20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • ചുമട്ടുതൊഴിലാളികളും ഇനി സ്‌മാർട്ട്‌ ; ലോഗോ പതിച്ച പുതിയ യൂണിഫോമും
Kerala

ചുമട്ടുതൊഴിലാളികളും ഇനി സ്‌മാർട്ട്‌ ; ലോഗോ പതിച്ച പുതിയ യൂണിഫോമും

ചുമട്ടുതൊഴിലാളികളെ തലയിൽക്കെട്ടും മുണ്ടുമുടുത്ത ചട്ടമ്പിവേഷക്കാരായി ചിത്രീകരിക്കുന്ന കാരിക്കേച്ചറുകൾ ഇനി പഴങ്കഥയാകും. ലോഗോ തുന്നിച്ചേർത്ത ചാരനിറത്തിലുള്ള ഷർട്ടും പാന്റ്‌സും ആണ്‌ പുതിയ വേഷം. തൊഴിൽ ആയാസരഹിതവും സുരക്ഷിതവുമാക്കുന്ന യന്ത്രോപകരണങ്ങളും അവരുടെ ജോലിയുടെ ഭാഗമാകും. സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായാണ്‌ ചുമട്ടുതൊഴിൽമേഖലയുടെ മുഖഛായമാറ്റുന്ന പരിഷ്‌കാരങ്ങൾ. മാറിയകാലത്തിനൊത്ത്‌ ചുമട്ടുതൊഴിലാളികളുടെ നൈപുണ്യവും പ്രൊഫഷണലിസവും പരിഷ്‌കരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന നവശക്തി പദ്ധതിയുടെ ഭാഗമായാണ്‌ ഈ പരിഷ്‌കരണം.

സംസ്ഥാനത്ത്‌ ആദ്യം എറണാകുളം ജില്ലയിൽ നടപ്പാകുന്ന പദ്ധതിയിൽ നൂറ്റമ്പതോളം ചുമട്ടുതൊഴിലാളികളാണുള്ളത്‌. ഇൻഫോപാർക്ക്‌, എടയാർ വ്യവസായ പാർക്ക്‌, ആലുവ ഐഎസ്‌ആർഒ യാർഡ്‌, പെപ്‌സി ഗോഡൗൺ ആലുവ എന്നിവിടങ്ങളിലെ കയറ്റിറക്ക്‌ തൊഴിലാളികളാണിവർ. ഫോർക്ക്‌ ലിഫ്‌റ്റ്‌, സ്‌റ്റാക്കേഴ്‌സ്‌, പല്ലറ്റ്‌ ജാക്ക്‌, മിനി ക്രയിൻ തുടങ്ങിയവ ഉപയോഗിക്കാനും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനും ഇവർ പരിശീലനം നേടിയിട്ടുണ്ട്‌. വിദഗ്‌ധ ഏജൻസികൾക്കുകീഴിലുള്ള ത്രിതല പരിശീലനമാണ്‌ ചുമട്ടുതൊഴിലാളി ക്ഷേമബോർഡ്‌ നൽകിയിട്ടുള്ളതെന്ന്‌ പദ്ധതിയുടെ നോഡൽ ഓഫീസർ ആർ ഹരികുമാർ പറഞ്ഞു. ഈ തൊഴിലാളികളുടെ വർക്‌ അലോട്ട്‌മെന്റ്‌, വേതനവിതരണം, ബോർഡിലേക്കുള്ള പണമടക്കൽ എന്നിവ ഓൺലൈനിലാക്കാനുള്ള സംവിധാനവും ഒരുങ്ങി. അടുത്തഘട്ടമായി സിയാൽ, കിയാൽ, ടെക്‌നോപാർക്ക്‌, കൊച്ചിൻ പോർട്ട്‌ എന്നിവിടങ്ങളിലെ തൊഴിലാളികളെയും പദ്ധതിയുടെ ഭാഗമാക്കും.

Related posts

മാ​ൻ​ഡ​സ് ചു​ഴ​ലി​ക്കാ​റ്റ് ഇ​ന്ന് ത​മി​ഴ്നാ​ട് തീ​രം തൊ​ടും

Aswathi Kottiyoor

കുറഞ്ഞ ചെലവിൽ ഗുണനിലവാരമുള്ള കെട്ടിടങ്ങൾ നിർമിക്കും : മന്ത്രി

Aswathi Kottiyoor

ടി. സി. എസ് ഡിജിറ്റൽ ഹബിന് ഇന്ന് (ജൂൺ 30) തറക്കല്ലിടും; 20,000 പേർക്ക് തൊഴിൽ ലഭ്യമാവുന്ന പദ്ധതി

Aswathi Kottiyoor
WordPress Image Lightbox