• Home
  • Kerala
  • വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ വന്‍ തിരക്ക്; ടൂറിസം സ്മാര്‍ട്ട് കാര്‍ഡുമായി രാജസ്ഥാന്‍
Kerala

വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ വന്‍ തിരക്ക്; ടൂറിസം സ്മാര്‍ട്ട് കാര്‍ഡുമായി രാജസ്ഥാന്‍

സംസ്ഥാനത്തെത്തുന്ന വിനോദസഞ്ചാരികള്‍ക്കായി ഒരു ഏകീകൃത സ്മാര്‍ട്ട് കാര്‍ഡ് കൊണ്ടുവരാനൊരുങ്ങി രാജസ്ഥാന്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളുമായും ഗതാഗത സംവിധാനങ്ങളുമായുമെല്ലാം വിനോദസഞ്ചാരികളെ ഈ സ്മാര്‍ട്ട് കാര്‍ഡിലൂടെ ബന്ധിപ്പിക്കും. ടൂറിസം വകുപ്പും ഗതാഗത വകുപ്പും സഹകരിച്ചുകൊണ്ട് ഇതിനായി ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലും ആരംഭിക്കും. സംസ്ഥാന വിനോദസഞ്ചാര വകുപ്പാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി.റീച്ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ഈ സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കാന്‍ സാധിക്കും. കാര്‍ഡ് കൈവശമുള്ളവര്‍ ഇതിനായി പ്രത്യേക ടിക്കറ്റ് എടുക്കേണ്ടിവരില്ല. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഗതാഗത സംവിധാനങ്ങളും ഈ കാര്‍ഡ് വഴി ഉപയോഗിക്കാനാവും. ആദ്യഘട്ടമെന്ന നിലയില്‍ സംസ്ഥാനത്തിനുള്ളില്‍ സര്‍വീസ് നടത്തുന്ന സൂപ്പര്‍ ലക്ഷ്വറി ബസുകളിലാണ് ഈ കാര്‍ഡ് വഴി യാത്രചെയ്യാനാകുക.

ഈ പദ്ധതി നടപ്പിലാക്കുന്നതോടെ വിദേശികള്‍ ഉള്‍പ്പെടെയുള്ള സഞ്ചാരികള്‍ക്ക് രാജസ്ഥാനില്‍ കൂടുതല്‍ സുഗമമായി സഞ്ചരിക്കാനും ഉല്ലസിക്കാനും സാധിക്കും. ഇത് സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. തുടക്കത്തില്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് കാര്‍ഡ് ഉപയോഗിച്ച് പ്രവേശിക്കാന്‍ സാധിക്കുക. ഭാവിയില്‍ സ്വകാര്യ മേഖലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെയും കാര്‍ഡുമായി ബന്ധിപ്പിക്കും. ഇതിലൂടെ ഇത്തരം കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ ടിക്കറ്റിനായി സഞ്ചാരികള്‍ മണിക്കൂറുകള്‍ വരി നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കാനാകും

രാജസ്ഥാന്‍ ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലുകളും കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ പദ്ധതിയുണ്ട്. സംസ്ഥാനത്തെ ടാക്‌സി സര്‍വീസുകളെയും ടൂര്‍ പാക്കേജുകള്‍, ഗൈഡുമാര്‍ എന്നിവയെയും ഈ ഏകീകൃത സംവിധാനത്തിന്റെ ഭാഗമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് മുന്നിലെ തിരക്കുകള്‍ പലപ്പോഴും സഞ്ചാരികളെ വലയ്ക്കാറുണ്ട്. രാജ്യത്തെ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലൊന്നായ രാജസ്ഥാനില്‍ ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഓരോ വര്‍ഷവും എത്താറുള്ളത്.

Related posts

പ്‌ളാസ്റ്റിക് റോഡ്… 4967 കിലോമീറ്റർ

Aswathi Kottiyoor

8 ശബരി സ്‌പെഷ്യൽ ട്രെയിൻകൂടി

Aswathi Kottiyoor

ലോക മാതൃഭാഷാ ദിനത്തില്‍ വിദ്യാലയങ്ങളില്‍ ഭാഷാപ്രതിജ്ഞ

Aswathi Kottiyoor
WordPress Image Lightbox