24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • നൈജീരിയ മോചിപ്പിച്ച നാവികരും കപ്പലും ദക്ഷിണാഫ്രിക്കയിലേക്ക്
Kerala

നൈജീരിയ മോചിപ്പിച്ച നാവികരും കപ്പലും ദക്ഷിണാഫ്രിക്കയിലേക്ക്

നൈജീരിയയുടെ തടവിൽ നിന്നു മോചിപ്പിക്കപ്പെട്ട എണ്ണക്കപ്പൽ എംടി ഹീറോയിക് ഇഡുനും 3 മലയാളികളുൾപ്പെടെ 26 നാവികരും നാട്ടിലേക്കുള്ള മടക്കയാത്രയാരംഭിച്ചു. ഇന്നലെ പുലർച്ചെയാണു കപ്പൽ നൈജീരിയയിലെ ബോണി തുറമുഖത്തു നിന്നു പുറപ്പെട്ടത്. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗൺ തുറമുഖത്തേക്കാണ് ആദ്യം കപ്പലിന്റെ യാത്ര. 

ഇവിടെ എത്തിയതിനുശേഷം നാവികർ നാട്ടിലേക്കു മടങ്ങും. 10 മാസത്തെ അനിശ്ചിതത്വത്തിനും ആശങ്കകൾക്കും ഒടുവിലാണു കപ്പലും നാവികരും ആശ്വാസതീരമണയുന്നത്. ഇന്നലെ പുലർച്ചെ ഇന്ത്യൻ സമയം അഞ്ചരയോടെയാണ് എംടി ഹീറോയിക് ഇഡുൻ ബോണി തുറമുഖം വിട്ടത്. ജീവനക്കാരിൽ നിന്നു നൈജീരിയൻ അധികൃതർ പിടിച്ചെടുത്ത പാസ്പോർട്ടുകളും മൊബൈൽ ഫോൺ, ലാപ്ടോപ്പുകൾ എന്നിവ ഉൾപ്പെടെയുള്ള ഉപകരണങ്ങളും ശനിയാഴ്ച വൈകിട്ടോടെ തിരികെ നൽകിയിരുന്നു. 

കപ്പൽ 10 ദിവസത്തിനുള്ളിൽ ദക്ഷിണാഫ്രിക്കയിൽ എത്തുമെന്നു ഫസ്റ്റ് ഓഫിസറും കൊച്ചി സ്വദേശിയുമായ സനു ജോസ് പറഞ്ഞു. മോചിപ്പിക്കപ്പെട്ട നാവികർ, രാജ്യത്തിനും വിഷമസന്ധിയിൽ ഒപ്പം നിന്നവർക്കും നന്ദി അറിയിച്ചുള്ള വിഡിയോകൾ പുറത്തു വിട്ടിരുന്നു. നാട്ടിലെ ബന്ധുക്കളുമായും ഇവർ ആശയവിനിമയം നടത്തി. അടുത്ത മാസം ഇവർ നാട്ടിൽ മടങ്ങിയെത്തുമെന്നാണു വിവരം. ദീർഘനാൾ തടഞ്ഞു വയ്ക്കപ്പെട്ടതിനാൽ സ്വദേശങ്ങളിലേക്കു മടങ്ങുന്നതിനു മുന്നോടിയായി ആരോഗ്യ പരിശോധനകളും കൗൺസലിങ്ങും പൂർത്തിയാക്കാൻ കപ്പൽ കമ്പനി ഇവർക്കു നിർദേശം നൽകിയിട്ടുണ്ട്. 

കൊച്ചി മുളവുകാടു സ്വദേശി മിൽട്ടൻ ഡിക്കോത്ത്, കൊല്ലം നിലമേൽ കൈതോടു സ്വദേശി വി.വിജിത് എന്നിവരാണു കപ്പലിലുള്ള മറ്റു മലയാളികൾ. ഇതിൽ വിജിത്ത് സ്ത്രീധന പീഡനം മൂലം മരിച്ച വിസ്മയയുടെ സഹോദരനാണ്. വിസ്മയയുടെ മരണത്തിനു പിന്നാലെ വിജിത്ത് വിദേശ രാജ്യത്തു തടവിലാക്കപ്പെട്ടതു കുടുംബത്തിന് കനത്ത ആഘാതമായിരുന്നു. 26 ജീവനക്കാരിൽ 16 പേരും ഇന്ത്യക്കാരാണ്. 

Related posts

ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് ബാങ്ക്: അപേക്ഷിക്കാം*

Aswathi Kottiyoor

പ്ലസ്ടു വിദ്യാര്‍ത്ഥി കുളിമുറിയില്‍ കുഴഞ്ഞു വീണു മരിച്ചു

Aswathi Kottiyoor

അരലക്ഷം മുൻഗണനാ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന് (21-02-2023) മുഖ്യമന്ത്രി നിർവഹിക്കും

Aswathi Kottiyoor
WordPress Image Lightbox