21.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • സംയോജന മാതൃകകൾ സന്ദർശിച്ച് ഇതര സംസ്ഥാന പ്രതിനിധികൾ; ദേശീയ ശിൽപശാലയിൽ കുടുംബശ്രീക്ക് പ്രശംസ
Kerala

സംയോജന മാതൃകകൾ സന്ദർശിച്ച് ഇതര സംസ്ഥാന പ്രതിനിധികൾ; ദേശീയ ശിൽപശാലയിൽ കുടുംബശ്രീക്ക് പ്രശംസ

കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനവും തദ്ദേശ സ്ഥാപനങ്ങളുമായുള്ള സംയോജന പ്രവർത്തനങ്ങൾക്ക് ഇതര സംസ്ഥാനങ്ങളുടെ അഭിനന്ദനം. കുടുംബശ്രീയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന ശിൽപശാലയിലാണ് ലോകത്തിന് മാതൃകയായ കുടുംബശ്രീയുടെ വിവിധ പദ്ധതി പ്രവർത്തനങ്ങളിലെ സംയോജന മാതൃക കൈയടി നേടിയത്. ശിൽപശാലയുടെ ആദ്യദിനം വെങ്ങാനൂർ, ബാലരാമപുരം, കോട്ടുകാൽ, കാഞ്ഞിരംകുളം, പള്ളിച്ചൽ, കരകുളം എന്നീ പഞ്ചായത്തുകളിലെ ബഡ്‌സ് സ്ഥാപനങ്ങൾ, അങ്കണവാടി, ബഡ്ജറ്റ് ഹോട്ടൽ, ഹരിതകർമ സേന, സൂക്ഷ്മ സംരംഭങ്ങൾ എന്നിവ സംഘം സന്ദർശിച്ചിരുന്നു.

ഭിന്നശേഷിക്കാരായ കുട്ടികളുടെ പകൽ പരിപാലനത്തിനു വേണ്ടി തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്നു കുടുംബശ്രീ നടപ്പാക്കുന്ന ബഡ്‌സ് സ്ഥാപനങ്ങൾ സാമൂഹ്യ സുരക്ഷാമേഖലയിൽ കുടുംബശ്രീയുടെ ശ്രദ്ധേയമായ ഇടപെടലാണെന്ന് സംഘം അഭിപ്രായപ്പെട്ടു. ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർക്ക് വരുമാനദായക തൊഴിൽ പരിശീലനവും സംരംഭ രൂപീകരണ സഹായങ്ങൾ നൽകുന്നതും ഏറെ ശ്രദ്ധേയമാണെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. തദ്ദേശ സ്ഥാപനങ്ങൾ, ശുചിത്വ മിഷൻ, ക്‌ളീൻ കേരള കമ്പനി എന്നിവയുമായി ചേർന്ന് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ഹരിതകർമ സേന മാലിന്യ നിർമാർജന രംഗത്ത് ഏറെ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്നുവെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു. ഇരുപത് രൂപയ്ക്ക് ഊണ് ലഭ്യമാക്കുന്ന ജനകീയ ഹോട്ടൽ പദ്ധതി വിശപ്പുരഹിത കേരളമെന്ന ലക്ഷ്യം നിറവേറ്റുന്നതോടൊപ്പം സാധാരണക്കാരായ നിരവധി വനിതകൾക്ക് സുസ്ഥിര തൊഴിലും വരുമാനവും നൽകാൻ സഹായകമാകുന്നുവെന്നും അവർ പറഞ്ഞു.

കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ജോയിൻറ് സെക്രട്ടറി വികാസ് ആനന്ദ്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ്, മുൻ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ്, എൻ.ഐ.ആർ.ഡി.പി.ആർ അസി.പ്രൊഫസർ ഡോ. പ്രത്യുഷ ഭട്‌നായിക്, കേരള സർക്കാർ കൺസൾട്ടൻറ് ഡോ.നിർമല സാനു ജോർജ് എന്നിവർ സമാപന സമ്മേളനത്തിൽ സംസാരിച്ചു.

Related posts

ചർമ മുഴ രോഗം: എല്ലാ പശുക്കൾക്കും ഒരുമാസത്തിനകം കുത്തിവയ്പ്പ് – മന്ത്രി ജെ. ചിഞ്ചുറാണി

Aswathi Kottiyoor

കോവിഡിന്റെ വലിയ വ്യാപന സാധ്യത ഇനി കുറവ്; കുറച്ചുനാൾകൂടി ജാഗ്രത വേണം: മുഖ്യമന്ത്രി

Aswathi Kottiyoor

മലയോരമേഖലയിൽ അഗ്നിയുടെ താണ്ഡവം ഓടിത്തളർന്ന് അഗ്നിശമനസേന

Aswathi Kottiyoor
WordPress Image Lightbox