*കാടുകയറി അരിക്കൊമ്പൻ, കമ്പത്ത് ആശങ്കയൊഴിയുന്നു; മയക്കുവെടി വെച്ചേക്കില്ല.*
കമ്പം: തമിഴ്‌നാട്ടിലെ കമ്പം പട്ടണത്തെ മുള്‍മുനയില്‍ നിര്‍ത്തിയ അരിക്കൊമ്പന്‍ ഒടുവില്‍ വനത്തിലേക്ക് മടങ്ങി. കൂതനാച്ചി റിസര്‍വ് വനത്തിലേക്കാണ് ആന കടന്നത്. നിലവില്‍ വനാതിര്‍ത്തിയില്‍നിന്ന് ഒരു കിലോമീറ്ററിനുള്ളിലാണ് അരിക്കൊമ്പന്റെ സ്ഥാനം എന്നാണ് ജിപിഎസ് കോളറില്‍നിന്ന് ലഭിക്കുന്ന വിവരം. കൂതനാച്ചിയില്‍നിന്ന് ആന മേഘമലൈ കടുവാ സങ്കേതത്തിലേക്കാണ് നീങ്ങുന്നതെന്നാണ് സൂചന.
വനത്തിനുള്ളിലേക്ക് കടന്നെങ്കിലും തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അരിക്കൊമ്പനായുള്ള പരിശോധന തുടരുകയാണ്. നിരീക്ഷണത്തിനായി വിഎച്ച്എഫ് ആന്റിന ഉള്‍പ്പെടെ ഇവിടേക്ക് എത്തിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരും കൂതനാച്ചിയിലെത്തിയിട്ടുണ്ട്. ഫീല്‍ഡ് ഡയറക്ടര്‍ പദ്മാവതി, മയക്കുവെടി വിദഗ്ധന്‍ കലൈവാനന്‍ എന്നിവര്‍ സംഘത്തിലുണ്ട്.നിയമവിരുദ്ധമായതിനാല്‍ കാട്ടില്‍വെച്ച് ആനയെ മയക്കുവെടിവെക്കില്ല. അരിക്കൊമ്പന്‍ കാടിറങ്ങി വീണ്ടും ജനവാസ മേഖലയിലേക്ക് തിരിച്ചെത്തിയാല്‍ മാത്രമേ മയക്കുവെടി വെക്കുന്നതിനുള്ള ദൗത്യം ആരംഭിക്കുകയുള്ളു. അതേസമയം, ആന ഉള്‍കാട്ടിലേക്ക് തന്നെ നീങ്ങിയാല്‍ സംഘം ദൗത്യം ഉപേക്ഷിച്ച് മടങ്ങിയേക്കും.
ഞായറാഴ്ച രാവിലെ മുതല്‍ വനംവകുപ്പ് അരിക്കൊമ്പനായി വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. അരിക്കൊമ്പനെ മയക്കുവെടിവെച്ച് സ്ഥലത്തുനിന്ന് മാറ്റുന്നതിന്റെ ഭാഗമായി രണ്ട് കുങ്കിയാനകളെ സുരുളിപ്പട്ടി മേഖലയില്‍ എത്തിച്ചിരുന്നു. എന്നാല്‍, മണിക്കൂറുകള്‍ നീണ്ട തിരച്ചിലിലും അരിക്കൊമ്പനെ കണ്ടെത്താനായിരുന്നില്ല. ഒടുവില്‍ സാറ്റ്‌ലൈറ്റില്‍നിന്നുള്ള സിഗ്നല്‍ ലഭിച്ചതോടെയാണ് ആന കൂതനാച്ചി റിസര്‍വ് വനത്തിലേക്ക് കടന്നതായുള്ള വിവരം ലഭിച്ചത്.ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായതോടെ കഴിഞ്ഞ ദിവസമാണ് അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടിക്കാന്‍ തമിഴ്നാട് വനംവകുപ്പ് ഉത്തരവിട്ടത്. ശനിയാഴ്ച കമ്പം മേഖലയില്‍ വലിയ ഭീകരാന്തരീക്ഷം സൃഷ്ടിച്ച അരിക്കൊമ്പന്‍ രാത്രിയിലും പരാക്രമം തുടര്‍ന്നിരുന്നു. 30 വരെ കമ്പത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.