Uncategorized

കാൻസർ മരുന്നുകളുടെ വില 70%-ത്തോളം കുറയും; നിർണായക തീരുമാനമെടുത്ത് കേന്ദ്രസർക്കാർ; നടപടി സുപ്രീം കോടതി നിർദേശപ്രകാരം

ദില്ലി: കാൻസർ രോഗികൾക്ക് വലിയ ആശ്വാസം പകർന്നു കൊണ്ട്, നാഷണൽ എസൻഷ്യൽ മെഡിസിൻ ലിസ്റ്റിൽ പെടാത്ത എല്ലാ പ്രൈവറ്റ്, ജനറിക്, ബ്രാൻഡഡ്, ഇറക്കുമതി ചെയ്യുന്ന കാൻസർ മരുന്നുകളുടെയും ട്രേഡ് മാർജിൻ പരമാവധി 30 ശതമാനമായി പരിമിതപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. നിർമ്മാതാക്കൾ വിതരണക്കാർക്കും റീട്ടെയിലർമാർക്കും നൽകുന്ന വിലയും മരുന്നുകൾ ഉപഭോക്താക്കൾക്ക് വിൽക്കുന്ന പരമാവധി വിലയും തമ്മിലുള്ള വ്യത്യാസം കുറയ്ക്കാനാണ് ഈ നടപടി.

കാൻസർ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നുകളുടെ ഉയർന്ന ലാഭവിഹിതവും അമിതവിലയും നിയന്ത്രിക്കണമെന്ന് അടുത്തിടെ സുപ്രീം കോടതി നിർദേശം നൽകിയിരുന്നു. ഈ ഇടപെടലിനെ തുടർന്നാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ഈ പുതിയ പരിധി നിലവിൽ വരുന്നതോടെ വിപണിയിലുള്ള കാൻസർ മരുന്നുകളുടെ പരമാവധി വിൽപ്പന വിലയിൽ 70 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

ഈ തീരുമാനത്തിലൂടെ രാജ്യത്തെ കാൻസർ രോഗികൾക്ക് പ്രതിവർഷം ഏകദേശം 2,500 കോടി രൂപയുടെ സാമ്പത്തിക ലാഭമുണ്ടാകും. 35 പേറ്റന്റുള്ള മരുന്നുകൾ ഉൾപ്പെടെ 110-ലധികം പ്രമുഖ കാൻസർ പ്രതിരോധ മരുന്നുകളെ ഈ ഉത്തരവ് നേരിട്ട് സഹായിക്കും. നേരത്തെ അവശ്യമരുന്നുകളുടെ പട്ടികയിലുള്ള (NLEM) 131 കാൻസർ മരുന്നുകൾക്ക് മാത്രമായിരുന്നു നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി വിലനിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ പുതിയ ഉത്തരവിലൂടെ പട്ടികയ്ക്ക് പുറത്തുള്ള മരുന്നുകൾക്കുകൂടി വിതരണക്കാരും ആശുപത്രികളും ഈടാക്കിയിരുന്ന ഭീമമായ ലാഭവിഹിതം ഇല്ലാതാവും. സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ മരുന്നുകൾ ലഭ്യമാവുകയും ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button