24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • തിരുവനന്തപുരം മെഡി. കോളജിൽ ഡോക്ടർമാർക്കുനേരെ ആക്രമണം; ഒരാൾ അറസ്റ്റിൽ
Uncategorized

തിരുവനന്തപുരം മെഡി. കോളജിൽ ഡോക്ടർമാർക്കുനേരെ ആക്രമണം; ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം∙ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാർക്കുനേരെ രോഗിയുടെ ആക്രമണം. ബാലരാമപുരം സ്വദേശി സുധീർ (45) ആണ് ആക്രമിച്ചത്. മെഡിക്കൽ കോളജ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ചൊവ്വാഴ്ച വൈകിട്ട് 7.45ഓടെയായിരുന്നു സംഭവം. ഡോക്ടർമാരുടെ പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ആശുപത്രി സംരക്ഷണ ഓർഡിനൻസ് വിജ്ഞാപനമിറങ്ങിയ ശേഷമുള്ള ആദ്യ കേസാണിത്.

ന്യൂറോ സർജറി വിഭാഗത്തിലെ സീനീയർ റസിഡന്റുമാരായ സന്തോഷ്, ശിവ ജ്യോതി എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഡിസ്ക് പ്രശ്നത്തെ തുടർന്ന് നടുവേദനയുമായി ചികിത്സയ്ക്ക് എത്തിയ ആളാണ് പ്രതി. ഇയാളുടെ ശസ്ത്രക്രിയയ്ക്കായി പരിശോധനങ്ങൾ നടത്തി വരികയായിരുന്നു. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരോട് ഇയാൾ തട്ടിക്കയറി. ഡോക്ടർമാരെ അസഭ്യം പറഞ്ഞതായും പറയുന്നു. സന്തോഷിന്റെ കഴുത്തിൽ കുത്തിപിടിച്ചു. ഇത് തടയാൻ എത്തിയ ശിവ ജ്യോതിക്ക് നേരെയും കയ്യേറ്റശ്രമമുണ്ടായി. തുടർന്ന് ഇയാളെ ആശുപത്രി ജീവനക്കാരും മറ്റുള്ളവരും ചേർന്ന് തടഞ്ഞു വയ്ക്കുകയായിരുന്നു.

2012ലെ കേരള ആരോഗ്യ രക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) ഭേദഗതി ഓർഡിനൻസിൽ ഗവർണർ ഇന്നലെ ഒപ്പിട്ടതോടെ നിയമം പ്രാബല്യത്തിൽ വന്നിരുന്നു. ആരോഗ്യപ്രവർത്തകർക്കുനേരെ അക്രമപ്രവർത്തനം ചെയ്യുകയോ ചെയ്യാൻ ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ പ്രചോദനം നൽകുകയോ ചെയ്താൽ 6 മാസത്തിൽ കുറയാതെ 5 വർഷം വരെ തടവു ശിക്ഷയും 50,000 രൂപയിൽ കുറയാതെ 2 ലക്ഷം രൂപ വരെ പിഴ ശിക്ഷയും ലഭിക്കും. വാക്കാലുള്ള അപമാനത്തിന് മൂന്നു മാസം വരെ തടവ്. അല്ലെങ്കിൽ 10000 രൂപ പിഴയോ തടവും പിഴയും ഒരുമിച്ചോ അനുഭവിക്കണം. അധിക്ഷേപമോ അവഹേളനമോ ഉദ്ദേശിച്ചുള്ള വാക്കുകൾ ഉപയോഗിക്കുന്നതും കുറ്റകരമാണ്.

ആരോഗ്യ പ്രവർത്തകനെ കഠിനമായ ദേഹോപദ്രവത്തിനു വിധേയനാക്കുകയാണെങ്കിൽ ഒരു വർഷത്തിൽ കുറയാതെ 7 വർഷം വരെ തടവു ശിക്ഷയും ഒരു ലക്ഷം രൂപയിൽ കുറയാതെ 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കും. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ.വന്ദന ദാസ് രോഗിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തെ തുടർന്നാണ് നിയമം ഭേദഗതി ചെയ്ത് ഓർഡിനൻസ് പുറപ്പെടുവിക്കാൻ തീരുമാനിച്ചത്.

Related posts

കേന്ദ്ര വിഹിതത്തിന്റെ നേട്ടം സംസ്ഥാനം എടുക്കേണ്ട’; പെൻഷൻ പണം നേരിട്ടെത്തും

Aswathi Kottiyoor

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

Aswathi Kottiyoor

സ്വകാര്യ ബസിന് നേരെ കല്ലെറിഞ്ഞ് യുവാവ്; ചില്ല് പൂർണ്ണമായി തകർന്നു, സംഭവം പാലക്കാട്

Aswathi Kottiyoor
WordPress Image Lightbox