24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ജലനേത്ര ജലാശയ പര്യവേഷണ രംഗത്തു വലിയ മുന്നേറ്റമുണ്ടാക്കും: മന്ത്രി അഹമ്മദ് ദേവർകോവിൽ
Kerala

ജലനേത്ര ജലാശയ പര്യവേഷണ രംഗത്തു വലിയ മുന്നേറ്റമുണ്ടാക്കും: മന്ത്രി അഹമ്മദ് ദേവർകോവിൽ

സംസ്ഥാനത്തെ ജലാശയങ്ങളുടെ അടിത്തട്ടിന്റെ സ്വഭാവം, പരിസ്ഥിതി, അടിയൊഴുക്ക്, തീരശോഷണം, മലിനീകരണം തുടങ്ങിയവ നേരിട്ടു മനസിലാക്കാൻ കഴിയുന്ന വിധത്തിൽ സംസ്ഥാന ഹൈഡ്രോഗ്രഫിക് സർവെ വിഭാഗം ആവിഷ്‌കരിച്ച ജലനേത്ര ഡിജിറ്റൽ ഭൂപടം ജലാശയ പര്യവേഷണ രംഗത്തു വലിയ മുന്നേറ്റമുണ്ടാക്കുമെന്നു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ഹൈഡ്രോഗ്രഫിക് സർവേ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക ഹൈഡ്രോഗ്രഫി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ കടൽത്തീരത്തിന്റെയും 44 നദികളുടേയും തടാകങ്ങൾ, പുഴകൾ തുടങ്ങിയ ജലാശയങ്ങളുടേയും അനുബന്ധ ജലാശയങ്ങളുടേയും അടിത്തട്ടിന്റെ നേർച്ചിത്രമാണു ജലനേത്രയിലൂടെ ലഭിക്കുന്നതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ സമ്പൂർണ മാപ്പിങ് രാജ്യത്തുതന്നെ ആദ്യമാണ്. ഉൾനാടൻ ജലാശയങ്ങളേയും സമുദ്ര തീരങ്ങളേയും പരമാവധി പ്രയോജനപ്പെടുത്തുന്ന പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ചു നടപ്പാക്കുകയാണ്. ഇത്തരം പദ്ധതികൾ നടപ്പാക്കുമ്പോൾ കാലാവസ്ഥാ വ്യതിയാനം, പ്രളയം, സമുദ്രോപരിതല ജലത്തിന്റെ ഉയർച്ച, തീരശോഷണം തുടങ്ങിയ പ്രതിസന്ധികളെ ഫലപ്രദമായി നേരിടേണ്ടതായുണ്ട്. ഇതിന് ഈ മേഖലയിൽ കൂടുതൽ പര്യവേഷണം ആവശ്യമാണ്. ജലനേത്രയുടെ ഭാഗമായി ശേഖരിച്ച ഡാറ്റകൾ ഈ രംഗത്തു ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

ഹൈഡ്രോഗ്രഫിക് സർവേ വിഭാഗത്തിന്റെ പ്രവർത്തനം പൂർണമായി ഡിജിറ്റലാകുന്ന പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി ചടങ്ങിൽ നിർവഹിച്ചു. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് ഹാളിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ വി.കെ. പ്രശാന്ത്, പി. നന്ദകുമാർ, കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള, സംസ്ഥാന കോസ്റ്റൽ എരിയ ഡെവലപ്മെന്റ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ പി.ഐ. ഷെയ്ക് പരീത്, ചീഫ് ഹൈഡ്രോഗ്രാഫർ വി. ജിറോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Related posts

പരസ്‌പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് കാത്തിരിക്കേണ്ട ആവശ്യമില്ല; വ്യവസ്ഥ ഒഴിവാക്കാം’

ഒമിക്രോണ്‍ അപകടകാരി; വാക്‌സിന്‍ ഫലപ്രാപ്തിയെ ബാധിക്കുമോയെന്ന് ആശങ്ക.

Aswathi Kottiyoor

ഫിഫ്റ്റി-ഫിഫ്റ്റി ഇനി മുതൽ ബുധനാഴ്ച, അക്ഷയ ഭാഗ്യക്കുറി ഞായറാഴ്ച; നറുക്കെടുപ്പ് തീയതികൾ മാറ്റി

Aswathi Kottiyoor
WordPress Image Lightbox