രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ കേരളത്തിലെത്തി. തിങ്കളാഴ്‌ച രാവിലെ പത്തരയ്‌ക്ക് നിയമസഭാ മന്ദിരത്തിന്റെ സിൽവർ ജൂബിലി ആഘോഷം അദ്ദേഹം ഉദ്‌ഘാടനം ചെയ്യും. ഞായറാഴ്‌ച വൈകിട്ട് പത്നി സുദേഷ് ധൻകറിനൊപ്പം വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുത്തെത്തിയ ഉപരാഷ്ട്രപതിക്ക് വിമാനത്താവളത്തിൽ ആരിഫ് മുഹമ്മദ്ഖാൻ, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവർ ചേർന്ന് സ്വീകരിച്ചു. മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, പൊലീസ് മേധാവി അനിൽ കാന്ത്, അഡിഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച അദ്ദേഹം ഭാര്യസമേതം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി.
രാജ്‌ഭവനിൽ തങ്ങിയ അദ്ദേഹം തിങ്കളാഴ്‌ച രാവിലെ പത്തിന് ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കുന്ന പ്രഭാത വിരുന്നിൽ പങ്കെടുക്കും. പത്തരയ്‌ക്ക് നിയമസഭാമന്ദിരത്തിന്റ സിൽവർ ജൂബിലി ആഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്‌തശേഷം ഉപരാഷ്ട്രപതി പകൽ ഒന്നിന് കണ്ണൂരിലെത്തും. തുടർന്ന് റോഡുമാർഗം 2.25ന് തലശേരിയിലും വ്യോമസേനയുടെ ഹെലികോപ്‌റ്ററിൽ 3.30ന് ഏഴിമല നാവികസേന അക്കാദമിയിലുമെത്തും. വൈകിട്ട് 5.50ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഉപരാഷ്ട്രപതി ഡൽഹിയിലേക്ക് മടങ്ങും.