23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മാലിന്യം തള്ളിയത് അറിയിച്ചു; ആദ്യ പാരിതോഷികം കണ്ണൂർ സ്വദേശിക്ക്
Uncategorized

മാലിന്യം തള്ളിയത് അറിയിച്ചു; ആദ്യ പാരിതോഷികം കണ്ണൂർ സ്വദേശിക്ക്

അറസ്റ്റിലായ ബി.കെ. ബിൻഷാദ്, ടി.ബി. സജീർ.
ആലുവ∙ മാലിന്യം തള്ളുന്നവരിൽ നിന്നു 25,000 രൂപ വരെ പിഴ ഈടാക്കിയ ശേഷം വിവരം നൽകുന്നവർക്ക് അതിന്റെ നിശ്ചിത ശതമാനം തുക പാരിതോഷികം നൽകുന്ന കേരളത്തിലെ ആദ്യ കേസ് ആലുവ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്തു. മാലിന്യം തള്ളിയ സംഭവത്തിൽ 2 പേർ അറസ്റ്റിലായി. മാലിന്യം കൊണ്ടുവന്ന വാഹനം പിടിച്ചെടുത്തു കോടതിയിൽ നൽകി.

കൊച്ചിയിൽ നിന്നുള്ള ഹോട്ടൽ മാലിന്യം പുലർച്ചെ 4നു പിക്കപ് വാഹനത്തിൽ കൊണ്ടുവന്ന് ആലുവ–എറണാകുളം ദേശീയപാതയിലെ മുട്ടത്ത് തള്ളുന്നതിനിടെ ആലുവ ഉളിയന്നൂർ കാട്ടിപ്പറമ്പ് ബി.കെ. ബിൻഷാദ് (35), ചെങ്ങമനാട് പാലപ്രശേരി തച്ചകത്ത് ടി.ബി. സജീർ (40) എന്നിവരാണു പിടിയിലായത്. കെഎൽ 29 ബി 7710 നമ്പർ പിക്കപ് വാഹനം പിടിച്ചെടുത്തു.

സംഭവസമയത്ത് ഇതുവഴി കടന്നുപോയ മറ്റൊരു വാഹനത്തിന്റെ ഡ്രൈവർ കണ്ണൂർ സ്വദേശി ആണ് വിഡിയോ വാട്സാപ് ചെയ്തത്. വിവരം ലഭിച്ച ഉടൻ പൊലീസ് സംഘം എത്തി പ്രതികളെ പിടികൂടി. വിവരം നൽകിയയാൾക്കു പാരിതോഷികം നൽകാൻ പൊലീസ് ശുപാർശ ചെയ്തു. അടുത്തിടെ തദ്ദേശഭരണ വകുപ്പു നടപ്പാക്കിയതാണു മാലിന്യം തള്ളുന്നവരെക്കുറിച്ചുള്ള വിവരങ്ങളും വിഡിയോയും വാട്സാപ് വഴി നൽകാനുള്ള സംവിധാനം. കേസിൽ പ്രതികൾക്കു ജാമ്യം ലഭിക്കുമെങ്കിലും ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തിൽ പിഴ അടയ്ക്കണം. വാഹനത്തിന്റെ വില കോടതിയിൽ കെട്ടിവയ്ക്കുകയും വേണം.

ചൂർണിക്കര പഞ്ചായത്ത് അതിർത്തിയിലാണു മാലിന്യം തള്ളിയത്. പിഴ നിശ്ചയിക്കേണ്ടതും പാരിതോഷികം നൽകേണ്ടതും പഞ്ചായത്താണ്. ഇതു സംബന്ധിച്ച റിപ്പോർട്ട് പൊലീസ് പഞ്ചായത്ത് അധികൃതർക്കു കൈമാറി. ഇൻസ്പെക്ടർ എം.എം. മഞ്ജുദാസ്, എസ്ഐ ജി. അനൂപ്, എഎസ്ഐമാരായ ഷാജി, മുഹമ്മദ് അൻസാർ, സീനിയർ സിപിഒ കെ.ബി. സജീവ് എന്നിവരാണു പ്രതികളെ പിടികൂടിയത്.

മാലിന്യം തള്ളുന്നത് കണ്ടാൽ 112 ൽ വിളിക്കാം

ആലുവ∙ പൊതുസ്ഥലത്തു മാലിന്യംതള്ളുന്നതു ശ്രദ്ധയിൽപെട്ടാൽ കേരള എമർജൻസി റെസ്പോൺസ് സർപ്പോർട്ടിങ് സിസ്റ്റത്തിന്റെ 112 നമ്പറിൽ വിളിച്ച് അറിയിക്കുകയാണു ചെയ്യേണ്ടതെന്നു പൊലീസ്. ലൊക്കേഷൻ പറയുമ്പോൾ വിഡിയോയും ചിത്രങ്ങളും അയച്ചു കൊടുക്കേണ്ട വാട്സാപ് നമ്പർ ലഭിക്കും. അവിടെ നിന്നു വിവരങ്ങൾ പൊലീസ് കൺട്രോൾ റൂമിനും അതത് ഇൻസ്പെക്ടർമാർക്കും കൈമാറും. പൊലീസ് പട്രോളിങ് സംഘം ഉടൻ സ്ഥലത്തെത്തി പരിശോധിച്ചു തുടർനടപടി സ്വീകരിക്കും. വിവരംനൽകിയവർക്കു പാരിതോഷികം നൽകാൻ പൊലീസാണു തദ്ദേശഭരണ സ്ഥാപനത്തിനു ശുപാർശ നൽകുക.

Related posts

അട്ടപ്പാടിയിൽ ഒറ്റയാന്‍റെ ആക്രമണം, ആറംഗ സംഘം രക്ഷപ്പെട്ടത് തലനാരിഴക്ക്

Aswathi Kottiyoor

എംവിഡി ഉദ്യോഗസ്ഥര്‍ക്കെതിരായ പരസ്യ വിചാരണ; ടെസ്റ്റില്‍ മുഴുവന്‍ ഉദ്യോഗസ്ഥരും പരാജയപ്പെട്ടു

Aswathi Kottiyoor

‘ആംബുലൻസ് പ്രവര്‍ത്തനത്തെ വരെ ബാധിക്കുന്നു’, കേന്ദ്ര വിഹിതം അനുവദിക്കണം, ആവശ്യവുമായി വീണ ജോര്‍ജിന്റെ കത്ത്

Aswathi Kottiyoor
WordPress Image Lightbox