മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിൽ കാറ്റ് ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. ഗുജറാത്തിലെ കച്ച്, ദേവ്ഭൂമി, ദ്വാരക, ജാംനഗർ പ്രദേശങ്ങളേയായിരിക്കും ഏറ്റവും കൂടുതൽബാധിക്കുക. വ്യാഴാഴ്ച പ്രദേശങ്ങളിൽ കനത്ത ജാഗ്രതാ നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. കനത്ത മഴയും പ്രവചിക്കുന്നുണ്ട്. കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
അറബിക്കടലിൽ രൂപംകൊണ്ട് 126 മണിക്കൂർ പിന്നിട്ട കാറ്റ് 1982-നു ശേഷം ഇത്രയും മണിക്കൂറുകൾ സജീവമായി നിന്ന ആദ്യ ചക്രവാതമാണ്. കച്ച്, ദ്വാരക, ജാംനഗർ ജില്ലകളിൽ കാറ്റിന്റെ ശക്തി കൂടുതലായിരിക്കുമെന്നാണ് റിപ്പോർട്ട്. 67 തീവണ്ടികൾ പൂർണമായും 48 എണ്ണം ഭാഗികമായും ജൂൺ 16 വരെ റദ്ദാക്കിയിട്ടുണ്ട്. കടലിൽ തിരകളുടെ ഉയരം കൂടിയതിനെത്തുടർന്ന് ദ്വാരകയിൽ ബസ് സർവീസ് നിർത്തി. കണ്ട്‍ല, മുന്ദ്ര എന്നിവയടക്കം തുറമുഖങ്ങൾ അടച്ചു. ജക്കാവു തുറമുഖം വിജനമായ സ്ഥിതിയിലാണ്.
ദ്വാരകയിൽനിന്നു 40 കിലോമീറ്റർ അകലെ കടലിൽ കീ സിങ്കപ്പൂർ എന്ന എണ്ണഖനന കേന്ദ്രത്തിൽ കുടുങ്ങിയ 50 തൊഴിലാളികളെ തീരസുരക്ഷാസേന ഹെലികോപ്റ്ററും കപ്പലും ഉപയോഗിച്ച് സാഹസികമായി തിങ്കളാഴ്ച രാത്രി രക്ഷിച്ചു. തീരമേഖലയിൽ കടലിൽനിന്ന് അഞ്ച് കിലോമീറ്റർ പരിധിയിൽ താമസിക്കുന്ന 21,000 പേരെ ഒഴിപ്പിച്ചു. 10 കിലോമീറ്റർ പരിധിയിൽ ഉള്ളവരെയെല്ലാം മാറ്റാനാണ് നിർദേശം. ഏഴു ജില്ലകളിലാണ് കൂടുതൽ ശ്രദ്ധയുള്ളത്.
‘ഒട്ടനേകം എൻ.ഡി.ആർ.എഫ്., എസ്.ഡി.ആർ.എഫ്. സംഘങ്ങളെ സജ്ജരാക്കി നിർത്തിയിട്ടുണ്ട്. സൈന്യവും രക്ഷാപ്രവർത്തനങ്ങൾക്ക് തയ്യാറെടുപ്പ് നടത്തുന്നുണ്ട്’- ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു. 1965-ന് ശേഷം ഗുജറാത്ത് തീരം തൊടുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ് ബിപോർജോയ്.