20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • അനുരഞ്ജനം തള്ളി എ–ഐ വിഭാഗങ്ങൾ
Uncategorized

അനുരഞ്ജനം തള്ളി എ–ഐ വിഭാഗങ്ങൾ

തിരുവനന്തപുരം∙ കോൺഗ്രസിൽ തർക്കപരിഹാരത്തിനുള്ള എഐസിസിയുടെയും കെപിസിസിയുടെയും ആദ്യഘട്ട അനുരഞ്ജന ശ്രമങ്ങൾക്ക് എ–ഐ വിഭാഗങ്ങൾ വഴങ്ങുന്നില്ല. നാളെ ആരംഭിക്കുന്ന പുതിയ ബ്ലോക്ക് പ്രസിഡന്റുമാരുടെ ശിൽപശാലയിൽനിന്നു ഗ്രൂപ്പ് നേതാക്കൾ വിട്ടുനിന്നേക്കും. ഗ്രൂപ്പുകളുടെ ഭാഗമായ ബ്ലോക്ക് പ്രസിഡന്റുമാർ പങ്കെടുക്കണമെന്നു നിർദേശിക്കും.

ഇരുവിഭാഗങ്ങളുടെയും പ്രതിനിധികൾ ഹൈക്കമാൻഡിനെ കണ്ടു പരാതി പറയാൻ തീരുമാനിച്ചതിനു പിന്നാലെയാണ് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിലേക്ക് എത്തുന്നതായി പ്രഖ്യാപിച്ചത്. പരാതിയുമായി ഡൽഹിയിലേക്കു നീങ്ങേണ്ട, താരിഖ് കേരളത്തിലെത്തി സംസാരിക്കുമെന്ന സന്ദേശമാണിത്. ബ്ലോക്ക് പ്രസിഡന്റുമാരെ സംബന്ധിച്ച തർക്കത്തിൽ എഐസിസി ഇടപെടേണ്ടതില്ലെന്നും കേരളത്തിൽ തീർക്കാവുന്നതാണെന്നുമുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ പ്രതികരണത്തിലെ സന്ദേശവും മറ്റൊന്നല്ല. ചർച്ചയ്ക്കു താരിഖ് മുൻകയ്യെടുത്താൽ സഹകരിക്കും. പക്ഷേ, അതിന്റെ പേരിൽ ഡൽഹി യാത്ര മാറ്റില്ല. പക്ഷപാതപരമായി പെരുമാറുന്നുവെന്ന പരാതി താരിഖിനെതിരെ ഉന്നയിക്കാനും ഗ്രൂപ്പുകൾ തീരുമാനിച്ചിട്ടുണ്ട്.

സംയുക്ത ഗ്രൂപ്പ് യോഗം നടന്നതിനു പിന്നാലെ രമേശ് ചെന്നിത്തലയെയും എം.എം.ഹസനെയും വിളിച്ച് അനുനയ നീക്കത്തിനു കെ.സുധാകരൻ മുതിർന്നെങ്കിലും ഫലവത്തായില്ല. ബ്ലോക്ക് പുനഃസംഘടനയുടെ ഘട്ടത്തിൽ വേണ്ടിയിരുന്നു ഈ കൂടിക്കാഴ്ച എന്ന് ഇരുനേതാക്കളും അദ്ദേഹത്തോടു പറഞ്ഞു. സംഘടനയുമായി ബന്ധപ്പെട്ട തീരുമാനങ്ങളി‍ൽ തങ്ങളെ ഇരുട്ടിൽ നിർത്തുകയാണ്. അതിനാൽ ഹൈക്കമാൻഡ് ഇടപെടൽ വേണം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ശൈലിയിലുള്ള വിയോജിപ്പ് ഇരുവരും സുധാകരനോടു പങ്കുവച്ചു. എന്നാൽ, സതീശനെ കുറ്റപ്പെടുത്താൻ സുധാകരൻ തയാറായില്ല. കൊച്ചിയിലും കോഴിക്കോട്ടുമായി നടക്കുന്ന ബ്ലോക്ക് പ്രസിഡന്റുമാരുടെ ശിൽപശാലയിൽ പങ്കെടുക്കണമെന്ന സുധാകരന്റെ അഭ്യർഥന രമേശും ഹസനും സ്വീകരിച്ചില്ല. ആലോചിച്ചു പറയാമെന്ന മറുപടി നൽകി പിരിഞ്ഞു.

