ആത്മാഭിമാനം ത്വജിച്ച് ജീവിക്കാനാവില്ലെന്ന പ്രഖ്യാപനവുമായാണ് രാജ്യാന്തര വേദികളിൽ സ്വന്തം രാജ്യത്തിനായി നേടിയ മെഡലുകൾ ഗംഗാ നദിയിൽ ഒഴുക്കാൻ വൈകിട്ടോടെ ഗുസ്തി താരങ്ങൾ എത്തിയത്. മെഡലുകൾ നെഞ്ചോടു ചേർത്തു പിടിച്ച് കണ്ണീരണിഞ്ഞു നിൽക്കുന്ന താരങ്ങളുടെ വൈകാരിക രംഗങ്ങൾ മാധ്യമങ്ങളിൽ പ്രചരിക്കുന്നതിനിടെയാണ് പിന്തുണയുമായി കർഷക നേതാക്കൾ എത്തിയത്. താരങ്ങൾക്ക് പിന്തുണയുമായി വൻ ജനാവലിയാണ് ഹരിദ്വാറിൽ എത്തിയത്. അതേസമയം മെഡലുകൾ നദിയിൽ ഒഴുക്കുന്നതിൽ നിന്ന് താരങ്ങളെ തടയണമെന്ന് ആവശ്യപ്പെട്ട് യാതൊരു ഉത്തരവും ലഭിച്ചില്ലെന്ന് ഹരിദ്വാര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് അജയ് സിങ് പറഞ്ഞു.ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം അനിൽ കുംബ്ലെ രംഗത്തെത്തിയതും ശ്രദ്ധേയമായി. ജന്തർ മന്തറിലെ പൊലീസ് നടപടി ഞെട്ടിക്കുന്നതാണെന്ന് കുംബ്ലെ വ്യക്തമാക്കി. ഗുസ്തി താരങ്ങൾക്കായി രംഗത്തുവന്ന അനിൽ കുംബ്ലെയെ സല്യൂട്ട് ചെയ്യുന്നതായി കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു. പൊലീസ് ഇടപെടലിനു പിന്നാലെയാണ് രാജ്യത്തിനായി പൊരുതി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയുമെന്നു ചൊവ്വാഴ്ച ഗുസ്തി താരങ്ങള്‍ പ്രഖ്യാപിച്ചത്. ‘‘ഈ മെഡലുകൾ ഞങ്ങളുടെ ജീവിതമാണ്, ആത്മാവാണ്. വിയര്‍പ്പൊഴുക്കി നേടിയ മെഡലുകള്‍ക്കു വിലയില്ലാതായി. വൈകിട്ട് ആറിന് ഹരിദ്വാറില്‍വച്ച് ഞങ്ങളുടെ മെഡലുകള്‍ ഗംഗയിലേക്ക് എറിഞ്ഞുകളയും. അതിനുശേഷം ഇന്ത്യാ ഗേറ്റിൽ ഞങ്ങൾ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും’’– എന്നാണ് ഗുസ്തി താരം ബജ്‌രംഗ് പുനിയ രാവിലെ പ്രഖ്യാപിച്ചത്. ആത്മാഭിമാനം പണയം വച്ച് ജീവിക്കാനില്ല. സമാധാനപരമായി സമരം ചെയ്തിട്ടും കുറ്റവാളികളോടെന്ന പോലെയാണു പൊലീസ് പെരുമാറിയതെന്നും താരങ്ങള്‍ പറഞ്ഞു.
ഞങ്ങളുടെ കഴുത്തിനെ അലങ്കരിച്ച ഈ മെഡലുകൾക്ക് യാതൊരു അർഥവും ഇല്ലാതായിരിക്കുന്നു. ഇത് തിരികെ നൽകുന്നത് ഞങ്ങളെ കൊല്ലുന്നതിന് തുല്യമാണെങ്കിലും ആത്മാഭിമാനം പണയം വച്ച് ജീവിക്കുന്നതിൻ എന്താണ് കാര്യം. ഇത് ആർക്കാണ് തിരികെ നൽകേണ്ടതെന്നും ഞങ്ങൾ ആശ്ചര്യപ്പെടുകയാണ്. ഒരു വനിതയായ രാഷ്ട്രപതി പോലും രണ്ടു കിലോമീറ്റർ അകലെയിരുന്ന് ഇതെല്ലാം വീക്ഷിക്കുകയാണ്. ഇതുവരെ അവർ ഒന്നും പ്രതികരിച്ചിട്ടില്ല. രാജ്യത്തിന്റെ പ്രധാനമന്ത്രിയും ഇതുവരെ ഒന്നും ചോദിച്ചിട്ടില്ല.’’– ഗുസ്തി താരങ്ങൾ ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ബലംപ്രയോഗിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നു പുനിയ വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളാൽ ജന്തർമന്തറിൽ സമരം തുടരാൻ അനുവദിക്കില്ലെന്നും നഗരത്തിലെ ഉചിതമായ മറ്റൊരു സ്ഥലം സമരത്തിനുവേണ്ടി അനുവദിക്കാമെന്നും ഡൽഹി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസത്തെ സംഭവങ്ങളിൽ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ തുടങ്ങിയവരെ പ്രതിചേർത്തു ഡൽഹി പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. കലാപമുണ്ടാക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ, പൊതുപ്രവർത്തകരുടെ ജോലി തടസ്സപ്പെടുത്തൽ തുടങ്ങി 6 വകുപ്പുകളാണ് ചുമത്തിയത്.