24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടിട്ട് 5 മാസം; വിവാദങ്ങളിൽ പ്രതികരണമില്ല, വിദേശ സന്ദർശനത്തിന്റെ നേട്ടങ്ങളും പങ്കുവച്ചില്ല
Kerala

മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടിട്ട് 5 മാസം; വിവാദങ്ങളിൽ പ്രതികരണമില്ല, വിദേശ സന്ദർശനത്തിന്റെ നേട്ടങ്ങളും പങ്കുവച്ചില്ല

മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ അഭിമുഖീകരിച്ചിട്ട് ഇന്നു 150 ദിവസം. ഫെബ്രുവരി 9ന് ആയിരുന്നു അദ്ദേഹം അവസാനമായി വാർത്താസമ്മേളനം നടത്തിയത്. ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസിനെതിരെ പ്രതിപക്ഷം പ്രതിഷേധം കടുത്തപ്പോഴായിരുന്നു അത്. പിന്നീടു സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരായി ആരോപണങ്ങളുയർന്നെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ മാത്രമായിരുന്നു കഴിഞ്ഞ 5 മാസമായി അദ്ദേഹം പ്രതികരിച്ചിരുന്നത്. മുൻപൊരു മുഖ്യമന്ത്രിയും ഇത്ര നീണ്ടകാലം മാധ്യമങ്ങളിൽ നിന്ന് അകലം പാലിച്ചിട്ടില്ല.കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലം വരെ എല്ലാ ആഴ്ചയും മന്ത്രിസഭ യോഗ ശേഷം തീരുമാനങ്ങൾ മുഖ്യമന്ത്രി നേരിട്ടു മാധ്യമങ്ങളിലൂടെ വിശദീകരിച്ചിരുന്നു. അതുമായി ബന്ധപ്പെട്ടും മറ്റു വിഷയങ്ങളിലും ചോദ്യങ്ങൾ ഉന്നയിക്കാനും വിശദീകരണം തേടാനുമുള്ള അവസരമായിരുന്നു അത്. ഈ പതിവ് ഒഴിവാക്കിയ പിണറായി വിജയൻ മന്ത്രിസഭ തീരുമാനങ്ങൾ പത്രക്കുറിപ്പായി ഇറക്കുകയായിരുന്നു. മുൻ മുഖ്യമന്ത്രിമാരെല്ലാം പൊതുപരിപാടികൾക്കെത്തുമ്പോഴും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പത്രസമ്മേളങ്ങളിലൂടെയല്ലാതെ മാധ്യമങ്ങളോട് പ്രതികരിക്കില്ലെന്ന നിലപാടാണു മുഖ്യമന്ത്രിയായതു മുതൽ പിണറായി വിജയൻ സ്വീകരിച്ചത്. അദ്ദേഹത്തിന്റെ അസാധാരണമായ സുരക്ഷാ വലയവും മാധ്യമങ്ങളെ അകറ്റുന്നതാണ്

കോവിഡ് സമയത്ത് ഓരോ ദിവസത്തെയും കോവിഡ് ബാധിതരുടെ കണക്കടക്കം അവതരിപ്പിച്ച് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനങ്ങൾ ശ്രദ്ധേയമായിരുന്നു. കോവിഡ് പ്രതിസന്ധി ഒഴിയുകയും വീണ്ടും എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തുകയും ചെയ്തതോടെ പത്രസമ്മേളനങ്ങൾ വിരളമായി. എഐ ക്യാമറ ഇടപാട്, കെ–ഫോൺ വിവാദം, ലോകകേരള സഭയുടെ യുഎസ് മേഖലാ സമ്മേളനവുമായി ബന്ധപ്പെട്ട വിവാദം, ലൈഫ് മിഷനുമായി ബന്ധപ്പെട്ട ആരോപണങ്ങൾ, എസ്എഫ്ഐക്കാർ ഉൾപ്പെട്ട കേസുകൾ, മാധ്യമങ്ങൾക്കെതിരെയുള്ള നടപടികൾ എന്നിവയിലൊന്നും മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല.

വിദേശ പര്യടനം കഴിഞ്ഞെത്തിയാൽ അതിന്റെ നേട്ടങ്ങൾ മാധ്യമങ്ങളുമായി പങ്കുവയ്ക്കുന്ന പതിവുണ്ടായിരുന്നു. എന്നാൽ യുഎസ്–ക്യൂബ സന്ദർശനം കഴിഞ്ഞ് അതുമുണ്ടായില്ല. പ്രധാനമന്ത്രി മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നില്ലെന്നു സിപിഎം ഉൾപ്പെടെ വിമർശിക്കുമ്പോഴാണു പാർട്ടി ഭരിക്കുന്ന ഏക സംസ്ഥാനത്തെ മുഖ്യമന്ത്രിയും അഞ്ചു മാസമായി മാധ്യമങ്ങളെ അകറ്റി നിർത്തുന്നത്.

Related posts

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

Aswathi Kottiyoor

ശിവഗിരി തീർഥാടനം സമത്വ ലോകത്തിന്റെ സന്ദേശം: കേന്ദ്ര പ്രതിരോധ മന്ത്രി

Aswathi Kottiyoor

സമൂഹമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ശ്രീലങ്ക; അവശ്യസാധനത്തിനായി ജനം തെരുവിൽ .

Aswathi Kottiyoor
WordPress Image Lightbox