ഗ്രൂപ്പുകൾ തന്നെ ഉന്നമിടുന്നതു മനസ്സിലാക്കിയ സതീശൻ, പ്രകോപനങ്ങൾക്കില്ലെന്ന സമീപനമാണ് കൊച്ചിയിലെ വാർത്താ സമ്മേളനത്തിൽ സ്വീകരിച്ചത്. താൻ ജൂനിയർ ആണെന്നും വഴക്കിടാനില്ലെന്നുമുള്ള സതീശന്റെ സൗഹാർദ സൂചന ഗ്രൂപ്പു നേതൃത്വം മുഖവിലയ്ക്കെടുക്കുന്നില്ല. പുനഃസംഘടനയിൽ നേതൃത്വത്തെ വിമർശിച്ച കെ.മുരളീധരൻ 2004ലെ വൻ പരാജയം ഓർമിപ്പിച്ചു ഗ്രൂപ്പുകൾക്കും മുന്നറിയിപ്പ് നൽകി. നേതൃത്വം വാക്കു പാലിക്കുന്നില്ലെന്ന വിമർശനവുമായി എം.കെ.രാഘവൻ എംപിയും രംഗത്തെത്തി.

സതീശനെ ഉന്നമിട്ട് ഗ്രൂപ്പുകൾ; ചർച്ചയ്ക്ക് താരിഖ് അൻവർ

ന്യൂഡൽഹി ∙ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് എ, ഐ ഗ്രൂപ്പുകൾ ഉന്നയിച്ച തർക്കം പരിഹരിക്കാൻ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ നാളെ കേരളത്തിലെത്തും. നാളെ തിരുവനന്തപുരത്തെത്തുന്ന താരിഖ് 3 ദിവസം നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

ബ്ലോക്ക് പ്രസിഡന്റുമാരുടെ കാര്യത്തിൽ വേണ്ടത്ര കൂടിയാലോചന നടന്നില്ലെന്ന ആരോപണം തെറ്റാണെന്നു താരിഖ് പറഞ്ഞു. പുനഃസംഘടനാ നിർണയ സമിതി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. പട്ടികയിൽ ഏതാനും ചിലരുടെ കാര്യത്തിൽ ആശയക്കുഴപ്പമുണ്ടെന്നും അവ കേരളത്തിൽ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ വിഷയത്തിൽ ഇടപെടില്ലെന്ന നിലപാടാണു ദേശീയ നേതൃത്വം കഴിഞ്ഞ ദിവസം സ്വീകരിച്ചതെങ്കിലും പ്രതിപക്ഷനേതാവ് വി.ഡി.സതീശനെ ഉന്നമിട്ട് ഗ്രൂപ്പുകൾ നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് മധ്യസ്ഥ ചർച്ചയ്ക്കായി താരിഖിനെ നിയോഗിച്ചത്.

എനിക്കെതിരായ വാർത്ത കൊടുത്തത് കോൺഗ്രസ് നേതാക്കൾ: സതീശൻ

കൊച്ചി ∙ കോൺഗ്രസിൽ തനിക്കെതിരെ പടയൊരുക്കമെന്ന വാർത്ത കൊടുത്തതു കോൺഗ്രസിലെ തന്നെ നേതാക്കളാണെന്നും അവർ സിപിഎമ്മിനൊപ്പം ഗൂഢാലോചന നടത്തിയെന്നു വിശ്വസിക്കാൻ താൻ ഇഷ്ടപ്പെടുന്നില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ.

പുതിയ ബ്ലോക്ക് പ്രസിഡന്റുമാരെ നിശ്ചയിച്ചത് ജനാധിപത്യ രീതിയിലാണ്. മുൻ കാലങ്ങളിൽ ഇരു വിഭാഗങ്ങളും വീതിച്ചെടുക്കുകയായിരുന്നു. ഇത്തവണ വേണമെങ്കിൽ തനിക്കും കെപിസിസി പ്രസിഡന്റിനും 100 എണ്ണം വച്ചു വീതിച്ചെടുക്കാമായിരുന്നു. പക്ഷേ, അങ്ങനെയല്ല ചെയ്തത്. എങ്കിലും 10% പിശകുകൾ പട്ടികയിലുണ്ടാകാം. പിന്നീട് അവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തും. 2 വർഷമായി പാർട്ടിയിൽ ഗ്രൂപ്പ് യോഗങ്ങൾ നടക്കുന്നില്ല. അതുകൊണ്ടാണു ഗ്രൂപ്പ് യോഗം ചേർന്നുവെന്നതുതന്നെ വലിയ വാർത്തയാകുന്നത്. ഗ്രൂപ്പ് വേണ്ടെന്നല്ല, പാർട്ടിയേക്കാൾ വലിയ ഗ്രൂപ്പ് വേണ്ടെന്നാണു തന്റെ നിലപാടെന്നും സതീശൻ പറഞ്ഞു.

Related posts

രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയത് കൊച്ചിയിൽ

Aswathi Kottiyoor

വ്യാജമദ്യ കേസിലെ പ്രതി, സിപിരിറ്റ് ഇടപാടിൽ കുപ്രസിദ്ധൻ; കാറിൽ കടത്തവേ 374 ലിറ്റർ സ്പിരിറ്റ് പിടികൂടി, അറസ്റ്റ്

Aswathi Kottiyoor

കടമെടുപ്പ് പരിധി; സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ണായക ഹര്‍ജിയിൽ ഇന്ന് സുപ്രീം കോടതിൽ വാദം

Aswathi Kottiyoor
WordPress Image Lightbox