2019ൽ ചാന്ദ്രയാൻ 2 ദൗത്യം അവസാന നിമിഷം പാളിയത് ഐഎസ്‌ആർഒയ്‌ക്ക് ഏറ്റ അപ്രതീക്ഷിത അടിയായിരുന്നു. 2019 സെപ്‌തംബർ ആറിനാണ് ചാന്ദ്രപ്രതലത്തിൽനിന്ന് 2.1 കിലോമീറ്ററിനു മുകളിൽ എത്തിയപ്പോൾ വിക്രം ലാൻഡറും ഭൂമിയുമായുള്ള ബന്ധം അപ്രതീക്ഷിതമായി നിലച്ചത്. മൂന്നുവർഷത്തിനുശേഷം ചാന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണം ഒരു പിഴവുപോലും ഇല്ലാതെ വിജയത്തിലെത്തിക്കാൻ മുഴുവൻ മുൻകരുതലുകളും ഐഎസ്‌ആർഒ എടുത്തിട്ടുണ്ട്.
പിഴവുകൾ ഒഴിവാക്കിയ ചാന്ദ്രയാൻ 3
ഭൂമിയിൽനിന്ന് ഏകദേശം നാലുലക്ഷം കിലോമീറ്റർ അകലെ ചന്ദ്രനിൽ ഇറങ്ങാനുള്ള ഇന്ത്യയുടെ മൂന്നാമത് ചാന്ദ്രദൗത്യമാണ് ചാന്ദ്രയാൻ 3. ചന്ദ്രോപരിതലത്തിൽ ഇറങ്ങിയാൽ 14 ദിവസമാണ് ഇതിന് ആയുസ്സ്. ചാന്ദ്രയാൻ രണ്ടിൽനിന്ന് വ്യത്യസ്തമായി ലാൻഡിങ് കാലുകൾക്ക് ബലം കൂട്ടിയും കൂടുതൽ സെൻസറുകൾ ഉൾപ്പെടുത്തിയുമാണ് മൂന്നിന്റെ നിർമാണം. കൂടുതൽ ഊർജത്തിന് സോളാർ പാനലുകളുടെ വലുപ്പം കൂട്ടിയിട്ടുണ്ട്. ലാൻഡിങ് വേഗം പരിശോധിക്കാൻ പുതിയ ലേസർ അധിഷ്ഠിത ഉപകരണവും ഉൾപ്പെടുത്തി. സോഫ്റ്റ്‌വെയറുകളിൽ നിരവധി അപ്‌ഡേറ്റുകൾ നടത്തി. നിർദിഷ്ട സ്ഥാനത്ത് സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ പുതിയ സ്ഥലം കണ്ടെത്തി ലാൻഡ് ചെയ്യാൻ ആവശ്യമായ മാറ്റങ്ങൾ തനിയെ ഉൾക്കൊള്ളാൻ കഴിയുന്നതാണ് പുതിയ സോഫ്റ്റ്‌വെയർ. 615 കോടി രൂപയാണ് ചാന്ദ്രയാൻ മൂന്നിന്റെ ചെലവ്.
ചന്ദ്രനെ അറിയാൻ
കുഞ്ഞൻ റോവർ
റോക്കറ്റിൽനിന്ന് വേർപെടുത്തപ്പെടുന്ന പ്രൊപ്പൽഷൻ യൂണിറ്റ് ചന്ദ്രന്റെ നൂറു കിലോമീറ്റർ പരിധിയിലെത്തുകയും പിന്നീട് ലാൻഡറിനെ ചന്ദ്രനിലേക്ക് അയക്കുകയും ചെയ്യും. ലാൻഡർ കൃത്യതയോടെ വേഗം നിയന്ത്രിച്ച് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ്ങിന് ശ്രമിക്കും. വിജയിച്ചാൽ ലാൻഡറിൽനിന്ന് ആറ് ചക്രമുള്ള റോബോട്ടായ റോവറിനെ ചന്ദ്രന്റെ ഉപരിതലത്തിലിറക്കും. വെറും 26 കിലോ ഭാരമുള്ള ഈ കുഞ്ഞന് ഭൂമിയുമായി നേരിട്ട് ആശയവിനിമയ സംവിധാനങ്ങൾ ഇല്ല. തൊട്ടടുത്തുള്ള ലാൻഡറിനാണ് റോവർ ഡാറ്റകൾ കൈമാറുക.