24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • പിണറായിയുടെ കേരള സ്റ്റോറി പെരും കള്ളം; യഥാര്‍ഥ കേരള സ്റ്റോറി അവതരിപ്പിച്ചത് പ്രതിപക്ഷം: സുധാകരന്‍
Uncategorized

പിണറായിയുടെ കേരള സ്റ്റോറി പെരും കള്ളം; യഥാര്‍ഥ കേരള സ്റ്റോറി അവതരിപ്പിച്ചത് പ്രതിപക്ഷം: സുധാകരന്‍


തിരുവനന്തപുരം∙ ‘യഥാര്‍ഥ കേരള സ്റ്റോറി’ എന്ന വ്യാജേന സര്‍ക്കാര്‍ കോടികള്‍ മുടക്കി നടത്തിയ പ്രചാരണത്തേക്കാള്‍ വസ്തുതാപരം പ്രതിപക്ഷം അവതരിപ്പിച്ച കുറ്റപത്രമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. സര്‍ക്കാരിന്റെ വ്യാജ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിനു പകരം ഹിതപരിശോധ നടത്താന്‍ തന്റേടമുണ്ടോയെന്ന് സുധാകരന്‍ ചോദിച്ചു. പിണറായി സര്‍ക്കാര്‍ ഏറെ തള്ളിമറിച്ച കെ-ഫോണ്‍ പദ്ധതിയുടെ തുക 1028 കോടിയായിരുന്നത് ബന്ധുക്കള്‍ക്ക് 500 കോടി വെട്ടിമാറ്റാന്‍ 1538 കോടിയാക്കി ഉയര്‍ത്തിയെന്നും സുധാകരൻ പരിഹസിച്ചു.

‘‘കേരളത്തിന്റെ യഥാര്‍ഥ അവസ്ഥ പ്രതിപക്ഷത്തിന്റെ കുറ്റപത്രം വരച്ചുകാട്ടിയപ്പോള്‍ മുഖ്യമന്ത്രി അവതരിപ്പിച്ച ‘യഥാര്‍ഥ കേരളാ സ്റ്റോറി’ പെരുംകള്ളവും ഉള്ളിപൊളിച്ചതുപോലെ ശുഷ്‌കവുമായിരുന്നു. മുന്‍ സര്‍ക്കാരുകളുടെ തുടര്‍ച്ചയും കേരളം കാലാകാലങ്ങളായി കൈവരിച്ച നേട്ടങ്ങളും സ്വന്തം പേരിനൊപ്പം ചേര്‍ത്ത് മുഖ്യമന്ത്രി കെട്ടുകാഴ്ചകളായി അവതരിപ്പിച്ചത് പരിഹാസ്യമാണ്. ഏഴു വര്‍ഷമായിട്ടും എടുത്തു പറയാന്‍ ഒരു നേട്ടമെങ്കിലും ഉണ്ടോ?’’– സുധാകരന്‍ ചോദിച്ചു.

‘‘പ്രചാരണത്തിനായി ഉയര്‍ത്തിക്കാട്ടിയ ആരോഗ്യ, വിനോദസഞ്ചാര മേഖലകളെ മുടിപ്പിച്ചുവെന്നതാണ് യാഥാര്‍ഥ്യം. സര്‍ക്കാര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍വച്ച് യുവ ഡോക്ടര്‍ക്ക് അക്രമിയുടെ കുത്തേറ്റിട്ടും ജീവന്‍ രക്ഷിക്കാന്‍ സ്വകാര്യ ആശുപത്രിയിലേക്ക് ഓടേണ്ടി വന്നുവെന്നതാണ് ആരോഗ്യ വകുപ്പിന്റെ ദയനീയാവസ്ഥ. സര്‍ക്കാരിന് ഏറ്റവും അഭിമാനകരമായി മാറേണ്ടിയിരുന്ന റോഡ് ക്യാമറ പദ്ധതി അഴിമതിയില്‍ മുങ്ങിയതോടെ അതിനെക്കുറിച്ച് പ്രചാരണത്തില്‍ പരാമര്‍ശം പോലുമില്ല. പിണറായി സര്‍ക്കാര്‍ ഏറെ തള്ളിമറിച്ച കെ-ഫോണ്‍ പദ്ധതിയുടെ തുക 1028 കോടിയായിരുന്നത് ബന്ധുക്കള്‍ക്ക് 500 കോടി വെട്ടിമാറ്റാന്‍ 1538 കോടിയാക്കി ഉയര്‍ത്തി. 14,000 പേര്‍ക്ക് ഇന്റര്‍നെറ്റ് കണക്‌ഷന്‍ നല്‍കാനായി ഇത്രയും കോടി മുടക്കിയത് എന്തൊരു വെട്ടിപ്പാണ്’ – സുധാകരൻ ചോദിച്ചു.

‘‘ഭവനരഹിതര്‍ക്ക് വീടുവച്ച് നല്‍കേണ്ട ലൈഫ് മിഷന്‍ പദ്ധതി കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ നിര്‍ജീവമായി. ഒരു വര്‍ഷം കൊണ്ട് 1.35 ലക്ഷം വ്യവസായ സംരംഭങ്ങള്‍ കേരളത്തില്‍ സൃഷ്ടിച്ചതായി ആര്‍ക്കും അറിവില്ല. കേരളത്തിന്റെ ചരിത്രത്തില്‍ ഒരിക്കലും ഇത്രയധികം നികുതി വര്‍ധനയും അവശ്യസേവനങ്ങളുടെ നിരക്കും കൂട്ടിയിട്ടില്ല. ജനത്തെ കുത്തിപ്പിഴിഞ്ഞിട്ടാണേലും കാരണഭൂതന്റെ വീട്ടില്‍ ഒന്നാന്തരം നീന്തൽക്കുളവും പശുത്തൊഴുത്തുമൊക്കെ നിര്‍മിക്കുകയും ഇടയ്ക്കിടയ്ക്ക് വിദേശത്തേക്ക് പോകുകയും ചെയ്യുന്നുണ്ടല്ലോ? കാട്ടില്‍ കിടക്കേണ്ട കാട്ടുപോത്ത്, ആന തുടങ്ങിയ വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി ജനങ്ങളെ കൊന്നൊടുക്കുന്നതിനെങ്കിലും പരിഹാരം ഉണ്ടാക്കാന്‍ പിണറായി വിജയന് കഴിയുമോ?’’– സുധാകരൻ ചോദിച്ചു.

Related posts

ഹീറ്ററിന് തീപിടിച്ച് പുതപ്പിലേക്ക് പടർന്നു; ഉറങ്ങിക്കിടന്ന 3 വയസുകാരിയും പിതാവും വെന്തുമരിച്ചു, ഭാര്യ ഐസിയുവിൽ

Aswathi Kottiyoor

കുട്ടികൾ പൂക്കൾ പറിച്ചു; അങ്കണവാടി ജീവനക്കാരിയുടെ മൂക്കറുത്ത് മധ്യവയസ്‌കൻ

Aswathi Kottiyoor

മലയാളി യുവതിയുടെ ഹർജി; വധുവിന് വീട്ടുകാർ നൽകുന്ന സമ്പത്തിൽ ഭർത്താവിന് അവകാശമില്ല, വ്യക്തമാക്കി സുപ്രീം കോടതി

Aswathi Kottiyoor
WordPress Image Lightbox