24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സന്ദീപിന് മാനസികാരോഗ്യ പ്രശ്നമില്ല; മറ്റുള്ളവരെ ഉപദ്രവിക്കാൻ താൽപര്യമുള്ള പ്രകൃതം’
Uncategorized

സന്ദീപിന് മാനസികാരോഗ്യ പ്രശ്നമില്ല; മറ്റുള്ളവരെ ഉപദ്രവിക്കാൻ താൽപര്യമുള്ള പ്രകൃതം’

തിരുവനന്തപുരം∙ വൈദ്യ പരിശോധനയ്ക്കിടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ.വന്ദനാദാസിനെ കുത്തി കൊലപ്പെടുത്തിയ യുപി സ്കൂൾ അധ്യാപകൻ ജി.സന്ദീപിനു മാനസിക ആരോഗ്യപ്രശ്നങ്ങളില്ലെന്നു മെഡിക്കൽ ബോർഡ്. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും മറ്റുള്ളവരെ ഉപദ്രവിക്കാനും താൽപര്യമുള്ള പ്രകൃതക്കാരനാണു പ്രതി. ലഹരി ഉപയോഗം പ്രതിയുടെ സ്വഭാവത്തിൽ മാറ്റം വരുത്തിയിരിക്കാമെന്നും മെഡിക്കൽ ബോർഡ് ജില്ലാ ക്രൈംബ്രാഞ്ചിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു.

സംഭവം നടക്കുമ്പോൾ സന്ദീപ് മദ്യപിച്ചിരുന്നതിനു തെളിവ് ലഭിച്ചിട്ടില്ല. രാസലഹരികൾ ഉപയോഗിച്ചതിനും തെളിവില്ല. രക്ത സാംപിൾ രാസപരിശോധനയ്ക്ക് അയച്ചെങ്കിലും ലഹരി ഉപയോഗിച്ചതിനു തെളിവ് ലഭിച്ചില്ല. അക്രമാസക്തനായതിനാൽ വൈകിയാണ് സന്ദീപിന്റെ രക്ത സാംപിൾ എടുക്കാൻ കഴിഞ്ഞതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. റിമാൻഡ് ചെയ്തതിനുശേഷം കോടതി നിർദേശപ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചപ്പോഴാണ് സന്ദീപിന്റെ പരിശോധന നടത്തിയത്.

മുൻപ് മദ്യപിച്ചിരുന്നതായും പിന്നീട് മദ്യപാനം നിർത്തി ചികില്‍സ തേടിയതായും സന്ദീപ് ഡോക്ടർമാരോട് പറഞ്ഞു. മദ്യപാനം നിർത്തിയപ്പോഴുള്ള മാനസിക പ്രശ്നങ്ങളോ, മദ്യപാനം നിർത്താൻ ചികിൽസ തേടിയശേഷം വീണ്ടും ലഹരി ഉപയോഗിച്ചതോ ആകാം സന്ദീപിനെ അക്രമാസക്തനാക്കിയതെന്ന നിഗമനത്തിലാണ് ഡോക്ടർമാർ. ആളുകളെ ഉപദ്രവിക്കുന്ന പ്രകൃതമാണ് സന്ദീപിന്റെതെന്നും ഡോക്ടർമാർ അന്വേഷണ സംഘത്തെ അറിയിച്ചു. കൊലപാതകത്തിലേക്കു നയിച്ച പ്രശ്നങ്ങൾ മെഡിക്കൽ റിപ്പോർട്ടില്‍ പറഞ്ഞിട്ടില്ലെന്നും സാഹചര്യങ്ങൾ പഠിച്ചശേഷമുള്ള നിഗമനങ്ങളാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സന്ദീപിന്റെ ജീവിത സാഹചര്യത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കും. കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
സന്ദീപ് മദ്യത്തിന് അടിമയായിരുന്നെന്ന് വെളിയം ചെറുകരക്കോണത്തെ നാട്ടുകാർ പൊലീസിനോട് പറഞ്ഞു. മദ്യപാനം അതിരുവിട്ടതോടെ ഭാര്യയും മക്കളും മാറി താമസിച്ചു. അമ്മയോടൊപ്പമായിരുന്നു താമസം. വിലങ്ങറ യുപി സ്കൂളിലെ അധ്യാപകനായിരുന്നു. സംഭവം നടന്ന ദിവസം ഉച്ച മുതൽ വീടിനു സമീപത്തെ റോഡിൽ സന്ദീപ് ബഹളം വയ്ക്കുന്നുണ്ടായിരുന്നു. ആരോ കൊല്ലാൻ വരുന്നു എന്നു സന്ദീപ് വിളിച്ചു പറഞ്ഞതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് കാൽ മുറിഞ്ഞ സന്ദീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു. ജീവനക്കാരെയും പൊലീസിനെയും ആക്രമിച്ചശേഷം സന്ദീപ് ഡോക്ടറെ കുത്തുകയായിരുന്നു.

Related posts

പ്ലസ് വൺ പ്രവേശനത്തിൽ കടുത്ത പ്രതിസന്ധി; മലബാറിൽ മാത്രം മുക്കാൽ ലക്ഷം പേർ പുറത്ത്, അര ലക്ഷം സീറ്റുകൾ കുറവ്

Aswathi Kottiyoor

മേയറുമായുള്ള തര്‍ക്കം; അന്വേഷണം എങ്ങുമെത്തിയില്ല, ജോലി നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു ഹൈക്കോടതിയിൽ

Aswathi Kottiyoor

അഭിമന്യു കേസ്: കോടതിയിൽ നിന്ന് നഷ്ടപ്പെട്ട രേഖകളുടെ പകർപ്പ് പ്രോസിക്യൂഷൻ ഹാജരാക്കി

Aswathi Kottiyoor
WordPress Image Lightbox