തൃശൂര്‍ പാലപ്പിള്ളിയിൽ വീണ്ടും പുലി; പശുവിനെ കൊന്ന് തിന്നു

തൃശൂര്‍ പാലപ്പിള്ളിയിലെ ജനങ്ങളെ ആശങ്കയിലാക്കി വീണ്ടും പുലിയിറങ്ങി. ജനവാസ മേഖലയില്‍ ഇറങ്ങിയ പുലി പശുവിനെ കൊന്നു. ഹാരിസണ്‍ എസ്റ്റേറ്റ് മാനേജരുടെ ബംഗ്ലാവിന് സമീപത്താണ് പുലിയിറങ്ങിയത്. പശുവിന്റെ ശരീര ഭാഗങ്ങള്‍ പുലി ഭക്ഷിച്ച നിലയില്‍ നാട്ടുകാരാണ് കണ്ടെത്തിയത്
തുടര്‍ച്ചയായി കാടു വിട്ടിറങ്ങുന്ന പുലികള്‍ ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ്. പാലപ്പിള്ളി മേഖലയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 10 ലേറെ വളര്‍ത്തുമൃഗങ്ങളെയാണ് പുലി ആക്രമിച്ച് കൊന്നത്.കഴിഞ്ഞയാഴ്ചയും ഇവിടെ പുലിയിറങ്ങി പശുവിനെ കൊന്നിരുന്നു. ജനവാസ മേഖലയില്‍ നിരന്തരം പുലിയിറങ്ങി ഭീതി പരത്തിയിട്ടും വനം വകുപ്പ് അധികൃതര്‍ വേണ്ട നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.പാലപ്പിള്ളി മേഖലയില്‍ മുമ്പ് പുലി ഇറങ്ങിയ പ്രദേശത്ത് പുലിയെ പിടികൂടുന്നതിനുവേണ്ടി വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നു. എന്നാല്‍ പുലിയെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. ഇതിനിടയിലാണ് വീണ്ടും ജനവാസ മേഖലയില്‍ എത്തിയ പുലി പശുവിനെ പിടികൂടിയത്. പാലപ്പിള്ളി പ്രദേശത്ത് കാട്ടാന ശല്യവും അതിരൂക്ഷമാണ്. പുലിയുടെ അക്രമണം ഭയന്നാണ് തോട്ടം, തൊഴിലാളികളും, ടാപ്പിങ്ങ് തൊഴിലാളികളും ഓരോ ദിവസവും ജോലിക്ക് പോകുന്നത്. എത്രയും പെട്ടെന്ന് പുലിയെ പിടികൂടാന്‍ വനം വകുപ്പിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



