24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • പേപ്പർ തിരുകിക്കയറ്റി ബ്ലോക്കാക്കും; സഹായിക്കാനെത്തി പണം തട്ടും: എടിഎം തട്ടിപ്പ് നടത്തിവന്ന പ്രതി പിടിയിൽ
Kerala

പേപ്പർ തിരുകിക്കയറ്റി ബ്ലോക്കാക്കും; സഹായിക്കാനെത്തി പണം തട്ടും: എടിഎം തട്ടിപ്പ് നടത്തിവന്ന പ്രതി പിടിയിൽ

കേരളം, ആന്ധ്ര, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ എടിഎം തട്ടിപ്പ് നടത്തിവന്ന ആളെ കട്ടപ്പന പൊലീസ് അറസ്റ്റുചെയ്തു. കട്ടപ്പനയിലെ എടിഎമ്മിൽ പണമെടുക്കാനെത്തിയ ഉപഭോക്താവിനെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ തമിഴ്നാട് ബോഡി കുറുപ്പ്സ്വാമി കോവിൽ സ്ട്രീറ്റ് തമ്പിരാജ് (46)നെയാണ് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. എടിഎം കൗണ്ടറുകളിലെ കാർഡ് ഇടുന്ന സ്ലോട്ടുകളിൽ പേപ്പർ തിരുകി വെക്കുന്ന പ്രതി, പണം പിൻവലിക്കാൻ കഴിയാതെ ആശയക്കുഴപ്പത്തിലാകുന്ന ഉപഭോക്താക്കളോട് സഹായിക്കാമെന്ന് പറഞ്ഞ് അടുത്തുകൂടി കാർഡും പിൻനമ്പരും കൈക്കലാക്കിയാണ് പണം തട്ടുന്നത്.

ജൂലായ് രണ്ടിന് കട്ടപ്പന സ്വദേശി ശ്രീജിത്ത് എസ് നായരുടെ എടിഎം കാർഡ് തട്ടിയെടുത്ത് പണം തട്ടിയെടുക്കുകയായിരുന്നു. ശ്രീജിത്ത് കട്ടപ്പനയിലെ ഒട്ടേറെ എടിഎം കൗണ്ടറുകളിൽ എത്തിയെങ്കിലും പണം പിൻവലിക്കുന്നതിൽ തടസ്സം നേരിട്ടു. തുടർന്ന് ഒന്നിലേറെ കൗണ്ടറുകളുള്ള എസ്ബിഐയുടെ എടിഎമ്മിൽ എത്തിയപ്പോഴും പണം പിൻവലിക്കാൻ കഴിഞ്ഞില്ല. ഇതേസമയം, അടുത്തുള്ള കൗണ്ടറിൽ പണം പിൻവലിച്ചുകൊണ്ടിരുന്ന തമ്പിരാജിനെ സഹായത്തിനായി സമീപിച്ചു. ശ്രീജിത്തിന്റെ കൈയിൽനിന്ന് കാർഡ് വാങ്ങിയ തമ്പിരാജ് തന്ത്രത്തിൽ മറ്റൊരു കാർഡ് എടിഎം കാർഡ് കൗണ്ടറിലിട്ട ശേഷം ശ്രീജിത്തിനോട് പിൻ ടൈപ്പ് ചെയ്യാൻ പറഞ്ഞു. ടൈപ്പ് ചെയ്ത പിൻ തെറ്റാണെന്ന് കാണിച്ചതോടെ ശ്രീജിത്തിനെ മറ്റൊരു എടിഎം കാർഡ് നൽകി തമ്പിരാജ് മടക്കി. അടുത്ത ദിവസം രാവിലെ മുതൽ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കുന്നതായുള്ള സന്ദേശം വന്നപ്പോഴാണ് കബളിപ്പിക്കപ്പെട്ടതെന്ന് മനസിലാക്കിയത്. ബാങ്കിനെ സമീപിച്ചപ്പോൾ കൈയിലിരിക്കുന്നത് മറ്റാരുടെയോ പണമില്ലാത്ത കാർഡ് ആണെന്ന് ബോധ്യമായി. തുടർന്നു പൊലീസിനെ സമീപിക്കുകയായിരുന്നു.

തമിഴ്നാട് പോലീസിന്റെ സഹായത്തോടെ കട്ടപ്പന ​ഇൻസ്‌പെക്ടർ ടി സി മുരുകൻ, എസ്ഐ സജിമോൻ ജോസഫ്, വി കെ അനീഷ് തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റുചെയ്തത്. തമിഴ്‌നാട്ടിലും കർണാടകത്തിലും അടക്കം സമാന രീതിയിൽ തട്ടിപ്പ് നടത്തി വൻ തുക കൈക്കലാക്കിയ തമ്പിരാജ് ഒരു മാസം മുമ്പാണ് ചെെന്നെ ജയിലിൽനിന്നും ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. വിവിധ സംസ്ഥാനങ്ങളിലായി മുപ്പതോളം സമാന കുറ്റക്യത്യങ്ങളിൽ പ്രതിയാണ് തമ്പിരാജ്. തമിഴ്‌നാട്ടിൽ 27 കേസുകളിൽ വിചാരണ നേരിടുന്നുണ്ട്. പീരുമേട്, കുമളി, പാമ്പനാർ, വണ്ടിപ്പെരിയാർ, ഏലപ്പാറ എന്നിവിടങ്ങളിലും ഇതേ രീതിയിൽ പണം തട്ടിയതായി പ്രതി സമ്മതിച്ചു.

Related posts

പച്ചപ്പൊന്നായി ഏലം, വില 2000 കടന്നു ; ഉല്‍പ്പാദനം കുറവ്

Aswathi Kottiyoor

സ്ക്കൂൾ അധ്യാപകർക്ക് നിലവാരപരിശോധന; മികവ് നോക്കി ശമ്പളം.

Aswathi Kottiyoor

കേരളത്തിൽ ഇത്തവണ കാലവർഷം വൈകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Aswathi Kottiyoor
WordPress Image Lightbox