യുഎസ് ഗ്രീൻ കാർഡ് നിയന്ത്രണം ഇന്ത്യൻ ഐടി ജീവനക്കാരെ ഉടൻ ബാധിക്കില്ല; മുൻ ഇൻഫോസിസ് സിഎഫ്ഒ മോഹൻദാസ് പൈ

അമേരിക്കയിലെ പ്രമുഖ ടെക്ക് കമ്പനികൾ വിദേശ ജീവനക്കാർക്ക് സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡ് സ്പോൺസർ ചെയ്യുന്നത് തടയാനുള്ള നീക്കം ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്കിടയിൽ ആശങ്കയുണ്ടാക്കുന്നു. എന്നാൽ ഈ തീരുമാനം ജീവനക്കാരെ ഉടൻ ബാധിക്കാനിടയില്ലെന്ന് ഇൻഫോസിസിന്റെ മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ മോഹൻദാസ് പൈ. ഗ്രീൻ കാർഡിനായി വർഷങ്ങളോളം കാത്തിരിക്കേണ്ട സാഹചര്യം നിലവിലുള്ളതിനാൽ നിയന്ത്രണത്തിന്റെ അടിയന്തര പ്രത്യാഘാതങ്ങൾ പരിമിതമായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
ഗ്രീൻ കാർഡ് പൂർണമായി റദ്ദാക്കിയിട്ടില്ല
അമേരിക്ക ആരെയും രാജ്യത്തുനിന്ന് പുറത്താക്കുകയോ നിലവിലുള്ള ഗ്രീൻ കാർഡുകൾ റദ്ദാക്കുകയോ ചെയ്തിട്ടില്ലെന്ന് മോഹൻദാസ് പൈ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. വിദേശ ജീവനക്കാർക്ക് സ്ഥിരതാമസ അനുമതി ലഭിക്കുന്നതിനായി തൊഴിലുടമകൾ നടത്തുന്ന സ്പോൺസർഷിപ്പ് നടപടികൾക്കാണ് നിയന്ത്രണമെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡ് ലഭിക്കാൻ തൊഴിലുടമയുടെ സ്പോൺസർഷിപ്പ് ആവശ്യമാണ്. എന്നാൽ അപേക്ഷ സമർപ്പിച്ചവർക്കുപോലും അനുമതി ലഭിക്കാൻ 10 മുതൽ 15 വർഷം വരെ കാത്തിരിക്കേണ്ടിവരുന്ന സാഹചര്യമുണ്ട്. അതിനാൽ പുതിയ നിയന്ത്രണം ഉടനടി വലിയ പ്രത്യാഘാതമുണ്ടാക്കില്ലെന്നാണ് പൈയുടെ വിലയിരുത്തൽ.
പെർമിന് നിയന്ത്രണം; ആശങ്ക ദീർഘകാലത്തേക്ക്
തൊഴിൽ അടിസ്ഥാനത്തിലുള്ള ഗ്രീൻ കാർഡ് നടപടികളിൽ പ്രധാനപ്പെട്ടതാണ് പെർമ് (PERM system) എന്നറിയപ്പെടുന്ന പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ പ്രോഗ്രാം. വിദേശ ജീവനക്കാരനെ സ്ഥിരം തസ്‍തികയിൽ നിയമിക്കുന്നത് അമേരിക്കൻ തൊഴിലാളികളുടെ തൊഴിൽ അവസരങ്ങളെ പ്രതികൂലമായി ബാധിക്കില്ലെന്ന് തൊഴിലുടമ തെളിയിക്കേണ്ടതുണ്ട്. ഈ നടപടികൾ ആരംഭിക്കുന്നതിനോ മുന്നോട്ടുകൊണ്ടുപോകുന്നതിനോ നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് പുതിയ നീക്കത്തിന്റെ പ്രധാന ഭാഗം. ഇതിനകം അപേക്ഷാ നടപടികൾ ആരംഭിച്ചവരെയും ഇതുവരെ പെർമിന് അപേക്ഷിച്ചിട്ടില്ലാത്തവരെയും ഒരേ രീതിയിൽ ബാധിക്കണമെന്നില്ല. പ്രത്യേകിച്ച്, തൊഴിലുടമ ഇതുവരെ പെർമ് അപേക്ഷ സമർപ്പിച്ചിട്ടില്ലാത്ത ജീവനക്കാർക്ക് ഗ്രീൻ കാർഡ് നടപടികൾ ആരംഭിക്കാൻ കഴിയാതെ വരാം. ഇന്ത്യക്കാർക്ക് ഇതിനകം തന്നെ ദീർഘകാല കാത്തിരിപ്പ് നേരിടേണ്ടിവരുന്നതിനാൽ, ഈ കാലതാമസം ഭാവിയിൽ വലിയ പ്രശ്‍നമാകാനുള്ള സാധ്യതയുണ്ട്




