നികുതിദായകനെ ബുദ്ധിമുട്ടിച്ച റവന്യു ഉദ്യോഗസ്ഥര്‍ക്കു പിഴ

കൊച്ചി: വസ്തുനികുതി ഈടാക്കാതെ നികുതിദായകനെ വലച്ച റവന്യു ഉദ്യോഗസ്ഥര്‍ക്കു പിഴ വിധിച്ച് ഹൈക്കോടതി. വഞ്ചിയൂര്‍ വില്ലേജിലെ പാളയം സ്വദേശിയായ എ. മൈതീന്‍ പിള്ളയുടെ പേരിലുള്ള ഭൂമിയുടെ നികുതി സ്വീകരിക്കാന്‍ വിസമ്മതിച്ച തിരുവനന്തപുരം ആര്‍ഡിഒ, തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍ എന്നിവര്‍ 30,000 രൂപ പിഴയടയ്ക്കണമെന്നാണ് ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, എ.കെ. പ്രീത എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.രണ്ടാഴ്ചയ്ക്കകം പിഴത്തുക പരാതിക്കാരനു നല്‍കണം. സര്‍ക്കാര്‍ ഈ തുക ആദ്യം നല്‍കണം. പിന്നീട് മൂന്ന് ഉദ്യോഗസ്ഥരില്‍നിന്നും 10,000 രൂപ വീതം ഈടാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍കൂടിയായ മൈതീന്‍ പിള്ള വഞ്ചിയൂര്‍ വില്ലേജിലെ 4.151 സെന്റ് ഭൂമിക്ക് 2018 വരെ നികുതി അടച്ചിരുന്നു. എന്നാല്‍, റീസര്‍വേയില്‍ ഭൂമി അളവ് കുറവുകാട്ടിയെന്നു പറഞ്ഞ് പിന്നീട് നികുതി സ്വീകരിക്കാന്‍ വില്ലേജ് ഓഫീസര്‍ തയാറായില്ല. ഇതിനെതിരേ മൈതീന്‍ ലോകായുക്തയെ സമീപിച്ചു. റീ സര്‍വേയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതുവരെ ഉടമ അവകാശപ്പെടുന്ന വിസ്തീര്‍ണം കണക്കാക്കി നികുതി സ്വീകരിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍, നികുതി വാങ്ങാന്‍ ലോകായുക്ത ഉത്തരവിട്ടു. ഈ ഉത്തരവിനെതിരേ ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കാന്‍ നിര്‍ദേശിച്ച ലോകായുക്ത വിധിക്കെതിരേ കോടതിയെ സമീപിച്ച ഉദ്യോഗസ്ഥരെ ഡിവിഷന് ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചു. ജനങ്ങളെ സേവിക്കാന്‍ ബാധ്യസ്ഥരായവര്‍ അവരെ ബന്ദികളാക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി. ഹര്‍ജി തള്ളിയ കോടതി തുടര്‍ന്നാണു പിഴ വിധിച്ചത്. സര്‍ക്കാര്‍ ഉത്തരവ് മനഃപൂര്‍വം ലംഘിച്ച ഇവര്‍ക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കുന്ന കാര്യം പരിഗണിക്കാനും സര്‍ക്കാരിനോടു കോടതി നിര്‍ദേശിച്ചു.




