25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • വന്യജീവി ആക്രമണം തടയാൻ നിയമ ഭേദഗതി
Kerala

വന്യജീവി ആക്രമണം തടയാൻ നിയമ ഭേദഗതി

വനാതിർത്തിക്ക്‌ സമീപത്തെ ജനവാസമേഖലയിലെ വന്യജീവി ആക്രമണം നേരിടുന്നതിനായുള്ള നിയമത്തിന്റെ ഭേദഗതിക്കായി ചീഫ്‌ സെക്രട്ടറി കൺവീനറായി ഉദ്യോഗസ്ഥസമിതിയെ നിയോഗിച്ചു. വന്യജീവി ആക്രമണം നേരിടുന്നതിന്‌ തടസ്സമാവുന്ന വന്യജീവി സംരക്ഷണ നിയമത്തിലെ ഭാഗങ്ങൾ ഭേദഗതി ചെയ്യാനുള്ള നിർദേശങ്ങൾ സമർപ്പിക്കുകയാണ്‌ സമിതിയുടെ ചുമതല. കേന്ദ്രനിയമത്തിന്‌ നിയമസഭയിൽ ഭേദഗതി ബിൽ അവതരിപ്പിക്കുന്നതിന്‌ മുന്നോടിയായാണിത്‌. നിയമഭേദഗതിക്ക്‌ സാങ്കേതിക തടസ്സം ഉണ്ടാവുന്ന പക്ഷം നിയമസഭ പ്രമേയം പാസാക്കി കേന്ദ്രത്തിന്‌ കൈമാറും. ജീവാപായം, പരിക്ക്‌, വിളനഷ്ടം, വീടിനും സ്വത്തിനും നാശം എന്നിവയ്‌ക്ക്‌ ഇൻഷുറൻസ്‌ പരിരക്ഷ ഉറപ്പാക്കുന്നതുൾപ്പെടെയുള്ള കാതലായ നിർദേശങ്ങൾ സമിതി സമർപ്പിക്കും.

അക്രമകാരികളായ വന്യജീവികളെ മയക്കുവെടിവയ്ക്കുന്നതിനും മറ്റുമുള്ള നടപടിക്രമങ്ങൾ ലളിതമാക്കാനും നിർദേശിക്കും. 1972ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യാനുള്ള നിർദേശം തയ്യാറാക്കാനുള്ള സമിതിയിൽ വനം, പരിസ്ഥിതി അഡീഷണൽ ചീഫ്‌ സെക്രട്ടറിമാർ, വനം മേധാവി, നിയമ സെക്രട്ടറി എന്നിവരും അംഗങ്ങളാണ്‌. വന്യജീവികളുടെയും പക്ഷികളുടെയും സംരക്ഷണം ഭരണഘടനയുടെ സമവർത്തി പട്ടികയിലുൾപ്പെട്ടതായതിനാലാണ്‌ തടസ്സം മറികടക്കാൻ സംസ്ഥാനം ഭേദഗതി അവതരിപ്പിക്കുന്നത്‌. ബിൽ നിയമസഭ പാസാക്കിയാലും രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമാണ്‌. ഇത്‌ ലഭിക്കാതിരുന്നാലും പ്രതിസന്ധി മറികടക്കുന്നതിനാണ്‌ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കുന്നത്‌.

വന്യജീവിശല്യം മൂലമുള്ള ജീവാപായവും കൃഷി നാശവും സാമൂഹ്യപ്രശ്‌നമായി മാറുകയാണ്‌. അടിയന്തര നടപടിയെന്നനിലയിൽ ജനവാസമേഖലകളിൽ ദുരിതം സൃഷ്ടിക്കുന്ന കാട്ടുപന്നികളെ വെടിവച്ചുകൊല്ലുന്നതിനുള്ള അനുമതി ഒരുവർഷം കൂടി നീട്ടിയിട്ടുണ്ട്‌.

വന്യജീവി–- മനുഷ്യസംഘർഷം നിയന്ത്രിക്കുന്നതിന്‌ പ്രിൻസിപ്പൽ ചീഫ്‌ കൺസർവേറ്റർ സർക്കാരിന്‌ റിപ്പോർട്ട്‌ സമർപ്പിച്ചിട്ടുണ്ട്‌. അഞ്ചുവർഷ പദ്ധതിക്ക്‌ 650 കോടി രൂപയെങ്കിലും വേണ്ടിവരും. മറ്റൊരു വിദഗ്‌ധ ഉപസമിതി പത്തുവർഷ പദ്ധതിക്ക്‌ 1150 കോടിയുടെ നിർദേശങ്ങളും സമർപ്പിച്ചിട്ടുണ്ട്‌.

Related posts

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഏപ്രിൽ 1 ന് ആരംഭിക്കും

Aswathi Kottiyoor

77 പ്രധാന റോഡുകള്‍ ഗതാഗത യോഗ്യമാക്കാന്‍ 17 കോടി .

Aswathi Kottiyoor

ദർശന സമയമടക്കമുള്ള കാര്യങ്ങളും കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതും ചർച്ചയാകുമെന്ന് ദേവസ്വം മന്ത്രി; ശബരിമല തീർത്ഥാടനം: മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു; തിങ്കളാഴ്ച യോഗം ചേരുന്നത് നിയമസഭാ ചേംബറിൽ

Aswathi Kottiyoor
WordPress Image Lightbox