അത്യന്തം നാടകീയം, ശ്രീലേഖ രാജി സന്ദേശം പിൻവലിച്ചു; തലസ്ഥാന ഭരണത്തിൽ ബിജെപിക്ക് വലിയ ആശ്വാസം, നേതൃത്വത്തിന്‍റെ അനുനയനീക്കങ്ങൾ ഫലം കണ്ടെന്ന് സൂചന

തിരുവനന്തപുരം: തലസ്ഥാന നഗര ഭരണത്തിൽ ബി ജെ പിക്ക് വലിയ ആശ്വാസം. പാർട്ടിയോട് കലഹിച്ച് കൗൺസിലർ സ്ഥാനം രാജിവയ്ക്കുന്നതായി പ്രഖ്യാപനം നടത്തിയ മുൻ ഡി ജി പി ആർ ശ്രീലേഖ രാജി സന്ദേശം പിൻവലിച്ചു. വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട രാജി സന്ദേശം ശ്രീലേഖ പിൻവലിച്ചതോടെ ബി ജെ പി സംസ്ഥാന നേതൃത്വവും തിരുവനന്തപുരം മേയർ വി വി രാജേഷും അടക്കമുള്ളവർ നടത്തിയ ശക്തമായ അനുനയ നീക്കങ്ങൾ ഫലം കണ്ടിരിക്കുകയാണെന്നാണ് വ്യക്തമാകുന്നത്. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെക്കില്ലെന്ന് ബി ജെ പി നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നെങ്കിലും അവർ പ്രതികരിച്ചിരുന്നില്ല. രാജി പിൻവലിക്കുന്നതിലും നിലവിലെ സംഭവവികാസങ്ങളിലും ശ്രീലേഖ ഇതുവരെ നേരിട്ട് പരസ്യമായ വിശദീകരണമൊന്നും നൽകിയിട്ടില്ല.ശ്രീലേഖ ആശുപത്രിയിൽ
രാജി നീക്കത്തിന് പിന്നിൽ പാർട്ടിയോടുള്ള അതൃപ്തിയല്ലെന്നും ശാരീരിക അസ്വസ്ഥതകളും ആരോഗ്യ പ്രശ്നങ്ങളുമാണെന്നാണ് ബി ജെ പി നേതാക്കൾ നടത്തിയ ഔദ്യോഗിക വിശദീകരണം. രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രീലേഖയെ സന്ദർശിച്ച ചിത്രം ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ജനറൽ സെക്രട്ടറി എസ് സുരേഷും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ആരോഗ്യകാരണങ്ങളാൽ ജനപ്രതിനിധിയുടെ ചുമതലകൾ പൂർണ്ണമായി നിർവ്വഹിക്കാൻ കഴിയാത്തതിലെ ആശങ്കയാണ് അവർ വേണ്ടപ്പെട്ടവരെ അറിയിച്ചതെന്നും, സഹായത്തിന് കൂടുതൽ ആളുകളെ ഏർപ്പെടുത്താമെന്ന് പാർട്ടി ഉറപ്പുനൽകിയതായി മേയർ വി വി രാജേഷും വ്യക്തമാക്കിയിരുന്നു.




