പാതയുടെ അതിരുകൾ അളന്ന് കല്ലുകൾ പാകുന്ന പ്രവൃത്തി തെരു ക്ഷേത്രത്തിന് സമീപം എത്തിയാൽ തടയാനാണ് തീരുമാനം.

വർഷങ്ങൾക്ക് മുൻപ് പാതയുടെ അലൈന്മെന്റ് പേരാവൂർ ബ്ലോക്ക് ഹാളിൽ പ്രദർശിപ്പിച്ച വേളയിൽ തന്നെ ക്ഷേത്രം നിലനിർത്തി അലൈന്മെന്റ് മാറ്റണമെന്ന് ക്ഷേത്ര ഭാരവാഹികൾ ആവശ്യമുയർത്തിയിരുന്നു.

ഇക്കാര്യമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും നിവേദനവും നല്കിയതാണ്. ക്ഷേത്രം സംരക്ഷിക്കപ്പെടുമെന്ന് അധികൃതർ വാക്കാൽ ഉറപ്പും നല്കി.

എന്നാൽ, കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചപ്പോഴാണ് ക്ഷേത്രം പൂർണമായും ഇല്ലാതാക്കുന്ന രീതിയിലാണ് അലൈന്മെന്റ് എന്നറിയുന്നതെന്ന് ക്ഷേത്രം സ്ഥാനികൻ മധു പറയുന്നു അലൈന്മെന്റിൽ മാറ്റമുണ്ടാകുമെന്ന അധികൃതരുടെ ഉറപ്പ് ലംഘിക്കപ്പെട്ടു.

ഈ സാഹചര്യത്തിലാണ് പ്രത്യക്ഷ സമരങ്ങൾക്ക് ക്ഷേത്രക്കമ്മിറ്റി ഒരുങ്ങുന്നത്. ക്ഷേത്രം നിലനിർത്തി സമീപത്തെ വ്യക്തികളുടെ ഭൂമിയിലൂടെ നാലുവരിപ്പാത യാഥാർഥ്യമാക്കണം. റോഡ് വികസനത്തിന് ക്ഷേത്രക്കമ്മിറ്റിയോ നാട്ടുകാരോ എതിരുനില്ക്കില്ല.

എന്നാൽ, വർഷങ്ങളുടെ പഴക്കമുള്ള ക്ഷേത്രം ഇല്ലാതാക്കാനുള്ള നീക്കം തടയാനാണ് തീരുമാനം. പത്രസമ്മേളനം ഉൾപ്പെടെ വിളിച്ചുചേർത്ത് നാട്ടുകാരുടെ കൂടി പങ്കാളിത്തത്തോടെ വലിയ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുംഎന്നും, ജീവൻ നൽകിയും ക്ഷേത്രം സംരക്ഷിക്കുമെന്നും ക്ഷേത്രം കമ്മിറ്റിയംഗം പ്രകാശൻ പറഞ്ഞു.
ക്ഷേത്രം പാടെ പൊളിച്ചു നീക്കി കൊണ്ടുള്ള അലൈൻമെന്റ് വിശ്വാസം വ്രണപ്പെടുത്തുന്നതാണെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും, സർക്കാരിന്റെ എല്ലാ സഹായവും ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

എന്നാൽ അതുണ്ടായില്ല, ഇനി നാട്ടുകാരിലും ഭക്തജനങ്ങളിലും ആണ് വിശ്വാസം എന്നും മാനന്തവാടി കണ്ണൂർ വിമാനത്താവളം നാലുവരിപ്പാതയ്ക്ക് സ്ഥലം ഏറ്റെടുക്കുമ്പോൾ മിക്കിയിടങ്ങളിലും അമ്പലങ്ങളും പള്ളികളും പൊളിച്ചു മാറ്റുന്ന രീതിയിലാണ് അലൈൻമെന്റുകൾ ഉള്ളത്.

മിക്കയിടങ്ങളിലും ഇതിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. എന്തായാലും പ്രതിഷേധ പരിപാടികൾ കടുപ്പിച്ച് മുന്നോട്ടുപോകാനാണ് പേരാവൂർ തെരു ഗണപതി ക്ഷേത്രം ഭാരവാഹികളുടെ തീരുമാനം.

Related posts

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടിപ്പറും കൂട്ടിയിടിച്ചു; 5 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Aswathi Kottiyoor

ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്‍നിര്‍ത്തി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം തണ്ണീര്‍ പന്തലുകള്‍ ആരംഭിക്കും

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 552 പേര്‍ക്ക് കൂടി കൊവിഡ്:525 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox